ഒന്നല്ല, ഒറ്റ സിക്‌സില്‍ പറന്നത് ഇരട്ട നേട്ടം; ഏറെ നാളായി കാത്തിരുന്നാലെന്താ... സഞ്ജു യൂ ബ്യൂട്ടി!
Sports News
ഒന്നല്ല, ഒറ്റ സിക്‌സില്‍ പറന്നത് ഇരട്ട നേട്ടം; ഏറെ നാളായി കാത്തിരുന്നാലെന്താ... സഞ്ജു യൂ ബ്യൂട്ടി!
ശ്രീരാഗ് പാറക്കല്‍
Friday, 19th December 2025, 7:27 pm

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും മത്സരം അഹമ്മദാബാദില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. നിലവില്‍ രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 25 റണ്‍സാണ് ഇന്ത്യ നേടിയത്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും (നാല് പന്തില്‍ 7) അഭിഷേക് ശര്‍മയുമാണ് (എട്ട് പന്തില്‍ 18) ക്രീസിലുള്ളത്.

വൈസ് ക്യാപ്റ്റന്‍ ഗില്ലിന് പകരം അവസരം ലഭിച്ച സഞ്ജു രണ്ടാം ഓവറിലെ അവസാന പന്തില്‍ മാര്‍ക്കോ യാന്‍സനെ സിക്‌സര്‍ പറത്തിയാണ് തന്റെ വെടിക്കെട്ടിന് തുടക്കം കുറിച്ചത്. ഇതോടെ ഇരട്ട നേട്ടങ്ങളാണ് സഞ്ജു സ്വന്തമാക്കിയത്. ടി-20 കരിയറില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കാനും അന്താരാഷ്ട്ര ടി-20യില്‍ 1000 റണ്‍സ് പൂര്ത്തിയാക്കാനുമാണ് സഞ്ജുവിന് സാധിച്ചത്. ഏറെ നാള്‍ കാത്തിരുന്നാണ് സഞ്ജു ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കിയത്. പരമ്പരയില്‍ ഇപ്പോഴാണ് സഞ്ജുവിന് അവസരം ലഭിച്ചത്.

അതേസമയം മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ സഞ്ജുവിന് ഭാവിയില്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കൂ. അതില്‍ പ്രധാനപ്പെട്ടത് വരാനിരിക്കുന്ന ടി-20 ലോകകപ്പാണ്. ലോകകപ്പിനുള്ള സ്‌ക്വാഡ് നാളെ (ഡിസംബര്‍ 20) വരാനിരിക്കുമ്പോള്‍ സഞ്ജുവിന് സ്‌ക്വാഡില്‍ ഇടം നേടണമെങ്കില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കേണ്ടി വരും. ഇതോടെ ഇന്ന് സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു ജീവന്‍ മരണ പോരാട്ടം തന്നെയാണ്.

അതേസമയം മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലുള്ളത് ഇന്ത്യയാണ്. പരമ്പരയിലെ അവസാന മത്സരത്തില്‍ സമനില പിടിക്കാന്‍ പ്രോട്ടിയാസിന് വിജയം അനിവാര്യമാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ (വി.കെ), വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്മീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ഡൊണോവന്‍ ഫെരേര, ജോര്‍ജ് ലിന്‍ഡെ, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിഡി, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍

Content Highlight: Sanju Samson In Great Record Achievement

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ