ഒന്നാമന്‍ അഭിഷേക്, തൊട്ട് പിന്നില്‍ സഞ്ജു; ഓപ്പണിങ്ങിലെ 'ചേട്ടന്‍' ക്ലാസ്
Cricket
ഒന്നാമന്‍ അഭിഷേക്, തൊട്ട് പിന്നില്‍ സഞ്ജു; ഓപ്പണിങ്ങിലെ 'ചേട്ടന്‍' ക്ലാസ്
ഫസീഹ പി.സി.
Friday, 30th January 2026, 4:29 pm

2026 ടി – 20 ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കുകയാണ്. ടൂര്‍ണമെന്റിന് ഇനി എട്ട് ദിവസങ്ങള്‍ മാത്രമാണുള്ളത്. അതിനാല്‍ തന്നെ താരങ്ങളുടെയും ടീമുകളുടെയും പ്രകടനങ്ങളും സൂക്ഷ്മമായി തന്നെയാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വീക്ഷിക്കുന്നത്.

ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്റെ അവസാന പരമ്പരയായ ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ സന്ദര്‍ശനവും അതിനാല്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഈ പരമ്പരയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുന്ന താരം മലയാളി താരം സഞ്ജു സാംസണാണ്. താരത്തിന്റെ പ്രകടനങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ സജീവ ചര്‍ച്ച.

സഞ്ജു സാംസൺ. Photo: Team Samson/x.com

പരമ്പരയിലെ നാലാം മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചത്. മത്സരത്തില്‍ താരം 15 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 24 റണ്‍സാണ് നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ 10, 6, 0 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോര്‍.

ഈ നാല് മത്സരങ്ങളിലും ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കത്തോടെ സഞ്ജുവിന് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പല മുന്‍ താരങ്ങളും വിക്കറ്റ് കീപ്പര്‍ അവസരങ്ങള്‍ മുതലാക്കുന്നില്ലെന്ന് പറയുന്നുണ്ട്. ചിലര്‍ താരത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കാണമെന്നും അഭിപ്രായമുന്നയിക്കുന്നു.

എന്നാല്‍, മറ്റു ചിലര്‍ സഞ്ജുവിന് പിന്തുണ നല്‍കുകയും കുറച്ച് അവസരങ്ങള്‍ കൂടി നല്‍കണമെന്നും പറയുന്നുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരു വര്‍ഷത്തോളം ഫോം ഔട്ടായതും താരത്തിന് ടീമില്‍ നിന്ന് ലഭിച്ച പിന്തുണയെയും ചൂണ്ടിക്കാട്ടിയാണ് ഈ വാദം.

സഞ്ജു സാംസൺ. Photo: Team Samson/x.com

ഈ ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ സഞ്ജുവിന്റെ ചില സ്റ്റാറ്റ്സ് താരത്തിന്റെ ആരാധകര്‍ക്ക് വലിയ ആശ്വാസമാണ്. അത് സഞ്ജുവെന്ന ബാറ്ററുടെ ക്ലാസ് തെളിയിക്കുന്നത് കൂടിയാണ്. ഒരു കലണ്ടര്‍ ഇയറില്‍ മൂന്ന് ടി – 20 സെഞ്ച്വറികള്‍ നേടിയ ഏക താരം എന്ന നേട്ടം ഇതിന് ഉദാഹരണമാണ്.

അതിനൊപ്പം തന്നെ ചേര്‍ത്ത് വെക്കാന്‍ സാധിക്കുന്ന ഒന്ന് കൂടിയുണ്ട്. ടി – 20യില്‍ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ഓപ്പണര്‍മാരില്‍ താരത്തിന് നിലവില്‍ രണ്ടാം സ്ഥാനമുണ്ട്. 21 ഇന്നിങ്‌സില്‍ 176 സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്.

യശസ്വി ജെയ്സ്വാള്‍. Photo: Johns/x.com

ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി അഭിഷേക് ശര്‍മയാണ്. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 198 ആണ്. ഈ ലിസ്റ്റില്‍ മറ്റൊരു ഇന്ത്യന്‍കാരന്‍ കൂടിയുണ്ട്. അത് ഏറെ നാളായി ടി – 20 ടീമില്‍ അവസരം ലഭിക്കാത്ത യശസ്വി ജെയ്സ്വാളാണത്.

ടി – 20യില്‍ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ഓപ്പണര്‍മാര്‍ (മിനിമം 500 റണ്‍സ്)

(താരം – ഇന്നിങ്സ് – റണ്‍സ് – സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 33 – 1243 – 198

സഞ്ജു സാംസണ്‍ – 21 – 575 – 176

ട്രാവിസ് ഹെഡ് – 30 – 878 – 169

ഫില്‍ സാള്‍ട്ട് – 41 – 1462 – 168

യശസ്വി ജെയ്സ്വാള്‍ – 22 – 723 -164

Content Highlight: Sanju Samson is just behind Abhishek Sharma in best strike rate of T20I openers (minimum 500 runs)

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി