സഞ്ജൂ.. വിട്ടുകൊടുക്കൂവെന്ന് മനസ് പറഞ്ഞു; തുറന്നുപറഞ്ഞ് ചേട്ടന്‍
Cricket
സഞ്ജൂ.. വിട്ടുകൊടുക്കൂവെന്ന് മനസ് പറഞ്ഞു; തുറന്നുപറഞ്ഞ് ചേട്ടന്‍
ഫസീഹ പി.സി.
Monday, 11th May 2026, 9:18 am

2026 ടി – 20 ലോകകപ്പിന് മുന്നോടിയായി നടന്ന പരമ്പരയിലെ മോശം ഫോമിനെയും ഇന്ത്യന്‍ പ്ലെയിങ് ഇലവനിലെ സ്ഥാന നഷ്ടത്തെയും കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസണ്‍. ഇഷാന്‍ കിഷന്റെ ടീമിലെ കടന്നുവരവ് മുമ്പൊരിക്കലുമില്ലാത്ത സമ്മര്‍ദം നല്‍കിയെന്നും അതില്‍ നിന്ന് തനിക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു.

ഇഷാന്‍ കിഷന് അര്‍ഹതയുണ്ടെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും തിരുവനന്തപുരത്തെ സെഞ്ച്വറിയോടെ തന്റെ സ്ഥാനം അവന് വിട്ടുകൊടുക്കൂവെന്ന് മനസ് പറഞ്ഞുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോഡ്കാസ്റ്റില്‍ അഭിനവ് മുകുന്ദനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

സഞ്ജു സാംസണും അഭിനവ് മുകുന്ദും. Photo; Screengrab/Chennai Super Kings/youtube.com

‘ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ ഞാന്‍ സമ്മര്‍ദത്തിലായി. ഇങ്ങനെയൊന്ന് ഞാന്‍ ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിരുന്നില്ല. എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിച്ചില്ല. ഞാന്‍ സാധാരണ പോലെ പരിശീലനം തുടര്‍ന്നുകൊണ്ടേയിരുന്നു. മറുവശത്ത് ഇഷാന്‍ കിഷന്‍ ടീമിലേക്ക് എവിടെ നിന്നോ വന്നുവെന്നതും അവന്‍ മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയെന്നുമുള്ളത് മനസിലേക്ക് കടന്നുവന്നു.

ഇഷാന്‍ ജാര്‍ഖണ്ഡിനായി കപ്പ് നേടിക്കൊടുത്തു. അതിനാല്‍ തന്നെ അവന് അര്‍ഹതയുണ്ടെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ നമ്മള്‍ ഇപ്പോഴും നമ്മളെ മാത്രമേ നോക്കൂ. ഈ അവസരത്തിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് ഞാന്‍ കരുതി. പക്ഷേ, ഇഷാന്‍ കഴിഞ്ഞ രണ്ട് വര്‍ഷം ടീമിന് പുറത്തായിരുന്നുവെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കഠിനാധ്വാനം ചെയ്താണ് ഈ സ്ഥാനം നേടിയെടുത്തത്.

പരമ്പരയില്‍ ഇഷാന്‍ സ്‌കോര്‍ ചെയ്ത് തുടങ്ങിയതോടെ അവന്‍ എന്റെ സ്ഥാനത്തേക്ക് വരികയാണെന്ന് എനിക്ക് മനസിലായി. തിരുവന്തപുരത്ത് അവന്‍ സെഞ്ച്വറിയടിച്ചതോടെ സഞ്ജൂ വിട്ടുകൊടുക്കൂ, അവനതിന് അര്‍ഹതയുണ്ടെന്ന് മനസ് പറഞ്ഞു. നിനക്ക് അവസരം കിട്ടിയെങ്കിലും സ്‌കോര്‍ ചെയ്തില്ല. അവന്‍ മികച്ച ഫോമിലാണ്. അതിനാല്‍ നിന്നെക്കാള്‍ അവന്‍ അത് അര്‍ഹിക്കുന്നുവെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു,’ സഞ്ജു പറഞ്ഞു.

2026 ലോകകപ്പിനിടെ സഞ്ജു സാംസൺ. Photo: BCCI/x.com

2026 ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വെറും 46 റണ്‍സ് മാത്രമെടുത്തതോടെ താരത്തിന് ലോകകപ്പിന്റെ തുടക്കത്തില്‍ ടീമിലെ സ്ഥാനം നഷ്ടമായി. പിന്നീട് അഭിഷേക് ശര്‍മയ്ക്ക് അസുഖം വന്നതോടെ ഒരു മത്സരത്തില്‍ കളിച്ചെങ്കിലും അഭി തിരിച്ചെത്തിയപ്പോള്‍ ടീമിലെ സ്ഥാനം നഷ്ടമായി.

എതിരാളികള്‍ ലെഗ് സ്പിന്നേഴ്സിനെ ഉപയോഗിച്ച് ഇന്ത്യന്‍ ഓപ്പണിങ് ജോഡിയെ ബുദ്ധിമുട്ടിച്ചതോടെ സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചു. ടീമിലേക്ക് തിരിച്ചെത്തിയ താരം ഹാട്രിക് അര്‍ധ സെഞ്ച്വറിയുമായി സ്വപ്നതുല്യമായ പ്രകടനം നടത്തി. 97*, 89, 89 എന്നിങ്ങനെയായിരുന്നു അവസാന മൂന്ന് മത്സരങ്ങളിലെ താരത്തിന്റെ സ്‌കോറുകള്‍. ഇന്ത്യ കിരീടം നിലനിര്‍ത്തിയപ്പോള്‍ ഫൈനലിലടക്കം ബാറ്റ് കൊണ്ട് തിളങ്ങിയ താരത്തെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടം തേടിയെത്തുകയും ചെയ്തു.

Content Highlight: Sanju Samson about his poor form in the series leading up to the 2026 T20 World Cup and his loss of a place in the Indian playing XI

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി