മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ തഴയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. പല പരമ്പരകളിലും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചിരുന്നെങ്കിലും ബെഞ്ചില്‍ ഇരിക്കാനായിരുന്നു താരത്തിന്റെ വിധി. കഴിഞ്ഞ ദിവസം ഏഷ്യാ കപ്പില്‍ യു.എ.ഇയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് താരം ഏറെ നാളുകൾക്ക് ശേഷം ടീമിലേക്ക് തിരിച്ചുവരവ് നടത്തിയത്.
മത്സരത്തില്‍ താരം മിന്നും പ്രകടനവുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. 2.1 ഓവറുകള്‍ എറിഞ്ഞ താരം ഏഴ് റണ്‍സിന് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 3.23 എക്കോണമിലായിരുന്നു കുല്‍ദീപിന്റെ പ്രകടനം. ഈ പ്രകടനം യു.എ.ഇയെ 57 റണ്‍സില്‍ ഒതുക്കാന്‍ ടീമിനെ സഹായിച്ചിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പരിഹസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ താരം ഉണ്ടാവില്ലെന്നാണ് മഞ്ജരേക്കര്‍ തമാശരൂപേണ പറഞ്ഞത്.
‘എല്ലാ ഫോര്‍മാറ്റിലെയും അവന്റെ ട്രാക്ക് റെക്കോഡ് നോക്കൂ. കുല്‍ദീപിന്റെ പ്രകടനം വളരെ മികച്ചതാണ്. അടുത്ത മത്സരത്തില്‍ അവനെ പുറത്തിരുത്തും,’ മഞ്ജരേക്കര്‍ പറഞ്ഞു.
പിന്നാലെ അദ്ദേഹം താന്‍ ഒരു തമാശ പറഞ്ഞതാണെന്ന് തിരുത്തി. അങ്ങനെ സംഭവിക്കില്ലെന്ന് എനിക്ക് അറിയാം. പ്ലെയിങ് ഇലവനില്‍ ഉണ്ടാകുമെന്ന് മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ ദിവസം യു.എ.ഇ ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആതിഥേയര്‍ ഉയര്‍ത്തിയ 58 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 പന്തുകള്‍ ബാക്കി നില്‍ക്കെ ഈ സ്‌കോര്‍ അടിച്ചെടുക്കുകയായിരുന്നു.
മത്സരത്തില്‍ 16 പന്തില്‍ 30 റണ്‍സ് നേടിയ അഭിഷേക് ടോപ് സ്‌കോററായി. ഗില്‍ ഒമ്പത് പന്തുകള്‍ നേരിട്ട് പുറത്താകാതെ 20 റണ്‍സും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പുറത്താകാതെ ഏഴ് റണ്‍സും ചേര്‍ത്തു.
ബൗളിങ്ങില്‍ കുല്‍ദീപിന് പുറമെ ഓള്‍റൗണ്ടര്‍ ശിവം ദുബെ മികച്ച പ്രകടനം നടത്തി. ദുബെ നാല് റണ്‍സിന് മൂന്ന് വിക്കറ്റും പിഴുതു. വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Sanjay Manjrekar Mocks Indian team saying Kuldeep Yadav will be dropped from the next match