ടി-20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യ സെമിയിലെത്തിയത്. 50 പന്തില്‍ നാല് സിക്സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97* റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 194 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യിലെ ഒരു ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സമയം ബാറ്റ് ചെയ്ത താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ സ്വന്തം നേട്ടം തിരുത്തിയാണ് സഞ്ജു റെക്കോഡില്‍ കുതിച്ചത്. ലിസ്റ്റില്‍ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും വെട്ടിയാണ് സഞ്ജുവിന്റെ തേരോട്ടം.
അന്താരാഷ്ട്ര ടി-20യിലെ ഒരു ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സമയം ബാറ്റ് ചെയ്ത താരം, മിനിട്ട് (റണ്‍സ്), എതിരാളി, വര്‍ഷം
സഞ്ജു സാംസണ്‍ – 108 മിനിട്ട് (97*) – വെസ്റ്റ് ഇന്‍ഡീസ് – 2026
സഞ്ജു സാംസണ്‍ – 104 മിനിട്ട് (109*) – സൗത്ത് ആഫ്രിക്ക – 2024
രോഹിത് ശര്‍മ – 103 മിനിട്ട് (121*) – അഫ്ഗാനിസ്ഥാന്‍ – 2024
വിരാട് കോഹ്‌ലി – 103 മിനിട്ട് (80*) – ഇംഗ്ലണ്ട് – 2021
അതേസമയം സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേിരടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
Content Highlight: Sanju Samson In Great Record Achievement In T20I For India
