ടി-20 ചരിത്രത്തിലാദ്യമായി ഇന്ത്യ അയര്‍ലാന്‍ഡിന് മുന്നില്‍ കീഴടക്കിയിരിക്കുകയാണ്. രണ്ട് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 34 റണ്‍സിന്റെ വമ്പന്‍ വിജയമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്.
സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ തോല്‍വിയോടെയാണ് തുടങ്ങിയത്. ഐറിഷ് പടക്കെതിരെ ഇതുവരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ എട്ട് വിജയം ഇന്ത്യ നേടിയപ്പോള്‍ ആദ്യമായാണ് ഐറിഷ് പട ഇന്ത്യ കീഴടക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത് അഭിഷേക് ശര്‍മയാണ്. 20 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരത്തിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ശിവം ദുബെ 14 പന്തില്‍ 25 റണ്‍സും തിലക് വര്‍മ 19 റണ്‍സും നേടി.
മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. നാല് പന്തില്‍ ഒരു ഫോര്‍ ഉള്‍പ്പെടെ അഞ്ച് റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. ജെയ് മോന്ദ്രയുടെ ആദ്യ പന്തില്‍ ഇന്‍സൈഡ് എഡ്ജില്‍ ബൗള്‍ഡായാണ് സഞ്ജു പുറത്തായത്. ഇന്ത്യയിലെ രാജസ്ഥാനില്‍ ജനിച്ച മോന്ദ്രയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.
सुनने में आ रहा है:-
संजू सैमसन को पहली गेंद पर जिस गेंदबाज ने आउट किया वो जय मूंदड़ा राजस्थान के टोंक जिले के रहने वाले थे। आज आयरलैंड की तरफ से इंटरनेशनल डेब्यू किया था।#Ireland#IREvsINDpic.twitter.com/pxdjdDrP3r
തന്റെ ആദ്യ ഇന്റര്‍നാഷണല്‍ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടി അരങ്ങേറ്റം ഗംഭീരമാക്കാനും മോന്ദ്രക്ക് സാധിച്ചു. ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നല്‍കി മടങ്ങിയതോടെ ഒരു മോശം റെക്കോഡും സഞ്ജുവിന്റെ പേരിലായി മാറി. ടി-20യില്‍ ഒരു അരങ്ങേറ്റ താരത്തിന്റെ ആദ്യ പന്തില്‍ തന്നെ പുറത്താവുന്ന ആദ്യ ഇന്ത്യന്‍ താരമായയാണ് സഞ്ജു മാറിയത്.
അതേസമയം മത്സരത്തില്‍ അയര്‍ലാന്‍ഡിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മാത്യൂ ഹൊള്ളാഡ് ആണ്. 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്. മാത്യു ഹംഫ്രെയ്സ് 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ജെയ് മോന്ദ്ര രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ലിയാം മക്കാര്‍ത്തി, ഗാരെത് ഡിലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അയര്‍ലാന്‍ഡിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറാണ്. 36 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. താരത്തിന് പുറമെ മധ്യനിര താരം ഗാരെത് ഡിലാനി 32 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ജോര്‍ജ് ഡക്രല്‍ 19 റണ്‍സും നേടി മികവ് പുലര്‍ത്തി.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് ഹര്‍ഷിത് റാണയാണ് മൂന്ന് വിക്കറ്റാണ് താരം നേടിയത്. അര്‍ഷ്ദീപ് സിങ്ങും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റും നേടി തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ദുബെയാണ് നേടിയത്.
ഈ തകര്‍പ്പന്‍ വിജയത്തോടെ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും അയര്‍ലാന്‍ഡിന് സാധിച്ചു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.
സ്റ്റോര്‍മോണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് സ്വന്തം മണ്ണില്‍ ചരിത്ര പരമ്പര വിജയമായിരിക്കും അയര്‍ലാന്‍ഡ് ലക്ഷ്യം വെക്കുക. മറുവശത്ത് അവസാന മത്സരം കൈപ്പിടിയിലാക്കി സമനിലയാക്കാനാവും ശ്രേയസ് അയ്യരും സംഘവും കളത്തിലിറങ്ങുക.
Content Highlight: Sanju Samson create a unwanted record in T20 cricket