ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 103 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സഞ്ജു സാംസണിന്റെയും അകീല്‍ ഹൊസൈനിന്റെയും കരുത്തിലാണ് ചെന്നൈയുടെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈക്ക് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 104 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ചെന്നൈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി. മാത്രമല്ല വിജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും മഞ്ഞപ്പടയ്ക്ക് സാധിച്ചു.
മത്സരത്തില്‍ ചെന്നൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് സൂപ്പര്‍ താരം സഞ്ജു സാംസണായിരുന്നു. 54 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജു വാംഖഡെയുടെ മണ്ണില്‍ താണ്ഡവമാടിയത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഐ.പി.എല്‍ കരിയറിലെ തന്റെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു.
മാത്രമല്ല ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ 200+ ടീം ടോട്ടലില്‍ ഏറ്റവും കൂടുതല്‍ തവണ സെഞ്ച്വറിയടിച്ച താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. ഈ സൂപ്പര്‍ നേട്ടത്തില്‍ വിന്‍ഡീസ് കരുത്തന്‍ ക്രിസ് ഗെയ്‌ലിനും ഇംഗ്ലണ്ടുകാരന്‍ ജോസ് ബട്‌ലറിനും ഒപ്പമെത്താനും സഞ്ജുവിന് സാധിച്ചു. ലിസ്റ്റില്‍ മൂവര്‍ക്കും പിന്നിലുള്ളത് വിരാട് കോഹ്‌ലിയാണ്.
Sanju Samson stepping up at Wankhede again 🤩
He is adjudged the Player of the Match for his hundred 🏅
ഐ.പി.എല്‍ ചരിത്രത്തില്‍ 200+ ടീം ടോട്ടലില്‍ ഏറ്റവും കൂടുതല്‍ തവണ സെഞ്ച്വറിയടിച്ചവര്‍
സഞ്ജു സാംസണ്‍ – 4
കിസ് ഗെയ്ല്‍ – 4
ജോസ് ബട്‌ലര്‍ – 4
വിരാട് കോഹ്‌ലി – 3
മത്സരത്തില്‍ സഞ്ജുവിന് പുറകെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 14 പന്തില്‍ 22 റണ്‍സും ഡെവാള്‍ഡ് ബ്രെവിസ് 11 പന്തില്‍ 21 റണ്‍സും സംഭാവന ചെയ്തു. മുംബൈക്ക് വേണ്ടി ബൗളിങ്ങില്‍ അല്ലാ ഗസന്‍ഫര്‍, അശ്വനികുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയും മിച്ചല്‍ സാന്റ്‌നറും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.
ബാറ്റിങ്ങില്‍ മുംബൈക്ക് വേണ്ടി കുറച്ചെങ്കിലും പിടിച്ചുനിന്നത് 36 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 37 റണ്‍സ് നേടിയ തിലക് വര്‍മയുമായിരുന്നു. ചെന്നൈയുടെ സൂപ്പര്‍ സ്പിന്നര്‍ അകീല്‍ ഹൊസൈനിന്റെ മിന്നും ബൗളിങ്ങിലാണ് മുംബൈയെ എളുപ്പം തകര്‍ക്കാന്‍ സാധിച്ചത്.
ഇംപാക്ട് പ്ലെയറായി വന്ന് ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗദരി, അന്‍ഷുല്‍ കാംബോജ്, ജെയ്മി ഓവര്‍ട്ടണ്‍ ഗുര്‍ജപ്‌നീത് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Sanju Samson Become The Most Century At 200+ Team Total In IPL