ഇവിടെ ജയിക്കുമോ തോല്‍ക്കുമോ എന്ന പേടി, എന്നാല്‍ അവിടെ മുന്‍ കോച്ചും സംഘവും വന്‍ ചില്ലിങ്; വൈറലായി രവി ശാസ്ത്രിയും കെവിന്‍ പീറ്റേഴ്‌സണും
Sports News
ഇവിടെ ജയിക്കുമോ തോല്‍ക്കുമോ എന്ന പേടി, എന്നാല്‍ അവിടെ മുന്‍ കോച്ചും സംഘവും വന്‍ ചില്ലിങ്; വൈറലായി രവി ശാസ്ത്രിയും കെവിന്‍ പീറ്റേഴ്‌സണും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th July 2022, 9:36 am

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരം ജയിച്ചോ സമനിലയിലാക്കിയോ പരമ്പര നേടാനുറച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ ഒരു കാരണവശാലും എതിരാളികളെ പരമ്പര സ്വന്തമാക്കാന്‍ സമ്മതിക്കില്ല എന്ന വാശിയിലാണ് ഇംഗ്ലണ്ടും കളിക്കുന്നത്.

അഞ്ചാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിവസത്തിലേക്കെത്തി നില്‍ക്കുമ്പോള്‍ മുന്‍തൂക്കം ഇംഗ്ലണ്ടിനാണെന്ന് പറയാം. അവസാന ദിവസം 100 ഓവറില്‍ 119 റണ്‍സ് നേടാനായാല്‍ ഇംഗ്ലണ്ടിന് വിജയിക്കാനും പരമ്പര സമനിലയിലാക്കാനും സാധിക്കും.

എന്നാല്‍ ഒരു സമനിലയരികെ, വിജയമോഹവുമായാണ് ഇന്ത്യ അഞ്ചാം ദിവസം ഇറങ്ങുന്നത്.

എന്നാല്‍, ടെസ്റ്റിന്റെ പിരിമുറുക്കങ്ങളോ കണക്കുകൂട്ടലുകളോ ഒന്നുമില്ലാതെ എന്‍ജോയ് ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണും. സ്‌കൈ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരായ ഇരുവരും നാസര്‍ ഹുസൈനൊപ്പം നെറ്റ്‌സില്‍ തങ്ങളുടെ പ്രതാപം പുറത്തെടുക്കുകയാണ്.

 

പീറ്റേഴ്‌സണെ കറക്കിവീഴ്ത്താന്‍ കുത്തിത്തിരിപ്പന്‍ സ്പിന്നെറിയുന്ന ശാസ്ത്രിയും അതിനെ കൃത്യമായി ഡിഫെന്‍ഡ് ചെയ്യുന്ന പീറ്റേഴ്‌സണുമാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകളിലൊന്ന്. സ്‌കൈ സ്‌പോര്‍ട്‌സ് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ശാസ്ത്രി തന്റെ ഓര്‍ത്തഡോക്‌സ് ലെഫ്റ്റ് ആം സ്പിന്‍ എറിയുന്നതും പീറ്റേഴ്‌സണ്‍ തന്റെ ക്ലാസിക് ഡിഫന്‍സ് കളിക്കുന്നതും അത് എങ്ങനെ കളിക്കണമെന്ന് പഠിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

‘ഞാന്‍ ലെങ്താണ് ശ്രദ്ധിക്കുന്നത്, കൂടാതെ ഓരോ ഷോട്ടും റണ്‍ മേക്കിങ് ഷോട്ടാക്കി മാറ്റാനാണ് ഞാന്‍ ശ്രമിക്കുന്നത്,’ എന്ന പീറ്റേഴ്‌സണിന്റെ വാക്കുകളെ ക്യാപ്ഷനായി കൊടുത്താണ് സ്‌കൈ സ്‌പോര്‍ട്‌സ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

അതേസമയം, നാലാം ദിവസം, ഓപ്പണര്‍മാര്‍ മുതല്‍ തന്നെ ഇംഗ്ലണ്ട് ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയിരുന്നു. 107 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു ഓപ്പണര്‍മാരായ ക്രോളിയും ലീസും ചേര്‍ന്ന് കെട്ടിപ്പൊക്കിയത്. സാക്ക് ക്രോളിയെ ക്ലീന്‍ ബൗള്‍ഡാക്കി ബുംറയാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ ഓലി പോപ്പിനെ മൂന്നാം പന്തില്‍ തന്നെ പന്തിന്റെ കൈകളിലെത്തിക്കുകയും വളരെ പെട്ടെന്നുതന്നെ ലീസ് റണ്‍ ഔട്ടാവുകയും ചെയ്തതോടെ ഇന്ത്യ മത്സരത്തിലേക്ക് മടങ്ങിയെത്തി എന്നായിരുന്നു കരുതിയത്.

വിക്കറ്റ് നഷ്ടപ്പെടാതെ 107 എന്ന നിലയില്‍ നിന്നും മൂന്ന് വിക്കറ്റിന് 109 എന്ന നിലയിലേക്ക് വളരെ പെട്ടെന്നായിരുന്നു ഇംഗ്ലണ്ട് എത്തിയത്.

എന്നാല്‍, ടെസ്റ്റിലെ രാജകുമാരനായ ജോ റൂട്ടും, വമ്പനടിവീരന്‍ ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പൊക്കുകയായിരുന്നു. 112 പന്തില്‍ നിന്നും 76 റണ്‍സുമായി റൂട്ടും 87 പന്തില്‍ നിന്നും 72 റണ്‍സുമായി ബെയര്‍സ്റ്റോയുമാണ് നാലാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍.

Content highlight:  Ravi Shastri Bowls In Nets As Kevin Pietersen Gives Masterclass On How To Play Spin