ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാകാന്‍ ശ്രേയസ് അയ്യരോക്കാള്‍ യോഗ്യന്‍ അവന്‍: സഞ്ജയ് മഞ്ജരേക്കര്‍
Cricket
ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാകാന്‍ ശ്രേയസ് അയ്യരോക്കാള്‍ യോഗ്യന്‍ അവന്‍: സഞ്ജയ് മഞ്ജരേക്കര്‍
ശ്രീരാഗ് പാറക്കല്‍
Sunday, 7th June 2026, 8:09 pm

ഇന്ത്യയുടെ ടി-20 ക്യാപ്റ്റനാകാന്‍ ശ്രേയസ് അയ്യരോക്കാള്‍ യോഗ്യന്‍ ശുഭ്മന്‍ ഗില്ലാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സഞ്ജയ് മഞ്ജരേക്കര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രേയസ് ടി-20 ടീമിലില്ലെന്നും ഒരു താരത്തെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കുമ്പോള്‍ ആ കളിക്കാരന്‍ ടീമില്‍ സ്ഥിരമായ ഒരു സ്ഥാനമുള്ള ആളാണെന്ന് നിങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും മുന്‍ താരം പറഞ്ഞു. മാത്രമല്ല അവിടെയാണ് ശുഭ്മന്‍ ഗില്ലിന് അവസരം നഷ്ടമായതെന്ന് താന്‍ കരുതുന്നും മഞ്ജരേക്കര്‍ പറഞ്ഞു.

ശുഭ്മന്‍ ഗില്‍

‘ശ്രേയസ് അയ്യര്‍ വളരെ രസകരമായ ഒരു തെരഞ്ഞെടുപ്പായിട്ടാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന് ടി-20 ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍, പെട്ടന്ന് തന്നെ, ഇന്ത്യയുടെ ടി-20 ക്യാപ്റ്റനായി അയ്യരെ നിയോഗിച്ചു.

നിങ്ങള്‍ ഒരു കളിക്കാരനെ തെരഞ്ഞെടുക്കുമ്പോഴോ അദ്ദേഹത്തെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കുമ്പോഴോ, ആ കളിക്കാരന്‍ ടീമില്‍ സ്ഥിരമായ ഒരു സ്ഥാനം ഉള്ള ആളാണെന്ന് നിങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. അവിടെയാണ് ശുഭ്മന്‍ ഗില്ലിന് അവസരം നഷ്ടമായതെന്ന് ഞാന്‍ കരുതുന്നു, കാരണം ഇന്ത്യയുടെ ദീര്‍ഘകാല ടി-20 ക്യാപ്റ്റനാകാന്‍ ശ്രേയസ് അയ്യറിനേക്കാള്‍ മികച്ച യോഗ്യത ഗില്ലിനുണ്ടെന്ന് ഞാന്‍ കരുതുന്നു,’ സോണി സ്‌പോര്‍ട്‌സില്‍ മഞ്ജരേക്കര്‍ പറഞ്ഞു.

ശ്രേയസ് അയ്യര്‍

കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ ഇന്ത്യയുടെ പുതിയ ടി-20 ക്യാപ്റ്റനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തത്. സൂര്യകുമാര്‍ യാദവിനെ മാറ്റിയാണ് ടീം മാനേജ്‌മെന്റ് അയ്യര്‍ക്ക് അവസരം നല്‍കിയത്. ഐ.പി.എല്ലിലേയും ആഭ്യന്തര മത്സരങ്ങളിലേയും നായക മികവും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവും കണക്കിലെടുത്താണ് ബി.സി.സി.ഐയുടെ പുതിയ തീരുമാനം. എന്നാല്‍ 2023 സീസണ്‍ അവസാനിച്ചതിനുശേഷം അയ്യര്‍ ഇന്ത്യയ്ക്കായി ഒരു ടി-20 മത്സരം പോലും കളിച്ചിട്ടില്ല.

അതേസമയം ഇന്ത്യയുടെ ടി-20 ടീമില്‍ ഇടം നേടിയെങ്കിലും മോശം പ്രകടനം കാരണം സ്ഥാനം നഷ്ടപ്പെട്ട താരമാണ് ശുഭ്മന്‍ ഗില്‍. 2025ല്‍ അപ്രതീക്ഷിതമായി വൈസ് ക്യാപ്റ്റന്‍ പദവിയിലാണ് ഗില്‍ ഫോര്‍മാറ്റിലേക്ക് കടന്നുവന്നത്. എന്നാല്‍ ഓപ്പിണിങ്ങില്‍ ക്യാര്യമായ പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ 2026 ലോകകപ്പിന് മുന്നോടിയായി ഗില്ലിനെ ടീമില്‍ നിന്ന് മാറ്റുകയായിരുന്നു.

Content Highlight: Sanjay Manjrekar Talking About Shreyas Iyer And Shubhman Gill

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ