യുദ്ധം ഫിന്നും സഞ്ജുവും തമ്മില്‍... പിന്നില്‍ ദുബെയും; ഫൈനലില്‍ 'ഹിറ്റാകുന്നത്' ആര്?
Cricket
യുദ്ധം ഫിന്നും സഞ്ജുവും തമ്മില്‍... പിന്നില്‍ ദുബെയും; ഫൈനലില്‍ 'ഹിറ്റാകുന്നത്' ആര്?
ശ്രീരാഗ് പാറക്കല്‍
Saturday, 7th March 2026, 8:40 pm

2026 ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. നാളെ (മാര്‍ച്ച് എട്ടിന്) ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ അവസാന അങ്കം അരങ്ങേറുകയാണ്. ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടത്തില്‍ മുത്തമിടാന്‍ ഒരുങ്ങുമ്പോള്‍ കന്നി ടി-20 കിരീടം ലക്ഷ്യം വെച്ചാണ് കിവീസ് കളത്തിലിറങ്ങുന്നത്.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. കരുത്തരായ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് ഫൈനല്‍ ടിക്കറ്റ് എടുത്തത്. ഫൈനലില്‍ ന്യൂസിലാന്‍ഡിന്റെ ശ്രദ്ധാ കേന്ദ്രം ഓപ്പണര്‍ ഫിന്‍ അലനാണ്. അതേസമയം ഇന്ത്യയ്ക്ക് ഓപ്പണര്‍ സഞ്ജു സാംസണും പ്രധാന താരമാണ്.

സഞ്ജു സാംസണ്‍

അവസാന പോരില്‍ സത്യത്തില്‍ ഇരുവരും തമ്മില്‍ മറ്റൊരു പോരാട്ടവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2026 ടി-20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം എന്ന നേട്ടത്തില്‍ ആരാകും മുന്നേറുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റൊരു വിഷയം.

നിലവില്‍ ഫിന്‍ അലന്‍ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 20 സിക്‌സറുകള്‍ നേടിയെങ്കിലും സഞ്ജു ഈ നേട്ടത്തില്‍ വെറും നാല് സിക്‌സ് അകലെയാണ്. വെറും നാല് ഇന്നിങ്‌സില്‍ നിന്നാണ് സഞ്ജു സിക്‌സടിയില്‍ മുന്നേറിയത്. നേട്ടത്തില്‍ സഞ്ജുവിന് പിന്നില്‍ 15 സിക്‌സുമായി ശിവം ദുബെ സ്ഥാനം നേടിയിട്ടുണ്ട്. അതേസമയം ഫൈനലില്‍ സഞ്ജുവിന് നാല് സിക്‌സറുകള്‍ നേടുന്നതിനൊപ്പെം ഈ നേട്ടത്തില്‍ വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയരാനും സാധിക്കും.

2026 ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, ഇന്നിങ്‌സ്, സിക്‌സ്

ഫിന്‍ അലന്‍ (ന്യൂസിലാന്‍ഡ്) – 7 – 20

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (വെസ്റ്റ് ഇന്‍ഡീസ്) – 7 – 19

സഞ്ജു സാംസണ്‍ (ഇന്ത്യ) – 4 – 16

ദാസുന്‍ ഷനക (ശ്രീലങ്ക) – 6 – 15

ശിവം ദുബെ (ഇന്ത്യ) – 7 – 15

ലോകകപ്പിലെ നിര്‍ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ സഞ്ജു ആളിക്കത്തുകയായിരുന്നു. 50 പന്തില്‍ പുറത്താകാതെ നാല് സിക്‌സറും 12 ഫോറുമുള്‍പ്പെടെ 97* റണ്‍സ് നേടി വമ്പന്‍ പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്.

മാത്രമല്ല സെമി ഫൈനലിലും സഞ്ജു വമ്പന്‍ പ്രകടനം പുറത്തെടുത്ത് ഇന്ത്യയെ ഫൈനലിലെത്തിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

അതേസമയം കിവീസിനായി സെമിയില്‍ അതിവേഗ സെഞ്ച്വറിയടിച്ചാണ് ഫിന്‍ അലന്‍ ക്രിക്കറ്റ് ലോകത്തെ ഞ്ചെട്ടിച്ചത്. 33 പന്തില്‍ 100 റണ്‍സ് നേടിയാണ് അലന്‍ തിളങ്ങിയത്.

നാളെ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ സഞ്ജു മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Sanju is behind Finn Allen in the record of hitting the most sixes in the 2026 T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ