ചരിത്രത്തിലെ ആദ്യ ഇന്ത്യൻ; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു
Cricket
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു
സുദേവ് എ
Monday, 29th June 2026, 7:11 am

ചരിത്രത്തിലാദ്യമായി അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഒറ്റ മത്സരം പോലും വിജയിക്കാതെയാണ് ഇന്ത്യ സീരിസ് കൈവിട്ടത്.

അവസാന ടി-20യില്‍ ഒരു റണ്ണിനാണ് ഐറിഷ് പടയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലിറങ്ങിയ ആദ്യ പരമ്പര തന്നെ പരാജയപ്പെടുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒറ്റ സീരിസും പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു.

ഈ മത്സരത്തില്‍ ഏവരും ഉറ്റുനോക്കിയത് മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവിനായിരുന്നു. ആദ്യ മത്സരത്തില്‍ അഞ്ച് റണ്‍സ് നേടി മടങ്ങിയ സഞ്ജു ഈ മത്സരത്തിലും നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ സഞ്ജു പുറത്താവുകയായിരുന്നു. ആദ്യ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ ജയ് മൂന്ദ്ര തന്നെയാണ് ഇത്തവണയും മലയാളി താരത്തെ വീഴ്ത്തിയത്.

മറ്റൊരു മത്സരത്തില്‍ കൂടി ആദ്യ പന്തില്‍ പുറത്തായതോടെ ഒരു താരവും ആഗ്രഹിക്കാത്ത ഒരു മോശം റെക്കോഡും സഞ്ജുവിനെ തേടിയെത്തി. ഒരു ടി-20 ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ രണ്ട് തവണ പുറത്താവുന്ന ആദ്യ ഇന്ത്യന്‍ താരമായാണ് സഞ്ജു മാറിയത്.

ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ നടന്ന ടി-20 പരമ്പരയിലായിരുന്നു സഞ്ജു ആദ്യമായി ഇത്തരത്തില്‍ പുറത്തായത്. കിവീസിനെതിരായ മൂന്നാം ടി-20യില്‍ മാറ്റ് ഹെന്റിയുടെ പന്തിലായിരുന്നു മലയാളി താരത്തിന്റെ മടക്കം.

കെ.എല്‍ രാഹുല്‍, പൃഥ്വി ഷാ, രോഹിത് ശര്‍മ, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ തവണയും ഇത്തരത്തില്‍ പുറത്തായിട്ടുണ്ട്. രാഹുല്‍ 2021ല്‍ സിംബാബ് വേക്കെതിരെയാണ് ഗോള്‍ഡന്‍ ഡക്കായത്.

ഇതിന് ശേഷം 2021ല്‍ ശ്രീലങ്കക്കെതിരെ പൃഥ്വി ഷായും തൊട്ടടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത്തും ഇന്നിങ്‌സിലെ ആദ്യ പന്തില്‍ മടങ്ങി. അഭിഷേക് ശര്‍മ ഈ വര്‍ഷം നടന്ന കിവീസിനെതിരെയുള്ള മത്സരത്തിലാണ് പുറത്തായത്.

അതേസമയം മത്സരത്തില്‍ സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മയും പൂജ്യത്തിന് മടങ്ങി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (ഏഴ് പന്തില്‍ 10) അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനും (11 പന്തില്‍ 12) എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ തിലക് വര്‍മയാണ് പൊരുതി നിന്നത്. തിലക് വര്‍മ 46 പന്തില്‍ 55 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

അക്‌സര്‍ പട്ടേല്‍ (18 പന്തില്‍ 14) ശിവം ദുബെ (16 പന്തില്‍ 20) നേടി. ഒമ്പതാമനായി ഇറങ്ങിയ ഹര്‍ഷിത് റാണ അവസാന ഓവര്‍ വരെ പൊരുതി നിന്നെങ്കിലും പത്ത് പന്തില്‍ 21 റണ്‍സുമായി മടങ്ങി. പിന്നാലെത്തിയ പ്രിന്‍സ് യാദവ് നേരിട്ട പന്തില്‍ സിക്സടിച്ചെങ്കിലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ല.

ഇന്ത്യൻ ബൗളിങ്ങില്‍ അരങ്ങേറ്റക്കാരന്‍ പ്രിന്‍സ് യാദവാണ് മികച്ച പ്രകടനം പുറത്തെടുത്തത്. താരം മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കി. ശിവം ദുബൈയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ ഹര്‍ഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി.

മറുഭാഗത്ത് ജയ് മൂന്ദ്രയുടെയും മാത്യു ഹൊള്ളാര്‍ഡിന്റെയും ബൗളിങ് മികവാണ് അയര്‍ലന്‍ഡിന് വിജയം സമ്മാനിച്ചത്. ഐറിഷ്പടക്കായി മാത്യു ഹൊള്ളാര്‍ഡും ജയ് മൂന്ദ്രയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മാത്യു ഹംഫ്രെസ്, ഹാരി റെക്ടര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

ആദ്യം ബാറ്റ് ചെയ്ത ഐറിഷ് പടക്കയി ഹാരി ടെക്ടര്‍ അര്‍ധ സെഞ്ച്വറി നേടി. 47 പന്തില്‍ 53 റണ്‍സാണ് ടെക്ടര്‍ സ്വന്തമാക്കിയത്. ഒപ്പം ബെന്‍ കാലിറ്റ്സ് 23 പന്തില്‍ 37 റണ്‍സും ജോര്‍ജ് ഡോക്രെല്‍ 14 പന്തില്‍ 19 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. റോസ് അഡയര്‍ (ഏഴ് പന്തില്‍ 16), ലോര്‍ക്കന്‍ ടക്കര്‍ (18 പന്തില്‍ 15) എന്നിവരും രണ്ടക്കം കടന്നു.

 

Content Highlight: Sanju Samson create a unwanted record in T20 cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.