വിജയ് ഹസാരെയില്‍ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിനെതിരെ നടന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. മത്സരത്തില്‍ കേരളത്തിന്റെ മറുപടി ബാറ്റിങ്ങിനിടെയായിരുന്നു മലയാളി താരം ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. മത്സരത്തില്‍ 95 പന്തില്‍ 101 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ അടിച്ചെടുത്തത്.
സഞ്ജു സാംസണ്‍. Photo: Team Samson/x.com
ജാര്‍ഖണ്ഡിനെതിരെ സഞ്ജു ബൗണ്ടറി കടത്തിയത് മൂന്ന് സിക്സും ഒമ്പത് ഫോറുമാണ്. 106. 32 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റേന്തിയത്. കേരളത്തിനായി ഓപ്പണറായി ഇറങ്ങിയ താരം രോഹന്‍ കുന്നുമ്മലുമായി ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടും ഉയര്‍ത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് 212 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്.
ഏറെ കാലത്തെ ഇടവേളക്ക് ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ പാഡുകെട്ടിയാണ് സഞ്ജു ഈ വെടിക്കെട്ട് നടത്തിയതെന്നാണ് ശ്രദ്ധേയം. 2023 ഡിസംബറിലായിരുന്നു അവസാനമായി താരം 50 ഓവര്‍ മത്സരത്തിനായി മൈതാനത്ത് ഇറങ്ങിയത്. ആ മത്സരത്തിലും ഇപ്പോള്‍ രണ്ട് വര്‍ഷത്തിനിപ്പുറം സെഞ്ച്വറി നേടിയാണ് താരം തിരികെ കയറിയത് എന്നതും ഇതിനോട് ചേര്‍ത്ത് വെക്കണം.
പക്ഷേ ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചിട്ടും സഞ്ജു ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന് പുറത്ത് തന്നെയാണ്. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന ടീം പ്രഖ്യാപിക്കപ്പെട്ടപ്പോളും താരത്തിന് അവസരമില്ല.
സഞ്ജു സാംസണ്‍. Photo: BCCI/x.com
സഞ്ജു 2023ലെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനിടെയാണ് മലയാളി താരം ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയത്. അന്ന് നിര്‍ണായക മത്സരത്തില്‍ താരം 114 പന്തില്‍ 108 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദി മാച്ച് താരം സ്വന്തമാക്കി. അതിന് ശേഷം ഇന്ത്യയ്ക്ക് എന്നല്ല, കേരളത്തിന് വേണ്ടി പോലും താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
2024 വിജയ് ഹസാരെ ട്രോഫിയിൽ ടൂര്ണമെന്റിന് മുന്നോടിയായി നടന്ന സെലക്ഷന് ക്യാമ്പില് പങ്കെടുത്തിട്ടില്ല എന്ന് പറഞ്ഞ് കേരള ക്രിക്കറ്റ് അസോസിയേഷന് സഞ്ജുവിന് അവസരം നിഷേധിച്ചു. 2025ല് ഐ.സി.സി ചാമ്പ്യന്സ് ട്രോഫിക്കുള്ള ടീം സെലക്ഷനില് പോലും ഈ തീരുമാനം ബാധിക്കുമെന്ന് വ്യക്തമായിട്ട് പോലും കെ.സി.എ തങ്ങളുടെ നിലപാട് മയപ്പെടുത്തിയില്ല.
സഞ്ജു സാംസണ്‍. Photo: BCCI/x.comകേരള ടീമിന് പുറമെ ബി.സി.സി.ഐയും സഞ്ജുവിന് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. താരമൊരു ടോപ് ഓർഡർ ബാറ്ററാണെന്ന് പറഞ്ഞായിരുന്നു ഇന്ത്യൻ മാനേജ്‌മെന്റിന്റെ അവഗണന. എന്നാൽ മലയാളി വിക്കറ്റ് കീപ്പറുടെ ഏകദിന സെഞ്ച്വറി മിഡിൽ ഓർഡറിൽ കളിച്ചായിരുന്നു. ഈ അവഗണന തുടർന്നതോടെ ഇതുവരെ ഇന്ത്യൻ ടീമിലേക്ക് താരത്തിന് ഒരു തിരിച്ചുവരവിന് ഇതുവരെ സാധിച്ചിട്ടില്ല.
എന്നാലിപ്പോൾ ലിസ്റ്റ് എയിൽ കേരള ടീമിൽ വീണ്ടും സഞ്ജു സ്ഥാനം പിടിച്ചിട്ടുണ്ട്. ലഭിച്ച ആദ്യ അവസരത്തിൽ തന്നെ അത് സെഞ്ച്വറി നേടി താരം മികവുറ്റതുമാക്കി. പക്ഷേ, ഇന്ത്യൻ ടീമിലേക്കുള്ള മടക്കത്തിനായി ആരാധകരുടെ പ്രിയ ചേട്ടന് ഇനിയും എത്ര നാൾ ഈ കാത്തിരിപ്പ് തുടരേണ്ടി വരുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
Content Highlight: Sanju Samson hit century in his last two list a match; when he will return to Indian ODI team?