ഹിന്ദു മുസ്‌ലിം പ്രണയം ചിത്രീകരിക്കാനാവാത്ത കേരളം
D Insight
ഹിന്ദു മുസ്‌ലിം പ്രണയം ചിത്രീകരിക്കാനാവാത്ത കേരളം
ഷഫീഖ് താമരശ്ശേരി
Saturday, 10th April 2021, 9:04 pm

മുന്‍പെങ്ങുമില്ലാത്ത വിധം നമ്മുടെ ജീവിത പരിസരങ്ങളില്‍ പ്രണയവും സൗഹൃദങ്ങളും വിചാരണ ചെയ്യപ്പെടുന്ന കാലമാണിത്. ഒരു കോളേജില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നൃത്തം ചെയ്തപ്പോഴേക്കും അവരുടെ മതം തിരഞ്ഞുകണ്ടെത്തി അവര്‍ക്ക് നേരെ വിദ്വേഷം പ്രചരിപ്പിച്ച കേരളത്തില്‍ ഇന്നിതാ ഹിന്ദു മുസ്ലിം പ്രണയം ചിത്രീകരിച്ചതിന് ഒരു സിനിമാ സെറ്റ് തന്നെ ആക്രമിക്കപ്പെട്ടിരിക്കുന്നു.

പാലക്കാട് വായില്യംകുന്ന് ക്ഷേത്രത്തിലാണ് ‘നീയാം നദി’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിലേക്ക് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമണവുമായി രംഗത്ത് വന്നത്. സിനിമാപ്രവര്‍ത്തകര്‍ക്ക് നേരെ വിറളിപൂണ്ട് ആക്രോശവുമായി എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് സെറ്റിലെ സാമഗ്രികള്‍ നശിപ്പിക്കുകയും ആളുകളെ കയ്യേറ്റം ചെയ്യുകയും ചെയ്തു എന്ന് മാത്രമല്ല ഇത്തരമൊരു സിനിമ കേരളത്തിലെവിടെയും ചിത്രീകരിക്കാന്‍ സമ്മതിക്കില്ല എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഭീഷണിയെ തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകര്‍ക്ക് ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ടിയും വന്നിരിക്കുന്നു.

വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ സൗഹൃദങ്ങളും പ്രണയങ്ങളുമെല്ലാം വേട്ടയാടപ്പെടുകയും ലവ് ജിഹാദ് എന്ന ഭീകര മുദ്രകുത്തപ്പെടുകയും ചെയ്യുന്ന കേരളത്തില്‍ ഇനിയങ്ങോട്ട് മതേതരമായ പ്രണയാവിഷ്‌കാരങ്ങള്‍ ചിത്രീകരിക്കാന്‍ പോലും സാധിക്കില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നത്.

അങ്ങേയറ്റം സങ്കുചിതവും വിദ്വേഷപരവുമായ ആരോപണങ്ങളുന്നയിച്ചുകൊണ്ട് വിവിധങ്ങളായ സിനിമകള്‍ക്കും കാലാവിഷ്‌കാരങ്ങള്‍ക്കും വ്യവസായ സംരഭങ്ങള്‍ക്കുമെല്ലാമെതിരെ ഹിന്ദുത്വ ശക്തികള്‍ രംഗത്തുവന്ന അനേകം അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്.

കാലടിയിലെ മണപ്പുറത്ത് മിന്നല്‍ മുരളി എന്ന സിനിമയ്ക്ക് വേണ്ടി ക്രൈസ്തവ ദേവാലയത്തിന്റെ ഒരു സെറ്റ് നിര്‍മ്മിച്ചപ്പോള്‍ ഹിന്ദുത്വശക്തികള്‍ ആയുധങ്ങളുമായി വന്ന് അത് പൊളിച്ചുനീക്കുകയുണ്ടായി. ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഒ.ടി.ടി റിലീസിലൂടെ വലിയ ഹിറ്റായി മാറിയപ്പോള്‍ സിനിമ ക്രിസ്ത്യാനികളെ മഹത്വവത്കരിക്കുന്നുവെന്നും ഹിന്ദു കുടംബത്തില്‍പ്പെട്ടവരെ വില്ലന്‍മാരായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ച് സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്ത് വന്നു.

മലബാര്‍ സമരത്തെ അടിസ്ഥാനമാക്കി പൃഥ്വിരാജ് നായകനാകുന്ന വാരിയന്‍കുന്നന്‍ എന്ന ആഷിഖ് അബു സിനിമ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ വലിയ കോളിളക്കങ്ങളാണ് കേരളത്തിലുണ്ടായത്. പൃഥ്വിരാജിന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണവും നവമാധ്യങ്ങളില്‍ നടന്നിരുന്നു. ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ വര്‍ത്തമാനം എന്ന സിനിമയെ സെന്‍സര്‍ബോര്‍ഡ് അംഗം കൂടിയായ ബി.ജെ.പി നേതാവ് രാജ്യദ്രോഹ സിനിമ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചത്. സിനിമ റിലീസ് ചെയ്തതിന് ശേഷവും നിരവധി ആക്രമണങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു.

നേരത്തെ ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ എന്നീ സിനിമകള്‍ ചെയ്തതിന് ക്രിസ്ത്യാനിയായ ലിജോ ജോസ് പെല്ലിശ്ശേരി അദ്ദേഹത്തിന്റെ സിനിമകളിലൂടെ ക്രിസ്ത്യാനികളെ മാത്രം അവതരിപ്പിക്കുന്നു എന്ന രീതിയിലും സംഘപരിവാര്‍ വിദ്വേഷങ്ങള്‍ പ്രചരിപ്പിരുന്നു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തില്‍ മുസ്ലിം ബിംബങ്ങളെ മഹത്വവത്കരിക്കുന്നു എന്നാരോപിച്ചായിരുന്നു അന്ന് സംഘപരിവാര്‍ രംഗത്ത് വന്നിരുന്നത്. ഇത്തരത്തില്‍ പറവ സിനിമയെ അവഹേളിച്ചുകൊണ്ടുള്ള ലേഖനം അന്ന് ബി.ജെ.പിയുടെ മുഖപത്രമായ ജന്മഭൂമി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സെക്‌സി ദുര്‍ഗ എന്ന സിനിമയ്ക്ക് സംഘപരിവാര്‍ എതിര്‍പ്പിനെ തുടര്‍ന്ന് എസ്. ദുര്‍ഗ എന്ന് പേരുപോലും മാറ്റേണ്ടി വന്നു. ഒടുവിലിതാ ഹിന്ദു മുസ്ലിം പ്രണയം ചിത്രീകരിക്കാന്‍ ശ്രമിച്ചതിന് ഒരു സിനിമയുടെ സെറ്റ് തന്നെ ആക്രമിക്കപ്പെട്ടിരിക്കുന്നു.

വ്യത്യസ്തമായ ജാതിമതവിഭാഗങ്ങളില്‍ നിന്നും വിവിധങ്ങളായ സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള അനേകം പ്രമേയങ്ങള്‍ വലിയ ഹിറ്റുകളായി മാറിയ കേരളത്തിലാണ് ഇന്ന് സിനിമയുടെയും കഥയുടെയും അണിയറപ്രവര്‍ത്തകരുടെയും ജാതിയും മതവും തിരഞ്ഞ് ചില വര്‍ഗീയ ജീവിതങ്ങള്‍ റോന്തുചുറ്റുന്നത്. സിനിമയ്ക്കകത്തും പുറത്തുമുള്ള പ്രണയങ്ങളെ ഭീകരമുദ്ര ചാര്‍ത്താന്‍ ശ്രമിക്കുന്നത്.

കേരളീയ സമൂഹത്തില്‍ മാനവികതയുടെ ഒരു വിശാലയിടം രൂപപ്പെടുത്തുന്നതില്‍ ജാതിയുടെയും മതത്തിന്റെയും സുശക്തമായ തടവറകളെ ഭേദിച്ചുകൊണ്ട് നിലകൊണ്ട പ്രണയങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. കേരള നവോത്ഥാനത്തിന്റെ ഭാഗമായി നടന്ന സാമൂഹിക പരിഷ്‌കരണ പ്രക്രിയയില്‍ യാഥാസ്ഥിതികത്വത്തിന്റെ വേരറുത്ത പ്രണയങ്ങള്‍ക്കും വിവാഹബന്ധങ്ങള്‍ക്കും ചെറുതല്ലാത്ത ഒരു സ്ഥാനവുമുണ്ട്.

വിശ്വാസ അവിശ്വാസ ഭേദമില്ലാതെ പരസ്പരം ഒന്നിച്ചുനിന്ന് സമൂഹത്തില്‍ ഇടപെട്ട മതേതര ജീവിതങ്ങളുടെ ഒരു നീണ്ട നിര കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലുണ്ട്. ബോധപൂര്‍വമോ അല്ലാതെയോ ഇത്തരം സാമൂഹിക ഇടപെടലുകളുടെ കണ്ണികളായിത്തീര്‍ന്ന മനുഷ്യരും അവരുടെ തലമുറയുമൊക്കെ തലയെടുപ്പോടെ നിവര്‍ന്നു നിന്ന കേരളത്തിലാണ് ഇന്ന് പ്രണയിതാക്കള്‍ വേട്ടയാടപ്പെടുന്നതും നാടുവിട്ടോടേണ്ടി വരുന്നതും.

ചെമ്മീന്‍ സിനിമയിലെ മുസ്ലിമായ പരീക്കുട്ടിയുടെയും ഹിന്ദുവായ കറുത്തമ്മയുടെയും പ്രണയത്തെ നെഞ്ചോട് ചേര്‍ത്തവരാണ് മലയാളികള്‍. അവരുടെ വേര്‍പിരിയലിനെ, നിസ്സഹായതകളെ നൊമ്പരമായി ഏറ്റുവാങ്ങിയ നാടാണ് കേരളം. മലയാളികളുടെ പ്രണയ നൊസ്റ്റാള്‍ജിയയില്‍ എന്നും തലയെടുപ്പോടെ നിന്നവരായിരുന്നു തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും, അനിയത്തിപ്രാവിലെ സുധിയും മിന്നിയും, തട്ടത്തിന്‍ മറയത്തിലെ വിനോദും ആയിഷയും, മൊയ്തീനും കാഞ്ചനമാലയും, അന്നയും റസൂലും… അങ്ങനെ ജാതിമതഭേദങ്ങളെ തകര്‍ത്തെറിഞ്ഞ എത്രയെത്ര പ്രണയങ്ങളെ മലയാളി നെഞ്ചിലേറ്റി.

ആ ചരിത്രമുള്ള കേരളത്തിലാണ് ഇന്ന് ജാതിമത ഭീകരരെ ഭയന്ന് പ്രണയവും പ്രണയാവിഷ്‌കാരങ്ങളും തലകുനിക്കേണ്ടി വരുന്നത്. പ്രണയം ജൈവികമായ ഒരു പ്രക്രിയയാണ്. മനുഷ്യര്‍ തീര്‍ത്ത അതിര്‍വരമ്പുകളെക്കുറിച്ച് പ്രണയത്തിന് ധാരണയില്ല. ഒറ്റപ്പെട്ട അപൂര്‍വം ഉദാഹരണങ്ങള്‍ക്കപ്പുറത്ത് വര്‍ഗീയകലാപങ്ങള്‍ക്കും കൂട്ടക്കുരുതികള്‍ക്കും ഇനിയും വേദിയാകാത്ത കേരളത്തിന്റെ ബാക്കി നില്‍ക്കുന്ന മതേതരത്വത്തെ നിലനിര്‍ത്താന്‍ മതേതരമായ പ്രണയങ്ങള്‍ക്കും പ്രണയാവിഷ്‌കാരങ്ങള്‍ക്കും കാവല്‍ നില്‍ക്കേണ്ട ബാധ്യത നമുക്കുണ്ട്.

Content Highlight: Sanghparivar attack against film – hindu muslim love – palakkad

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍