സഞ്ജു ഇന്ത്യയുടെ 'ഒറ്റയാന്‍': ആറ്റിക്കുറുക്കിയ ഇന്നിങ്‌സില്‍ സൂപ്പര്‍ നേട്ടത്തില്‍
Cricket
സഞ്ജു ഇന്ത്യയുടെ 'ഒറ്റയാന്‍': ആറ്റിക്കുറുക്കിയ ഇന്നിങ്‌സില്‍ സൂപ്പര്‍ നേട്ടത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th September 2025, 4:27 pm

ഒമാനെതിരെ കഴിഞ്ഞ ദിവസം ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ കരുത്തനായത് മലയാളി താരം സഞ്ജു സാംസണായിരുന്നു. മത്സരത്തില്‍ 21 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി അടിച്ചാണ് സഞ്ജു തിളങ്ങിയത്.

മത്സരത്തില്‍ സഞ്ജു 45 പന്തുകള്‍ നേരിട്ട് 56 റണ്‍സാണ് സ്വന്തമാക്കിയത്. മൂന്ന് വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്ന താരത്തിന്റെ ഇന്നിങ്സ്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും ക്രീസില്‍ ഉറച്ച് നിന്ന് ഇന്നിങ്സ് പടുത്തുയര്‍ത്തിയാണ് താരം തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയയത്.

രണ്ടാം ഓവറില്‍ ക്രീസിലെത്തി 18ാം ഓവറുവരെ ബാറ്റ് ചെയ്താണ് താരം ടീമിന്റെ കരുത്തായത്. ഈ പ്രകടനത്തോടെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. ടൂര്‍ണമെന്റിലെ തന്റെ ആദ്യ അര്‍ധ സെഞ്ച്വറിയോടെ ഒരു സൂപ്പര്‍ നേട്ടവും സഞ്ജു സ്വന്തമാക്കി.

ടി – 20 ഏഷ്യാ കപ്പില്‍ അര്‍ധ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാവാനാണ് സഞ്ജുവിന് സാധിച്ചത്. മുമ്പ് 2022 ഏഷ്യാ കപ്പില്‍ കെ.എല്‍ രാഹുല്‍ 62 റണ്‍സ് എടുത്തിരുന്നു. എന്നാല്‍, റിഷബ് പന്തായിരുന്നു മത്സരത്തിലെ വിക്കറ്റ് കീപ്പര്‍. അതുകൊണ്ട് ഈ ടൂര്‍ണമെന്റില്‍ ബാറ്റിങ്ങിന് ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ താരത്തിന് ഈ നേട്ടത്തിലെത്താനായി.

അതേസമയം, ഒമാനെതിരെ സഞ്ജുവിന് പുറമെ, അഭിഷേക് ശര്‍മയും തിലക് വര്‍മയും മികച്ച പ്രകടനം കാഴ്ച വെച്ചു. അഭിഷേക് 15 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും അടക്കം 38 റണ്‍സെടുത്തു. തിലക് 18 പന്തില്‍ രണ്ട് സിക്സും ഒരു ഫോറും 29 റണ്‍സ് നേടി. അതോടെ ഒമാന് മുന്നില്‍ 189 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി.

അനാസായം കീഴടക്കാമെന്ന് സ്വപനം കണ്ടാണ് ഇന്ത്യ ബൗളിങ്ങിന് ഇറങ്ങിയത്. എന്നാല്‍ ഒമാന്‍ താരങ്ങള്‍ മികച്ച ചെറുത്തുനില്‍പ്പ് നടത്തി. അവര്‍ക്കായി ടീമിനായി ആമിര്‍ കലീമും ഹമ്മാദ് മിര്‍സയും അര്‍ധ സെഞ്ച്വറി സ്വന്തമാക്കി.

കലീം 46 പന്തില്‍ 64 സ്‌കോറും മിര്‍സ 33 പന്തില്‍ 51 റണ്‍സും അടിച്ചു. ഇവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് 33 പന്തില്‍ 32 റണ്‍സും നേടി. മികച്ച പോരാട്ട വീര്യം പുറത്തെടുത്തെങ്കിലും 167 റണ്‍സ് മാത്രം എടുക്കാന്‍ ഒമാന്‍ കഴിഞ്ഞുള്ളൂ.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവരും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlight: Sanju Samson became first Indian wicket keepar to score fifty in T20 Asia Cup