അതിലൊന്നും വലിയ കാര്യമൊന്നുമില്ല; ഇന്ത്യയുടെ പരമ്പര തോല്‍വിയില്‍ മഞ്ജരേക്കര്‍
Cricket
അതിലൊന്നും വലിയ കാര്യമൊന്നുമില്ല; ഇന്ത്യയുടെ പരമ്പര തോല്‍വിയില്‍ മഞ്ജരേക്കര്‍
ഫസീഹ പി.സി.
Tuesday, 20th January 2026, 10:03 pm

കിവീസിന് എതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. 2 – 1 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ് ഈ പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരം മെന്‍ ഇന്‍ ബ്ലൂ ജയിച്ചതിന് ശേഷമാണ് സന്ദര്‍ശകര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്.

അതാകട്ടെ സ്വന്തം മണ്ണില്‍ കിവീസിനോടുള്ള ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര തോല്‍വിയാണ്. ഇതുവരെ ഇന്ത്യ തുടര്‍ന്ന ആധിപത്യത്തിനാണ് ഇന്‍ഡോറില്‍ വിരാമമായത്. വിരാട് കോഹ്ലി സെഞ്ച്വറി അടിച്ച് രക്ഷകനാവാന്‍ ശ്രമിച്ചെങ്കിലും അവസാന മത്സരത്തില്‍ ടീം തോല്‍വി വഴങ്ങുകയായിരുന്നു.

സഞ്ജയ് മഞ്ജരേക്കര്‍. Photo: espncricinfo/x.com

ചരിത്രത്തില്‍ ആദ്യമായി കിവീസിന് എതിരെ ഇന്ത്യ പരമ്പര കൈവിട്ടതോടെ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ടീം നേരിടുന്നത്. ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

ഇന്ത്യ ന്യൂസിലാന്‍ഡിനോട് പരമ്പര തോറ്റത് വലിയ കാര്യമൊന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു. 50 ഓവര്‍ ക്രിക്കറ്റില്‍ ലോകകപ്പ് നേടുന്നത് മാത്രമാണ് പ്രാധാന്യമുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് മഞ്ജരേക്കറുടെ പ്രതികരണം.

‘ഇന്ത്യ ന്യൂസിലാന്‍ഡിനോട് ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടു. അതില്‍ വലിയ കാര്യമൊന്നുമില്ല. സത്യം പറഞ്ഞാല്‍ 50 ഓവര്‍ ക്രിക്കറ്റില്‍ പ്രാധാന്യം ലോകകപ്പിനാണ്. ചാമ്പ്യന്‍സ് ട്രോഫിക്ക് പോലും അത്ര പ്രാധ്യാനമില്ല. കാരണം അവസാന മൂന്ന് ചാമ്പ്യന്‍ ട്രോഫി ജേതാക്കളെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാല്‍ പോലും നമുക്കതിന് സാധിക്കില്ല.

പക്ഷേ ലോകകപ്പിന്റെ കാര്യം അങ്ങനെയല്ല. ടൂര്‍ണമെന്റ് ആരംഭിച്ച കാലത്ത് തൊട്ടുള്ള ഓരോ വിജയികളെയും നമ്മുക്ക് ഓര്‍മയുണ്ടാവും,’ മഞ്ജരേക്കര്‍ പറഞ്ഞു.

ഇന്ത്യൻ ടീം.  Photo: BCCI/x.com

അതേസമയം, ഏകദിന പരമ്പര കൈവിട്ടെങ്കിലും ടി – 20 യില്‍ കിവീസിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. നാളെ (ജനുവരി 21) ഈ പരമ്പരയ്ക്ക് തുടക്കമാവുന്നത്. അതില്‍ അഞ്ച് മത്സരങ്ങളാണുള്ളത്. മലയാളി താരം സഞ്ജു സാംസണടക്കം പരമ്പരയ്ക്കുള്ള സ്‌ക്വാഡിലുണ്ട്.

Content Highlight: Sanjay Manjrekkar says ‘no big deal’ to India’s ODI series defeat against New Zealand

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി