2026 ടി-20 ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഫെബ്രുവരി ഏഴിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇത്തവണ ലോകകപ്പ് മലയാളികളെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ തന്നെയാണ് അതിന് കാരണം. ഏറെ കഠിനാധ്വാനത്തിന്റെ ഫലമായി ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളിലെത്തിയത് മലയാളികള്‍ അത്രമാത്രം ആഘോഷിക്കുകയാണ്.
2024ലെ ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഒരുപാട് വിവേചനങ്ങള്‍ക്കും അവഗണനകള്‍ക്കും ശേഷം ടി-20 ഓപ്പണിങ് പൊസിഷനിലെത്തിയ സഞ്ജു പിന്നീട് മൂന്ന് സെഞ്ച്വറികളാണ് കഴിഞ്ഞ വര്‍ഷം അടിച്ച് കൂട്ടിയത്.
സഞ്ജു സാംസണ്‍- Photo: BCCI/x.com
എന്നിട്ടും വൈസ് ക്യാപ്റ്റന്‍ ഗില്ലിന് വേണ്ടി വഴിമാറി കൊടുക്കേണ്ടി വന്ന സഞ്ജു പിന്നീട് ഏഷ്യാ കപ്പില്‍ ഉറച്ച പൊസിഷനില്ലാതെ കളിക്കേണ്ടി വന്നിരുന്നു. എന്നാല്‍ തളരാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു. തന്നെ കരുതിവെച്ച പൊസിഷനില്‍ ഫ്‌ളെക്‌സിബിളായി കളിക്കാന്‍ സഞ്ജുവിന് സാധിച്ചു.
പിന്നീട് ലോകകപ്പ് റേസില്‍ ഓപ്പണങ് പൊസിഷനില്‍ പരാജയപ്പെട്ട ഗില്ലിനെ മാറ്റി നിര്‍ത്തിക്കൊണ്ട് സഞ്ജു അര്‍ഹിച്ച സ്ഥാനം നേടിയെടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ പോലും പിന്നിലാക്കിയാണ് സഞ്ജുവിന്റെ കുതിപ്പെന്ന് നിസ്സംശയം പറയാം.
2024 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടുന്ന താരങ്ങളുടെ പട്ടിക പരിശേധിക്കുമ്പോള്‍ ഇത് വ്യക്തമാണ്. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ സഞ്ജു. വെറും 23 ഇന്നിങ്‌സില്‍ നിന്ന് 658 റണ്‍സാണ് താരം അടിച്ചെടുത്തത്. ലിസ്റ്റില്‍ ഒന്നാമന്‍ അഭിഷേക് ശര്‍മയും രണ്ടാമന്‍ തിലക് വര്‍മയുമാണ്.