സഞ്ജു VS ഇഷാന്‍; മറ്റൊരു ക്ലാഷിന് കൂടി വഴിയൊരുങ്ങുന്നു!
Cricket
സഞ്ജു VS ഇഷാന്‍; മറ്റൊരു ക്ലാഷിന് കൂടി വഴിയൊരുങ്ങുന്നു!
ഫസീഹ പി.സി.
Tuesday, 20th January 2026, 11:57 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി – 20 ജനുവരി 21 മുതല്‍ തുടക്കമാവുകയാണ്. അഞ്ച് മത്സരങ്ങളാണ് ഈ പരമ്പരയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഏകദിന പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടുകയാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം.

കിവീസിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ വണ്‍ ഡൗണ്‍ ബാറ്ററായി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എത്തുമെന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. അങ്ങനെ ബ്ലാക്ക് ക്യാപ്സിനെതിരെ മൂന്നാം നമ്പറില്‍ ഇഷാന്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ ഒരു ക്ലാഷിന് കൂടി സാക്ഷ്യം വഹിക്കും.

മറ്റൊന്നിനുമല്ല, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ഇഷാനും തമ്മിലുള്ള പോരാട്ടത്തിനാണ്. കിവീസിനെതിരെയും ടി – 20 ലോകകപ്പിനുള്ള സ്‌ക്വാഡിലും ഇരുവരും ഇടം പിടിച്ചിട്ടുണ്ട്. സഞ്ജു ടി – 20 പരമ്പരയിലും ലോകകപ്പിലും ഓപ്പണറും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായിരിക്കുമെന്ന് നേരത്തെ ടീം മാനേജ്മന്റ് അറിയിച്ചിട്ടുണ്ട്.

സഞ്ജു സാംസണും ഇഷാൻ കിഷനും. Photo: Team Samson/x.com

പക്ഷേ, ഇരുവരും ഒന്നിച്ച് കിവീസിനെതിരെയുള്ള പരമ്പരയില്‍ കളത്തില്‍ ഇറങ്ങുമ്പോള്‍ തീര്‍ച്ചയായും ഇവരുടെ പ്രകടനങ്ങള്‍ വിലയിരുത്തപ്പെടും. ഇവരില്‍ ആരാണ് ടീമിന്റെ വിക്കറ്റ് കീപ്പറാവാന്‍ യോഗ്യനെന്ന താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവാനും സാധ്യതകള്‍ ഏറെയാണ്.

തങ്ങളുടെ ചെറിയ ഒരു പിഴവ് പോലും ടീമിന്റെ പുറത്തേക്കുള്ള വഴിയൊരുക്കുമെന്ന് ഇരുവരും നല്ല ബോധ്യമുണ്ടാവും. അതിനാല്‍ തന്നെ സഞ്ജുവും കിഷനും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ തന്നെ പുറത്തെടുക്കാനാവും ശ്രമിക്കുക. ആ പോരാട്ടം ആരാധകര്‍ക്ക് വമ്പന്‍ വിരുന്നായിരിക്കും സമ്മാനിക്കുക എന്നത് ഉറപ്പാണ്.

സഞ്ജു സാംസൺ. Photo: BCCI/x.com

ഈ പോരിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സഞ്ജുവും കിഷനും ഒരു തിരിച്ചുവരവ് നടത്തുന്ന പരമ്പരയായിരിക്കുമിത്. സഞ്ജു ഓപ്പണിങ്ങിലേക്കാണ് തിരിച്ചെത്തുന്നതെങ്കില്‍ കിഷനിത് നീല കുപ്പായത്തിലേക്ക് തന്നെയുള്ള മടക്കമാണ്.

കഴിഞ്ഞ മാസങ്ങളായി തനിക്ക് നിഷേധിക്കപ്പെട്ട ഓപ്പണിങ് സ്ഥാനമാണ് സഞ്ജുവിന് ഈ പരമ്പരയില്‍ ലഭിക്കുന്നത്. സെപ്റ്റംബറില്‍ ഏഷ്യാ കപ്പിനായി ശുഭ്മന്‍ ഗില്‍ ടീമിലെത്തിയതോടെ നഷ്ടമായതായിരുന്നു ഈ സ്ഥാനം. ആ സ്‌പോട്ടില്‍ മലയാളി താരമാണ് യോഗ്യനെന്ന് ടീം മാനേജ്‌മെന്റ് തിരിച്ചറിഞ്ഞ് ബാറ്ററെ അവിടേക്ക് തന്നെ അവരോധിക്കപ്പെട്ടത്.

ഇഷാൻ കിഷൻ. Photo: ʀᴏʜɪɴᴀᴛɪᴏɴ⁴⁵/x.com

സഞ്ജു ടീമില്‍ തന്നെ ഉണ്ടായിരുന്നെങ്കില്‍ കിഷന്‍ രണ്ട് വര്‍ഷ കാലമായി ടീമിന് പുറത്തായിരുന്നു. ജാര്‍ഖണ്ഡ് ക്യാപ്റ്റനിത് 2023ന് ശേഷമുള്ള തിരിച്ചുവരവ് മത്സരമാണ്. അതിലാകട്ടെ താരത്തിന് മൂന്നാം സ്ഥാനവും ലഭിച്ചിരിക്കുന്നു.

അത്തമൊരു തിരിച്ചുവരവില്‍ തങ്ങളെ അവഗണിച്ചവര്‍ക്കുള്ള മറുപടിയാവും സഞ്ജുവും കിഷനും കിവികള്‍ക്ക് എതിരെയുള്ള പരമ്പരയില്‍ നടത്തുക. അങ്ങനെയെങ്കില്‍ ഈ പരമ്പര കളറാകും.

Content Highlight: Sanju Samson and Ishan Kishan will play in T20i series against New Zealand

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി