ഐ.പി.എല്ലില്‍ അല്ല, ഈ യുദ്ധം സഞ്ജുവും ബുംറയും തമ്മില്‍; എതിരാളിയായി മൂന്നാതൊരു പ്രോട്ടിയാസ് താരവും
Cricket
ഐ.പി.എല്ലില്‍ അല്ല, ഈ യുദ്ധം സഞ്ജുവും ബുംറയും തമ്മില്‍; എതിരാളിയായി മൂന്നാതൊരു പ്രോട്ടിയാസ് താരവും
ഫസീഹ പി.സി.
Monday, 6th April 2026, 2:53 pm

ഐ.സി.സി മാര്‍ച്ച് മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡിനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസണ്‍. മൂന്ന് പേരടങ്ങുന്ന പട്ടിക ഐ.സി.സി ഇന്നാണ് പുറത്ത് വിട്ടത്.

സഞ്ജുവിനൊപ്പം ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും ലിസ്റ്റിലുണ്ട്. മൂന്നാമാനായി സൗത്ത് ആഫ്രിക്കന്‍ യുവതാരം കോണര്‍ എസ്റ്റര്‍ഹുയിസെനാണുള്ളത്.

2026 ടി – 20 ലോകകപ്പിലെ മികവാണ് സഞ്ജുവിനേയും ബുംറയെയും അവാര്‍ഡിനുള്ള നോമിനേഷന്‍ പട്ടികയിയിലെത്തിച്ചത്. മാര്‍ച്ച് എട്ടിന് അവസാനിച്ച ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ ഇരുവരും നിര്‍ണായക പ്രകടനം നടത്തിയിരുന്നു.

സഞ്ജുവായിരുന്നു ലോകകപ്പിന്റെ താരമായിരുന്നത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഇടം ഇല്ലാതിരുന്ന വിക്കറ്റ് കീപ്പര്‍ പിന്നീട് തിരിച്ചെത്തി ഇന്ത്യയുടെ പ്രതീക്ഷയായി ഉയര്‍ന്നിരുന്നു. ടി – 20 ലോകകപ്പിലെ നിർണായകമായ മൂന്ന് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറിയുമായി താരം തിളങ്ങി.

സഞ്ജു സാംസൺ. Photo: BCCI/x.com

വെസ്റ്റ് ഇന്‍ഡീസിനെതിരെ 97*, ഇംഗ്ലണ്ടിനെതിരെ 89, ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89 എന്നിങ്ങനെയായായിരുന്നു സഞ്ജുവിന്റെ ഈ മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍. ടൂര്‍ണമെന്റില്‍ വെറും അഞ്ച് മത്സരങ്ങളില്‍ ഇറങ്ങിയ താരം 321 റണ്‍സ് നേടിയിരുന്നു ലോകകപ്പിന്റെ താരമായത്. ഈ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യയുടെ ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ മൂന്നാമത്തെ റണ്‍വേട്ടക്കാരനുമായാണ് മലയാളി ബാറ്റര്‍ ലോകകപ്പ് അവസാനിപ്പിച്ചത്.

ലോകകപ്പിലെ അവസാന ഘട്ടത്തിൽ ഇന്ത്യക്കായി പുറത്തെടുത്ത ബൗളിങ് മികവാണ് ബുംറയ്ക്ക് തുണയായത്. ലോകകപ്പ് തുടക്കത്തില്‍ വിക്കറ്റുകള്‍ ഒരുപാട് വീഴ്ത്താന്‍ സാധിച്ചിരുന്നിലെങ്കിലും പിന്നീട് താരം ടീമിന്റെ കുന്തമുനയായി മാറി.

2026 ടി – 20 ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ കളിച്ച ബുംറ 14 വിക്കറ്റുകളാണ് തന്റെ അക്കൗണ്ടിലെത്തിച്ചത്. ഫൈനലില്‍ കിവീസിനെതിരെ വിക്കറ്റ് വീഴ്ത്തിയ താരം പ്ലെയര്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കിയിരുന്നു. ഇത് ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ താരത്തെ ഒന്നാമതുമാക്കി. വരുണ്‍ ചക്രവര്‍ത്തിയോടൊപ്പമാണ് പേസര്‍ ഈ സ്ഥാനം പങ്കിട്ടത്.

2026 ടി – 20 ലോകകപ്പുമായി ജസ്പ്രീത് ബുംറ. Photo: Shebas/x.com

അതേസമയം, പ്രോട്ടിയാസ് താരം എസ്റ്റര്‍ഹുയിസെന്‍ സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് ടി – 20 പരമ്പരയിലെ പ്രകടനത്തിന്റെ കരുത്തിലാണ് ഈ ലിസ്റ്റിലേക്ക് പേര് ചേര്‍ത്തത്. അഞ്ച് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ താരം 200 റണ്‍സെടുത്തിരുന്നു. പ്രോട്ടിയാസിനായി അരങ്ങേറിയ മത്സരത്തില്‍ ടീമിന് പരമ്പര നേടികൊടുക്കുന്നതിലും താരം നിര്‍ണായകമായി.

കിവീസിനെതിരെയുള്ള അഞ്ചാം മത്സരത്തിലെ 75 റണ്‍സായിരുന്നു എസ്റ്റര്‍ഹുയിസെന്റെ പരമ്പരയിലെ ഉയര്‍ന്ന സ്‌കോര്‍. ഈ ഇന്നിങ്സാണ് പ്രോട്ടിയാസിന് പരമ്പര സമ്മാനിച്ചത്. ഇതാണ് താരത്തിനെ മാര്‍ച്ചിലെ താരങ്ങളുടെ നോമിനേഷനിലേക്ക് എത്തിച്ചത്.

പുരുഷ താരങ്ങളുടെ മാര്‍ച്ച് മാസത്തെ നോമിനികളെ പ്രഖ്യാപിച്ചതിനൊപ്പം വനിതാ താരങ്ങളുടെയും ലിസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ അമേലിയ കേര്‍, ഓസ്ട്രേലിയന്‍ താരം ബേത് മൂണി, സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ അയബോംഗ ഖാക്ക എന്നിവരാണ് ഈ ലിസ്റ്റിലുള്ളത്.

Content Highlight: Sanju Samson and Jasprit Bumrah nominated for ICC Player of the Month for March

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി