എഡിറ്റര്‍
എഡിറ്റര്‍
സഞ്ജയ് യാദവ് എന്ന ഐ.പി.എല്ലിലെ ‘രഹസ്യായുധം’; നിറം പിടിക്കുന്നത് മകനു വേണ്ടി നാടുവിട്ട കൂലിപ്പണിക്കാരനായ ഒരച്ഛന്റെ സ്വപ്‌നങ്ങള്‍ക്ക്
എഡിറ്റര്‍
Tuesday 4th April 2017 6:59pm


ചെന്നൈ: ഉത്തര്‍പ്രദേശിലെ ഖോരക്പൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ കൂലിപ്പണിക്കാരനായ രാം സിംഗ് യാദവിന്റെ മനസ്സിലൊരു സ്വപ്‌നമുണ്ടായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കുക, ഒപ്പം മകന് മികച്ച ക്രിക്കറ്റ് പരിശീലനം നല്‍കുക. എന്നാല്‍ ആ സ്വപ്‌നമിന്ന് വിദൂരത്തല്ല.

വര്‍ഷങ്ങള്‍ക്കിപ്പുറം സഞ്ജയ് യാദവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ ഗൗതം ഗംഭീറിനും യൂസഫ് പത്താനും ഒപ്പം തോളുരുമി നടക്കുമ്പോള്‍ ഫലം കാണുന്നത് രാം സിംഗിന്റെ കഷ്ടപ്പാടിന്റേയും കഠിനാധ്വത്തിന്റേയും നാളുകള്‍ക്കാണ്.

‘ ഐ.പി.എല്ലിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. തമിഴ്‌നാട് ക്രിക്കറ്റ് ലീഗിലെ രണ്ടാം നിര ടീമിന്റെ താരമായിരുന്നല്ലോ ഞാന്‍.’ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനും ലെഫ്റ്റ് ആം സ്പിന്നറുമായ സഞ്ജയ് പറയുന്നു.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വി.ബി തിരുവള്ളൂര്‍ വീരന്‍സിനു വേണ്ടി പുറത്തെടുത്ത പ്രകടനമാണ് സഞ്ജയിയെ തമിഴ്‌നാട് ട്വന്റ്-20 ടീമിലേക്കും അവിടെ നിന്നും കെ.കെ.ആര്‍ ജഴ്‌സിയിലേക്കുമെത്തിച്ചത്. പത്തു ലക്ഷമാണ് കൊല്‍ക്കത്ത ടീമില്‍ സഞ്ജയ്ക്ക് ലഭിക്കുന്ന പ്രതിഫലം.

‘ വലിയ താരങ്ങള്‍ ടൂര്‍ണമെന്റിനുവേണ്ടി നടത്തുന്ന പരിശീലനം കാണാന്‍ കഴിയുന്നതു തന്നെ എനിക്ക് വലിയ നേട്ടമാണ്. അവരുമായുള്ള ഇന്ററാക്ഷനിലൂടെ എനിക്ക് ഒരുപാട് പഠിക്കാന്‍ സാധിക്കുന്നുണ്ട്.’ സഞ്ജയ് പറയുന്നു.

നൈറ്റ് റൈഡേഴ്‌സ് ടീമില്‍ സഞ്ജയ്ക്ക് ഏറെ സന്തോഷം പകരുന്നത് ടീമിന്റെ ബൗളിംഗ് കോച്ചായ ലക്ഷ്മിപതി ബലാജിയുടെ സാന്നിധ്യമാണ്. തമിഴ്‌നാട് ടീമിന്റെയും ഭാഗമാണ് ബാലാജി. വ്യത്യസതമായ സാഹചര്യങ്ങളില്‍ ബൗള്‍ ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ബാലാ സാര്‍ തനിക്ക് പറഞ്ഞു തരുന്നുണ്ടെന്നും ബാറ്റ്‌സ്മാനെ റണ്‍സെടുക്കുന്നതില്‍ നിന്നും തടയുന്നതു പോലെ വിക്കറ്റെടുക്കുന്നതിന്റേയും പ്രാധാന്യത്തെകുറിച്ചും അദ്ദേഹം തനിക്ക് ബോധ്യപ്പെടുത്തി തന്നിട്ടുണ്ടെന്നും യുവതാരം പറയുന്നു.


Also Read: വിമുക്ത ഭടന്റെ ആത്മഹത്യയ്ക്കു പിന്നില്‍ പൊലീസിന്റെ ക്രൂരതയെന്ന് ആത്മഹത്യ കുറിപ്പ്


എന്നാല്‍ സഞ്ജയുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരെന്നു ചോദിച്ചാല്‍ ഉത്തരം ഫൂച്ചര്‍ ഇന്ത്യ ക്രിക്കറ്റ് അക്കാദമിയുടെ കോച്ചായ പ്രേംനാഥ് എന്നായിരിക്കും. പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം സഞ്ജയ്ക്ക് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും സ്പിന്‍ ബൗളര്‍ ആര്‍.അശ്വിനേയും ആരാധിക്കുന്ന സഞ്ജയുടെ പ്രിയ താരങ്ങളിലൊരാള്‍ കെ.കെ.ആറിലെ ബംഗ്ലാ താരം ഷാക്കിബ് അല്‍ ഹസനാണ്. തന്നെ പോലെ തന്നെ ഓള്‍റൗണ്ടറും ഇടങ്കയ്യനുമായ ഷാക്കിബില്‍ നിന്നും ടീമിന്റെ പ്രധാന ബൗളര്‍ സുനില്‍ നരെയ്‌നില്‍ നിന്നുമെല്ലാം തനിക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും സഞ്ജയ് പറയുന്നു.

Advertisement