തീപ്പൊരി പാറക്കും; വേള്‍ഡ് കപ്പ് റേസിനിടയില്‍ കൊമ്പ് കോര്‍ക്കാന്‍ സഞ്ജുവും ഇഷാന്‍ കിഷനും!
Sports News
തീപ്പൊരി പാറക്കും; വേള്‍ഡ് കപ്പ് റേസിനിടയില്‍ കൊമ്പ് കോര്‍ക്കാന്‍ സഞ്ജുവും ഇഷാന്‍ കിഷനും!
ശ്രീരാഗ് പാറക്കല്‍
Thursday, 1st January 2026, 5:37 pm

2026ലെ ടി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിട്ടപ്പോള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ എത്തിയത് ക്രിക്കറ്റ് പ്രേമികളെ ഏറെ ആവേശത്തിലാക്കിയിരുന്നു. മോശം ഫോമില്‍ തുടര്‍ന്ന വൈസ് ക്യാപ്റ്റനും ഓപ്പണറുമായിരുന്ന ശുഭ്മന്‍ ഗില്ലിനെ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയാണ് സഞ്ജു അര്‍ഹിച്ച സ്ഥാനത്തേക്ക് ചേക്കേറിയത്.

എന്നിരുന്നാലും ഏകദിന ഫോര്‍മാറ്റില്‍ സഞ്ജുവിന്റെ സാധ്യതങ്ങള്‍ ഏറെ കുറേ മങ്ങുന്ന സാഹചര്യങ്ങളാണ് മുന്നിലുള്ളത്. ഫോര്‍മാറ്റിലേക്കുള്ള തിരിച്ചുവരവിന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫില്‍ കേരള ടീമിന്റെ സ്‌ക്വാഡില്‍ സഞ്ജു സ്ഥാനം പിടിച്ചിരുന്നെങ്കിലും ആദ്യ നാല് മത്സരങ്ങളിലും താരം ടീമിന്റെ പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല.

ഇഷാന്‍ കിഷന്‍ – Photo: probatesman.com
സഞ്ജു സാംസണ്‍ – Photo: the Hindu.com

കഴിഞ്ഞ തവണ കെ.സി.എയുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായതോടെ സഞ്ജുവിന് വിജയ് ഹസാരെയില്‍ കേരളത്തിനായി തളിക്കാന്‍ സാധിച്ചിരുന്നില്ല ഇത് സഞ്ജുവിന്റെ ദേശീയ സെലഷനെ ബാധിച്ചിരുന്നു. ഇപ്പോള്‍ സ്‌ക്വാഡിലുണ്ടായിട്ടും സഞ്ജു കേരളത്തിനായി കളിക്കാത്തത് ആരാധകരിലും ക്രിക്കറ്റ് നിരീക്ഷകരിലും ചര്‍ച്ചയായിട്ടുണ്ട്.

മാത്രമല്ല ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നതിനായി റിതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദേവ്ദത്ത് പടിക്കല്‍ ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയ ഒട്ടനവധി താരങ്ങള്‍ വിജയ് ഹസാരെയില്‍ തിളങ്ങുമ്പോള്‍ സഞ്ജു കേരളത്തിന്റെ പ്ലെയിങ് ഇലവനില്‍ ഇല്ലാത്തത് ആശങ്ക ഉളവാക്കുന്നതാണ്. താരത്തിന് പരിക്കുകള്‍ ഉള്ളതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല.

അതേസമയം ഏകദിനത്തില്‍ മികച്ച സ്റ്റാറ്റ്സ് ഉണ്ടായിട്ടും സഞ്ജുവിനെ ബി.സി.സി.ഐ പലവട്ടം തഴഞ്ഞിരുന്നു. 2023 ഡിസംബറിലാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിക്കുന്നത്. സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരത്തില്‍ സെഞ്ച്വറിയടിച്ചാണ് താരം തിളങ്ങിയതും. 113 പന്തില്‍ 108 റണ്‍സ് നേടിയാണ് സഞ്ജു ഏവരുടേയും പ്രശംസ പറ്റിയത്.

തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും വിജയ് ഹസാരെയില്‍ സഞ്ജു തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയ സഞ്ജുവിന്റെ ഫോട്ടോയും കൂട്ടിവായിക്കുമ്പോള്‍ വിജയ് ഹസാരെ ട്രോഫിയിലെ അഞ്ചാം മത്സരത്തില്‍ സഞ്ജു കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ജനുവരി മൂന്നിന് കേരളത്തിന്റെ എതിരാളി സൂപ്പര്‍ താരം ഇഷാന്‍ കിഷന്‍ നയിക്കുന്ന ജാര്‍ഖണ്ഡാണ്. നിലവില്‍ ടി-20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ ഇരുവരും റേസിലുണ്ട്. ഇതോടെ വരാനിരിക്കുന്ന മത്സരത്തില്‍ സഞ്ജുവിന്റെയും കിഷന്റെയും ശക്തിപ്രകടനത്തിന് കൂടിയാണ് വേദിയൊരുങ്ങുന്നത്. നിലവില്‍ വിജയ് ഹസാരെയില്‍ മികച്ച പ്രകടനമാണ് കിഷന്‍ കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ താരം സെഞ്ച്വറിയടിച്ചിരുന്നു.

ലോകകപ്പിന് മുന്നോടിയായി ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന മത്സരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ജനുവരി 11നാണ് മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര തുടങ്ങുന്നത്. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Content Highlight: Sanju Samson and Ishan Kishan set to clash in Vijay Hazare Trophy

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ