ടി-20 ലോകകപ്പിന്റെ ആരവം കെട്ടടങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിനാണ്. ഇപ്പോള്‍ ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ട മത്സരക്രമം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ ഏപ്രില്‍ 12 വരെയുള്ള മത്സരങ്ങളുടെ ക്രമമാണ് ഐ.പി.എല്ലില്‍ പ്രഖ്യാപിച്ചത്.
മാര്‍ച്ച് 28ന് ഡിഫന്റിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തങ്ങളുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാവും. മാര്‍ച്ച് 29ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ കൊല്‍ക്കത്തയെയും നേരിടും.
എന്നാല്‍ ആരാധകരില്‍ ഭൂരിഭാഗവും കാത്തിരിക്കുന്നത് മാര്‍ച്ച് 30ന് നടക്കുന്ന ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തിനാണ്. വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും പരസ്പരം ഏറ്റുമുട്ടാനിരിക്കുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
മിനി താരലോലത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുത്തിയാണ് ടീമുകള്‍ കളത്തിലിറങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സൂപ്പര്‍ താരം സഞ്ജു സാംസണെ ചെന്നൈ സ്വന്തമാക്കിയപ്പോള്‍ ചെന്നൈയില്‍ നിന്ന് സാം കറനെയും രവീന്ദ്ര ജഡേജയെയും ട്രേഡ് ചെയ്യുകയുണ്ടായി. ഇതു തന്നെയാണ് ഇരു ടീമുകളും തമ്മിലുള്ള ഓപ്പണിങ് ക്ലാഷിന്റെ പ്രത്യേകതയും.
ലോകകപ്പിന് ശേഷം പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയ സൂപ്പര്‍ താരം സഞ്ജു സാംസണിന് ഇത്തവണ ചെന്നൈക്ക് വേണ്ടി വമ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നാണ് ഏവരും പറയുന്നത്. ടി-20 ലോകകപ്പ് 2026ല്‍ ഇന്ത്യയുടെ കിരീട സ്വപ്നത്തെ മുന്നോട്ട് കൊണ്ടുപോയ ഒരു മികച്ച താരമാണ് സഞ്ജു. ടൂര്‍ണമെന്റിലെ താരമാകാനും സഞ്ജുവിന് സാധിച്ചു. ഇനി ചെന്നൈയിലെത്തുമ്പോള്‍ ആരാധകരുടെ വലിയ പിന്തുണയാകും സഞ്ജുവിന് ലഭിക്കുക.
മാത്രമല്ല ടി-20 ക്രിക്കറ്റ് കരിയറില്‍ തന്റെ അഞ്ചാം കിരീടം ലക്ഷ്യം വെച്ചാണ് സഞ്ജു കളത്തിലിറങ്ങുന്നത്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പ് ഉയര്‍ത്തിയ വര്‍ഷം സഞ്ജു ടീമിലുണ്ടായിരുന്നു. ശേഷം 2024 ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചില്ലെങ്കിലും കിരീടം നേടിയ ടീമിനൊപ്പം ചേരാന്‍ സഞ്ജുവിന് സാധിച്ചു. പിന്നീട് 2025ല്‍ കേരള പ്രീമിയര്‍ ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടി സഞ്ജു കീരീടമുയര്‍ത്തിയിരുന്നു. 2026 ടി-20 ലോകകപ്പ് കൂടി സ്വന്തമാക്കിയ സഞ്ജുവിന് ഇനി ഐ.പി.എല്ലില്‍ ചെന്നൈയുടെ തട്ടകത്തില്‍ കിരീടം നേടുന്നതാണ് അടുത്ത ലക്ഷ്യം.
വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിന്റെ വിശ്വസ്ത താരമായും ക്യാപ്റ്റനായും കളിച്ച സഞ്ജുവിന് ടീമിന് വേണ്ടി കിരീടമുയര്‍ത്താന്‍ സാധിച്ചില്ല. 2022ലെ ഐ.പി.എല്‍ ഫൈനലില്‍ എത്തിയെങ്കിലും ഗുജറാത്തിനോട് പരാജയപ്പെടുകയായിരുന്നു സഞ്ജുവും കൂട്ടരും. ഇത്തവണ ചീത്തപ്പേരുകള്‍ മാറ്റിയെടുത്ത ചെന്നൈക്കൊപ്പം സഞ്ജുവിന് ടി-20 കരിയറിലെ അഞ്ചാം കിരീടം നേടാന്‍ സാധിക്കുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്. അതേസമയം ചെന്നൈ ഇത്തവണ കപ്പുയര്‍ത്തിയാല്‍ ഐ.പി.എല്ലില്‍ ആറാം കിരീടം ചൂടാനും ടീമിന് സാധിക്കും.
Content Highlight: Sanju Samson is all set to win the title for Chennai in the IPL, the first match will be against Rajasthan