2026 ടി – 20 ലോകകപ്പ് മലയാളി താരം സഞ്ജു സാംസണിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കൂടിയാണ് സാക്ഷിയായത്. അവഗണനയും മോശം ഫോമും കാരണം പലപ്പോഴും പുറത്തിരിക്കേണ്ടി വന്ന താരത്തിന്റെ ഒരു പുത്തന്‍ മുഖമായിരുന്നു ഈ ലോകകപ്പില്‍ കണ്ടത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന താരം ഇന്ത്യ സൗത്ത് ആഫ്രിക്കയോട് തോല്‍വി വഴങ്ങിയതോടെയാണ് പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയത്.
പിന്നീടങ്ങോട്ട് സഞ്ജുവെന്ന താരത്തിന്റെ താണ്ഡവത്തിനാണ് ക്രിക്കറ്റ് ലോകം വീക്ഷിച്ചത്. സിംബാബ്വെയ്ക്കെതിരെ വെടിക്കെട്ട് തുടക്കം നല്‍കി മടങ്ങിയെങ്കിലും അവസാന മൂന്ന് മത്സരങ്ങളില്‍ താരം അര്‍ധ സെഞ്ച്വറിയുമായാണ് തിളങ്ങിയത്. വിര്‍ച്യുല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലുമെല്ലാം 31കാരന്‍ ടീമിന്റെ വിജയശില്പിയായി. വെസ്റ്റ് ഇന്‍ഡീസിന് എതിരെയും ഇംഗ്ലണ്ടിനെതിരെയും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും സ്വന്തമാക്കി.
ലോകകപ്പുമായി സഞ്ജു സാംസൺ. Photo: Crickettimes.com
ലോകകപ്പ് അവസാനിക്കുമ്പോള്‍ ടൂര്‍ണമെന്റ് താരമായാണ് സഞ്ജു തിരികെ മടങ്ങുന്നത്. താരത്തിന്റെ അക്കൗണ്ടില്‍ 321 റണ്‍സുമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തിലാണ് താരം ആദ്യം അര്‍ധ സെഞ്ച്വറി നേടിയത്. ആ മത്സരത്തില്‍ താരം 50 പന്തില്‍ പുറത്താവാതെ 97 റണ്‍സ് നേടിയിരുന്നു.
അതിന് ശേഷം നടന്ന മത്സരങ്ങളിലും സഞ്ജു ഈ മികവ് തുടര്‍ന്നു. ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സും ന്യൂസിലാന്‍ഡിനെതിരെ ഫൈനലില്‍ 46 പന്തല്‍ 89 റണ്‍സും താരം സ്‌കോര്‍ ചെയ്തു. ഇതോടെ മലയാളി വിക്കറ്റ്കീപ്പര്‍ ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിലെ വിജയം ആഘോഷിക്കുന്ന സഞ്ജു സാംസൺ. Photo: BCCI/x.com
ടി – 20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് 80+ റണ്‍സ് നേടുന്ന രണ്ടമത്തെ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയാണ് ആദ്യം ഈ നേട്ടം കൈപിടിയിലൊതുക്കിയത്. 2010ലായിരുന്നു താരത്തിന്റെ ഈ നേട്ടം.
അതിന് ശേഷം ഇപ്പോള്‍ സഞ്ജുവും ഈ നേട്ടത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ലോകകപ്പ് നേട്ടത്തിനൊപ്പം തന്നെ ഈ റെക്കോഡുകളും താരത്തിന്റെ പ്രകടനത്തിന്റെ മാറ്റ് കൂട്ടുകയാണ്.
Content Highlight: Sanju Samson became second batter to hit three consecutive 80+ runs in a T20 World Cup after Mahela Jayawardhane