ഒടുവില്‍ വിരാടും! ഇനി സഞ്ജുവിന്റെ ഊഴം; ഡി വില്ലിയേഴ്‌സിന്റെ ലിസ്റ്റില്‍ നിന്നും പടിയിറങ്ങാന്‍ സാംസണ്‍
IPL
ഒടുവില്‍ വിരാടും! ഇനി സഞ്ജുവിന്റെ ഊഴം; ഡി വില്ലിയേഴ്‌സിന്റെ ലിസ്റ്റില്‍ നിന്നും പടിയിറങ്ങാന്‍ സാംസണ്‍
ആദര്‍ശ് എം.കെ.
Monday, 16th March 2026, 7:50 am

 

ലോകകപ്പിന്റെ ആവേശത്തില്‍ നിന്നും ക്രിക്കറ്റ് ലോകം ഐ.പി.എല്ലിന്റെ ആരവങ്ങളിലേക്ക് കാലെടുത്ത് വെക്കുകയാണ്. മാര്‍ച്ച് 28നാണ് ഐ.പി.എല്ലിന്റെ 19ാം സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയാണ് വേദി.

18 സീസണുകളായുള്ള കിരീടവരള്‍ച്ച അവസാനിപ്പിച്ചാണ് വിരാട് കോഹ്‌ലിയും ആര്‍.സി.ബിയും കഴിഞ്ഞ സീസണില്‍ വിജയം സ്വന്തമാക്കിയത്. കലാശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു ആര്‍.സി.ബിയുടെ കിരീടധാരണം.

കിരീടവുമായി ആർ.സി.ബി

ഈ വിജയത്തോടെ വിരാട് കോഹ്‌ലി ഒരു ലിസ്റ്റില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തിരുന്നു. ഫൈനല്‍ വിജയിക്കാതെ ഏറ്റവുമധികം ഐ.പി.എല്‍ മത്സരം കളിച്ച താരമെന്ന ‘നേട്ടമായിരുന്നു’ വിരാടിന്റെ പേരിലുണ്ടായിരുന്നത്. ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ഫൈനല്‍ ജയിച്ച് ആദ്യ കിരീടത്തില്‍ മുത്തമിടാനും തന്റെ ഐ.പി.എല്‍ കരിയര്‍ പൂര്‍ണമാക്കാനും കിങ് കോഹ്‌ലിക്ക് 18ാം സീസണ്‍ വരെ കാത്തിരിക്കേണ്ടി വന്നു.

വിരാട് കോഹ്‌ലി

വിരാട് പടിയിറങ്ങിയ ലിസ്റ്റില്‍ നിന്നും തന്റെ പേരും വെട്ടാനുള്ള ഒരുക്കത്തിലാണ് സഞ്ജു സാംസണ്‍. നിലവില്‍ ഫൈനല്‍ വിജയിക്കാതെ ഏറ്റവുമധികം മത്സരം കളിച്ച രണ്ടാമത് താരവും ആക്ടീവ് ക്രിക്കറ്റര്‍മാരില്‍ ഒന്നാമനുമാണ് സഞ്ജു.

ഐ.പി.എല്‍ ചരിത്രത്തില്‍ ഫൈനല്‍ വിജയിക്കാതെ ഏറ്റവുമധികം മത്സരം

(താരം – മത്സരം എന്നീ ക്രമത്തില്‍)

എ.ബി. ഡി വില്ലിയേഴ്‌സ് – 184

സഞ്ജു സാംസണ്‍ – 177

യൂസ്വേന്ദ്ര ചഹല്‍ – 174

അമിത് മിശ്ര – 162

അക്‌സര്‍ പട്ടേല്‍ – 162

കെ.എല്‍. രാഹുല്‍ – 145

ക്രിസ് ഗെയ്ല്‍ – 142

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 141

സന്ദീപ് ശര്‍മ – 137

റിഷബ് പന്ത് – 125

സഞ്ജു സാംസണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, യൂസി ചഹല്‍ എന്നിവരുടെ പേരില്‍ ഐ.പി.എല്‍ കിരീടങ്ങളുണ്ടെങ്കിലും ഇവര്‍ ഒരിക്കല്‍പ്പോലും ഫൈനല്‍ വിജയിച്ചിട്ടില്ല.

2012ലായിരുന്നു സഞ്ജുവിന്റെ കിരീടനേട്ടം. ആ വര്‍ഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡിനൊപ്പമായിരുന്നു സഞ്ജുവുണ്ടായിരുന്നത്. സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സാധിച്ചില്ലെങ്കിലും കൊല്‍ക്കത്തയ്‌ക്കൊപ്പം കിരീടമണിയാന്‍ സഞ്ജുവിന് സാധിച്ചു. മുംബൈയ്‌ക്കൊപ്പമായിരുന്നു മറ്റ് താരങ്ങളുടെ നേട്ടം.

2022 എഡിഷനിലെ ഫൈനലാണ് കളിച്ച മത്സരങ്ങളില്‍ സഞ്ജുവിന്റെ ഏറ്റവും വലിയ നേട്ടം. അന്ന് ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് കിരീടം അടിയറവ് വെക്കുകയായിരുന്നു.

റണ്ണേഴ്സ് അപ്പ് പുരസ്കാരം ഏറ്റുവാങ്ങുന്നു

ഇത്തവണ ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് സഞ്ജു കളത്തിലിറങ്ങുന്നത്. രാജസ്ഥാനില്‍ നിന്നും സ്വാപ് ഡീലിന്റെ ഭാഗമായാണ് സാംസണ്‍ മഞ്ഞക്കുപ്പായത്തിലെത്തിയത്.

രാജസ്ഥാന്റെ ഏറ്റവും മികച്ച താരമായും വോണിന് ശേഷം മികച്ച ക്യാപ്റ്റനായും ലെജന്‍ഡ് സ്റ്റാറ്റസ് നേടിയ ശേഷമാണ് സഞ്ജു ചെപ്പോക്കിലെത്തുന്നത്. രവീന്ദ്ര ജഡേജയെയും സാം കറനെയും പകരം നല്‍കിയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ സ്വന്തമാക്കിയത്.

സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി.

തന്റെ പഴയ ടീമിനെതിരെ സഞ്ജുവും ജഡേജയും തിളങ്ങുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 

Content Highlight: Sanju Samson becomes the second player in IPL history to play the most matches without winning the final

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.