2025 ഏഷ്യാ കപ്പിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമേറിയ പോരാട്ടം ഇന്ന് (ഞായര്‍) ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആവേശമുള്‍ക്കൊണ്ടാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തില്‍ യു.എ.ഇയ്ക്കെതിരെ കൂറ്റന്‍ വിജയം നേടിയപ്പോള്‍ ഒമാനെതിരെയായിരുന്നു പാകിസ്ഥാന്റെ വിജയം.
എന്നാല്‍ മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചിരുന്നില്ല. ഇന്ന പാകിസ്ഥാനെതിരെ കളത്തിലിറങ്ങിയാല്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. മാത്രമല്ല സഞ്ജുവിനെ കാത്ത് ഒരു തകര്‍പ്പന്‍ റെക്കോഡും മത്സരത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പറത്തുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ എത്താനാണ് സഞ്ജുവിന് സാധിക്കുക. ഈ നേട്ടത്തില്‍ ഇതിഹാസം എം.എസ്. ധോണിയെ മറികടക്കാനും സഞ്ജുവിന് കഴിയും. അതിനായി സഞ്ജുവിന് ഇനി വേണ്ടത് 17 സിക്സറുകളാണ്. ഏഷ്യാകപ്പില്‍ ഇനിയുള്ള മത്സരങ്ങളില്‍ നിന്ന് സഞ്ജു റെക്കോഡ് സ്വന്തമാക്കുമെന്നാണ് ആരാധകരുടെ നിഘമനം.
ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍
എം.എസ്. ധോണി – 52
സഞ്ജു സാംസണ്‍ – 36
റിഷബ് പന്ത് – 35
ഇഷാന്‍ കിഷന്‍ – 17
കെ.എല്‍. രാഹുല്‍ – 12
ദിനേശ് കാര്‍ത്തിക് – 4
ജിതേഷ് ശര്‍മ – 4
അതേസമയം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ യു.എ.ഇയ്ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 93 പന്ത് ശേഷിക്കെയാണ് മെന്‍ ഇന്‍ ബ്ലൂ വിജയിച്ച് കയറിയത്.