സംഘികള്‍ അന്വേഷിച്ച് വീട്ടുപടിക്കല്‍ വരെയെത്തി; പൊലീസില്‍ വിവരമറിയിച്ചതായി ടി.എസ്. ശ്യാംകുമാര്‍
Kerala
സംഘികള്‍ അന്വേഷിച്ച് വീട്ടുപടിക്കല്‍ വരെയെത്തി; പൊലീസില്‍ വിവരമറിയിച്ചതായി ടി.എസ്. ശ്യാംകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st August 2025, 6:58 pm

തിരുവനന്തപുരം: സംഘപരിവാറിനെതിരെ അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി.എസ്. ശ്യാംകുമാര്‍. തന്നെ അന്വേഷിച്ച് സംഘപരിവാര്‍ തന്റെ വീടിന് മുന്നില്‍ വരെയെത്തിയതായി ശ്യാംകുമാര്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘സംഘികള്‍ അന്വേഷിച്ച് വീട്ടുപടിക്കല്‍ വരെ എത്തിയിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ടാക്ട് നമ്പര്‍ അന്വേഷിച്ചാണ് വന്നതെങ്കില്‍, ഇന്ന് കാലത്ത് അതേ ആള്‍ വീണ്ടുമെത്തുകയുണ്ടായി,’ ടി.എസ്. ശ്യാംകുമാര്‍ അറിയിച്ചു.

ഹെല്‍മറ്റ് ധരിച്ചാണ് അജ്ഞാതന്‍ എത്തിയതെന്നും ഇയാള്‍ തന്നെ അധിക്ഷേപിച്ചതായും ശ്യാംകുമാര്‍ പറഞ്ഞു. ശേഷം ഇയാള്‍ ഓടി മറഞ്ഞതായും ശ്യാംകുമാര്‍ പറയുന്നു. സംഭവത്തില്‍ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചാതുര്‍വര്‍ണ്യത്തെയും സംഘപരിവാര്‍ നിലപാടുകളെയും നിശിതമായി എതിര്‍ക്കുന്ന വ്യക്തിയാണ് ടി.എസ്. ശ്യാംകുമാര്‍. തന്റെ നിലപാടുകള്‍ വ്യക്തമാക്കിയതിന്റെ പേരില്‍ രൂക്ഷമായ സൈബര്‍ ആക്രമണവും ശ്യാംകുമാര്‍ നേരിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിലും ശ്യാംകുമാര്‍ പ്രതികരിച്ചിരുന്നു. ശബരിമലയിലെ ആചാര ലംഘനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ശ്യാംകുമാറിന്റെ പ്രതികരണം.

അയ്യപ്പനെ പൂജിക്കാന്‍ അവകാശമുണ്ടായിരുന്ന മലയരയരെ പുറത്താക്കി ആദ്യത്തെ ആചാര ലംഘനം നടത്തിയത് ബ്രാഹ്‌മണ്യ പൗരോഹിത്യമാണെന്നും നൂറ്റാണ്ടുകളായി ശബരിമല വിശ്വാസത്തിന്റെ ഭാഗമായ വാവരെ, വാപുരനാക്കി ആചാരലംഘനം നടത്താന്‍ ശ്രമിക്കുന്നതും ഹിന്ദുത്വര്‍ തന്നെയാണെന്നുമായിരുന്നു ശ്യാംകുമാറിന്റെ വിമര്‍ശനം.

സര്‍വോപരി നാട്ടുകാര്‍ കാണ്‍കെ ഇരുമുടിക്കെട്ട് താഴെയിട്ട് ‘വിശ്വാസ’ത്തെ അവഹേളിക്കാന്‍ ശ്രമിച്ചതും ഹിന്ദുത്വരാണ്. ആചാര ലംഘകര്‍ ആചാര സംരക്ഷകരാവുന്നത് വലിയ തമാശ തന്നെയാണെന്നും ശ്യാംകുമാര്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം അയ്യപ്പ സന്നിധിയില്‍ ആചാരം തകര്‍ക്കാന്‍ ശ്രമിച്ചവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നും ഹിന്ദുസമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി സന്നിധാനത്തെ അയ്യപ്പ സംഗമമെന്നുമാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്.

എന്നാല്‍ സെപ്തംബര്‍ 20ന് നടക്കുന്ന അയ്യപ്പ സംഗമത്തിലേയ്ക്ക് കേന്ദ്രമന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബി.ജെ.പി അടക്കം എല്ലാ പാര്‍ട്ടികളെയും ക്ഷണിക്കുമെന്നും പ്രതിപക്ഷ നേതാവിനെ നേരിട്ട് പോയി വിളിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Sanghparivars searched and reached the doorstep; T.S. Syamkumar informed the police