പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ ഏറ്റവും പ്രമുഖനായ നേതാവ്; മോദിയെ വാനോളം പുകഴ്ത്തി ശിവസേന നേതാവ് സഞ്ജയ് റാവത്ത്
national news
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ ഏറ്റവും പ്രമുഖനായ നേതാവ്; മോദിയെ വാനോളം പുകഴ്ത്തി ശിവസേന നേതാവ് സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th June 2021, 7:46 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് റാവത്തിന്റെ പ്രതികരണം. മോദി രാജ്യത്തെ ഏറ്റവും ഉന്നതനായ നേതാവാണെന്നും ബി.ജെ.പിയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹമാണെന്നും റാവത്ത് പറഞ്ഞു.

‘കഴിഞ്ഞ ഏഴുവര്‍ഷമായി ബി.ജെ.പി. നേടുന്ന വിജയങ്ങള്‍ക്കെല്ലാം കാരണം മോദിയാണ്. രാജ്യത്തിന്റെയും ബി.ജെ.പിയുടെയും സമുന്നതനായ നേതാവാണ് അദ്ദേഹം,’ സഞ്ജയ് റാവത്ത് പറഞ്ഞു.

വടക്കന്‍ മഹാരാഷ്ട്ര സന്ദര്‍ശനത്തിനിടെയാണ് റാവത്തിന്റെ പ്രതികരണം. അതിനിടെ ബി.ജെ.പിയും ശിവസേനയും തമ്മില്‍ വീണ്ടുമൊരു സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.

കടുവയുമായി ആര്‍ക്കും സൗഹൃദമുണ്ടാക്കാന്‍ കഴിയില്ലെന്നും ആരോടൊക്കെ ചങ്ങാത്തമുണ്ടാക്കണമെന്ന് തീരുമാനിക്കേണ്ടത് കടുവയാണെന്നും റാവത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഉദ്ദവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനുപിന്നാലെ തന്നെ മഹാരാഷ്ട്രയില്‍ ബി.ജെ.പി. സഖ്യമുയരുമോ എന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളിലൊന്നും പ്രതികരിക്കാനില്ലെന്ന നിലപാടിലായിരുന്നു സഞ്ജയ് റാവത്ത്. അത്തരം കാര്യങ്ങളില്‍ ഔദ്യോഗിക തീരുമാനങ്ങളായാല്‍ അറിയിക്കുമെന്നാണ് റാവത്ത് പറഞ്ഞത്.

പാര്‍ട്ടിയെ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും മഹാവികാസ് അഘാഡിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ടെന്നും സഖ്യം ശക്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Sanjay Raut Praises Narendra Modi