2026 ടി-20 ലോകകപ്പില്‍ ഐതിഹാസിക വിജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 246 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് നീലപ്പടയുടെ വിജയം.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നിര്‍ണായക മത്സരത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്.
വില്‍ ജാക്‌സിന്റെ പന്തിലായിരുന്നു താരം മടങ്ങിയത്.
മടങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡും സഞ്ജു സ്വന്തമാക്കിയിരുന്നു. ടി-20 ലോകകപ്പിലെ ഒരു എഡിഷനില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന മൂന്നാമത്തെ താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. നിലവില്‍ 38 ബൗണ്ടറികളാണ് സഞ്ജു ഈ ലേകകപ്പില്‍ നിന്ന് സ്വന്തമാക്കിയത്.
ഈ നേട്ടത്തില്‍ രണ്ടാമനായ രോഹിത് ശര്‍മയെ വെട്ടാന്‍ ഇനി സഞ്ജുവിന് വെറും രണ്ട് ബൗണ്ടറി കൂടി മതി. ലിസ്റ്റില്‍ ഒന്നാമനായി മുന്നേറുന്നത് ഇഷാന്‍ കിഷനാണ്. എന്നാല്‍ രോഹിത്തും കിഷനും എട്ട് ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ സൂപ്പര്‍ താരം സഞ്ജു വെറും നാല് ഇന്നിങ്‌സുകള്‍ മാത്രമാണ് ലോകകപ്പിലെ ഈ എഡിഷനില്‍ കളിച്ചത്.
ടി-20 ലോകകപ്പിലെ ഒരു എഡിഷനില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന താരം, ബൗണ്ടറി, ഇന്നിങ്‌സ്, വര്‍ഷം
ഇഷാന്‍ കിഷന്‍ – 43 – 8 – 2026*
രോഹിത് ശര്‍മ – 39 – 8 – 2024
സഞ്ജു സാംസണ്‍ – 38 – 4 – 2026*
സൂര്യകുമാര്‍ യാദവ് – 35 – 6 – 2022
വിരാട് കോഹ്‌ലി – 34 – 6 – 2014
അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ജേക്കബ് ബഥേലാണ്. 48 പന്തില്‍ നിന്ന് ഏഴ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 105 റണ്‍സ് നേടി റണ്‍ ഔട്ട് ആകുകയായിരുന്നു ബഥേല്‍. 218.75 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തതത്.
ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് മാര്‍ച്ച് എട്ടിന് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ഫൈനല്‍ മത്സരമാണ്. ഇന്ത്യയ്ക്ക് കപ്പ് നിലനിര്‍ത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം തങ്ങളുടെ കന്നി ടി-20 കിരീടം ലക്ഷ്യം വെച്ചാണ് കിവീസ് കളത്തിലിറങ്ങുന്നത്.
Content Highlight: Sanju Samson In Great Record Achievement In T20 world Cup 2026