450ല്‍ തിളങ്ങി സഞ്ജു; വൈഭവ് അടക്കമുള്ള വമ്പന്മാരെ മറികടന്ന് കുതിപ്പ്
Cricket
450ല്‍ തിളങ്ങി സഞ്ജു; വൈഭവ് അടക്കമുള്ള വമ്പന്മാരെ മറികടന്ന് കുതിപ്പ്
Sudev A
Saturday, 16th May 2026, 1:40 pm

2026 ഐ.പി.എല്ലില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തി മലയാളി താരം സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയുള്ള മത്സരത്തിന് ശേഷമാണ് സഞ്ജു റണ്‍ വേട്ടയില്‍ മുന്നേറ്റമുണ്ടാക്കിയത്. എട്ടാം സ്ഥാനത്താണ് നിലവില്‍ സഞ്ജു.

എല്‍.എസ്.ജിക്കെതിരെ 20 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. മൂന്ന് ഫോറുകളാണ് മലയാളി താരം നേടിയത്. 12 മത്സരങ്ങളില്‍ നിന്നും 450 റണ്‍സുമായാണ് സഞ്ജു എട്ടാം സ്ഥാനത്തെത്തിയത്.

റിയാന്‍ റിക്കല്‍ട്ടണ്‍, കൂപ്പര്‍ കനോലി, പ്രഭ്‌സിമ്രാന്‍ സിങ്, വൈഭവ് സൂര്യവംശി എന്നിവരെ മറികടന്നാണ് സഞ്ജുവിന്റെ കുതിപ്പ്. 467 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്ലും ലഖ്നൗ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷുമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.

എന്നാല്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ച്
സ്ഥാനങ്ങളില്‍ മാറ്റമില്ല. ഹെന്റിക് ക്ലാസനാണ് ഒന്നാമതുള്ളത്. 508 റണ്‍സാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം നേടിയത്. സായ് സുദര്‍ശന്‍ 501 റണ്‍സുമായി രണ്ടാം സ്ഥാനത്തും 4984 റണ്‍സുമായി വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തുമുണ്ട്. അഭിഷേക് ശര്‍മ(481), കെ.എല്‍ രാഹുല്‍(477) എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

അതേസമയം ലഖ്നൗവിനെതിരെയുള്ള മത്സരത്തില്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. എല്‍.എസ്.ജിയുടെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ലഖ്‌നൗ ചെന്നൈയെ തകര്‍ത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ തോല്‍വിയോടെ ചെന്നൈ ആറാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. 12 പോയിന്റുള്ള ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് തുടങ്ങിയ വമ്പന്‍ ടീമുകള്‍ക്കെതിരെയാണ് ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങള്‍.

Content Highlight: Sanju Samson great move in orange cap list ipl 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.