2026 ടി – 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ സംഘം കലാശപ്പോരിന് യോഗ്യത നേടിയിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ടീമിന്റെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 246 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ജേക്കബ് ബേഥല്‍ സെഞ്ച്വറിയുമായി പൊരുതിയെങ്കിലും ഫലം കണ്ടില്ല.
മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനവുമായി തിളങ്ങിയത് സഞ്ജു സാംസണാണ്. താരം 42 പന്തില്‍ 89 റണ്‍സാണ് എടുത്തത്. ഏഴ് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റ ഇന്നിങ്സ്. 211.90 എന്ന ഉഗ്രന്‍ സ്‌ട്രൈക്ക് റേറ്റിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബാറ്റ് വീശിയത്.
Photo: BCCI/x.com
ഈ ഇന്നിങ്സോടെ സഞ്ജു ഒരു സൂപ്പര്‍ നേട്ടത്തിലും തന്റെ പേര് എഴുതി ചേര്‍ത്തു. ഒരു ലോകകപ്പ് നോക്ക് ഔട്ട് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതെത്താനാണ് 31കാരന് സാധിച്ചത്. ഇംഗ്ലണ്ടിന് എതിരെയുള്ള സെമി ഫൈനലില്‍ 15 പന്തുകളാണ് അടിച്ച് അതിര്‍ത്തി കടത്തിയാണ് മലയാളി താരത്തിന്റെ ഈ നേട്ടം.
വിരേന്ദര്‍ സേവാഗിനെ മറികടന്നാണ് സഞ്ജു രണ്ടാം സ്ഥാനം നേടിയത്. 2003 ഏകദിന ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ 13 ബൗണ്ടറികള്‍ അടിച്ചിരുന്നു. നിലവില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മാത്രമാണ് സഞ്ജുവിന് മുന്നിലുള്ളത്. 2015 ഏകദിന ലോകകപ്പില്‍ ഹിറ്റ്മാന്‍ 17 ബൗണ്ടറികള്‍ അടിച്ചാണ് ഒന്നാമത് കൈപിടിയിലൊതുക്കിയത്.
ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.
Content Highlight: Sanju Samson became second batter to most boundaries for India in a World Cup knockout match