ഇന്ത്യന്‍ ടെന്നീസിന്റെ രാജകുമാരി സാനിയ മിര്‍സ അവസാന വിംബിള്‍ഡണിന്; രണ്ട് വിജയമകലെ കിരീടം
Wimbildon Tennis
ഇന്ത്യന്‍ ടെന്നീസിന്റെ രാജകുമാരി സാനിയ മിര്‍സ അവസാന വിംബിള്‍ഡണിന്; രണ്ട് വിജയമകലെ കിരീടം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th July 2022, 11:24 am

വിബിള്‍ഡണ്‍ മിക്‌സ്ഡ് ഡബിള്‍സിന്റെ സെമിയില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം സാനിയ മിര്‍സ. ക്രൊയേഷ്യയുടെ മേറ്റ് പെവിക്കിനൊപ്പമാണ് താരം തന്റെ കരിയറിലെ ആദ്യ മിക്‌സ്ഡ് ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്.

നാലാം സീഡായ ഗബ്രിയേല ഡാബ്രോവ്‌സ്‌കി – ജോണ്‍ പീര്‍സ് എന്നിവരുടെ സഖ്യത്തെ തോല്‍പിച്ചാണ് സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്. തന്റെ കരിയറിലെ അവസാന വിംബിള്‍ഡണിലാണ് താരം ആദ്യമായി മിക്‌സ്ഡ് ഡബിള്‍സിന്റെ സെമിയില്‍ പ്രവേശിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മിര്‍സ – പെവിക് സഖ്യം വിജയം പിടിച്ചെടുത്തത്. സ്‌കോര്‍ 6-4, 3-6, 7-5

തന്റെ പ്രതിഭയൊന്നാകെ പുറത്തെടുത്ത് കളിക്കുന്ന സാനിയയെയായിരുന്നു കോര്‍ട്ട് ത്രീയിലെ പ്രധാന ആകര്‍ഷണം. സാനിയക്കൊപ്പം പെവക്കും കത്തിക്കയറിയതോടെ എതിരാളികള്‍ മുട്ടുമടക്കുകയായിരുന്നു.

രണ്ടാം സീഡായ ഡെസീറെ ക്രാവ്‌സിക് -നീല്‍ സ്‌കുപ്‌സ്‌കി ഏഴാം സീഡായ ജലീന ഓസ്റ്റാപെങ്കോ- റോബര്‍ട്ട് ഫറ മത്സരത്തിലെ വിജയികളെയായിരിക്കും ആറാം സീഡായ മിര്‍സ – പെവിക് സഖ്യത്തിന് നേരിടേണ്ടത്.

നേരത്തെ, വിമണ്‍സ് ഡബിള്‍ ഡ്രോയിലും സാനിയ മിര്‍സ പങ്കെടുത്തിരുന്നു. എന്നാല്‍ മിര്‍സയും അവരുടെ പങ്കാളിയായ ലൂസി ഹെഡ്രെക്കെയും ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടിരുന്നു. മഗ്ദലീന ഫ്രെച്ച്- ബിയാട്രിസ് ഹദ്ദാദ് മയ സഖ്യത്തോടായിരുന്നു തോല്‍വി. സ്‌കോര്‍ 6-4, 4-6,2-6

ആദ്യ റൗണ്ടില്‍ സ്പെയ്‌നിന്റെ ഡേവിഡ് വേഗ ഹെര്‍ണാണ്ടസ് ജോര്‍ജിയയുടെ നതേല സലാമിഡ്സെ സഖ്യത്തെ തോല്‍പിച്ചായിരുന്നു മിര്‍സയും പെവിക്കും തുടങ്ങിയത്. 6-4, 3-6, 7-6 (3) എന്ന സ്‌കോറിനായിരുന്നു വിജയം.

ഇതിന് പിന്നാലെ രണ്ടാം റൗണ്ടിലെ എതിരാളികളായ ഇവാന്‍ ഡോഡിഗും ലതിഷ ചാനും വാക്കോവര്‍ നല്‍കിയതിനെ തുടര്‍ന്നായിരുന്നു മിര്‍സയും പെവിക്കും ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ഈ സീസണോടെ താന്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് മിര്‍സ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിരമിക്കുന്നതിന് മുമ്പ് ഒരു കിരീടനേട്ടം കൂടി സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കാനാണ് മിര്‍സ ശ്രമിക്കുന്നത്.

 

 

Content highlight: Sania Mirza, playing her last Wimbledon, reached the mixed doubles semis