'അവനെ ഞങ്ങള്‍ കത്തിക്കും'; ദല്‍ഹിയില്‍ സംവിധായകന്‍ പ്രിയനന്ദനെതിരെ സംഘപരിവാര്‍ കൊലവിളി; കേരളക്ലബ്ബില്‍ നടത്താനിരുന്ന പരിപാടി അലങ്കോലമാക്കി
Intolerance
'അവനെ ഞങ്ങള്‍ കത്തിക്കും'; ദല്‍ഹിയില്‍ സംവിധായകന്‍ പ്രിയനന്ദനെതിരെ സംഘപരിവാര്‍ കൊലവിളി; കേരളക്ലബ്ബില്‍ നടത്താനിരുന്ന പരിപാടി അലങ്കോലമാക്കി
ന്യൂസ് ഡെസ്‌ക്
Friday, 8th March 2019, 11:20 pm

ന്യൂദല്‍ഹി: പ്രശസ്തമായ ദല്‍ഹി കേരളാ ക്ലബ്ബില്‍ സംവിധായകന്‍ പ്രിയനന്ദന്‍ പങ്കെടുക്കാനിരുന്ന സംവാദ പരിപാടി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് അലങ്കോലമാക്കി. പ്രിയനന്ദനെ കൊല്ലുമെന്നടക്കം ഭീഷണിപ്പെടുത്തിയ സംഘം നാമജപ വിളികളുമായി ക്ലബ്ബ് ഹാളിനകത്തെ കാര്‍ട്ടൂണുകളടക്കം നശിപ്പിച്ചു.

വിമാനം വൈകിയത് മൂലം പ്രിയനന്ദന്‍ ചര്‍ച്ചയ്ക്ക് എത്തിയിരുന്നില്ല. എത്തിയിരുന്നെങ്കില്‍ പ്രിയനന്ദനെതിരെ ഭീഷണി ഉയര്‍ത്താന്‍ ആയിരുന്നു ഇവരുടെ നീക്കം.പരിപാടി ആരംഭിച്ച് ആമുഖം അവതരിപ്പിച്ചതിന് പിന്നാലെ ശബരിമല വിഷയത്തില്‍ പ്രിയനന്ദന്‍ സ്വീകരിച്ച നിലപാടിനെ എതിര്‍ത്ത് 20ഓളം പേര്‍ ചേര്‍ന്ന് ചര്‍ച്ച തടസ്സപ്പെടുത്തി. കുഴപ്പമുണ്ടാക്കരുതെന്ന സംഘാടകരുടെ അഭ്യര്‍ത്ഥന ചെവികൊള്ളാന്‍ തയ്യാറാകാഞ്ഞ സംഘപരിവാറുകള്‍ സംഘാടകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

 

പ്രിയനന്ദനെതിരായ പ്രതിഷേധത്തിനിടെ കേരളാ ക്ലബ്ബ് ഹാളില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വെച്ച കാര്‍ട്ടൂണാണ് പ്രതിഷേധക്കാര്‍ പറച്ചു കളഞ്ഞത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാര്‍ട്ടൂണിസ്റ്റ് സുഭാഷ് കെ. കെ. ഹാസ്യ കൈരളിക്ക് മുഖചിത്രമായി വരച്ച കാര്‍ട്ടൂണാണിത്. ബി.ജെ.പിയെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ദൈവ നിന്ദയാണെന്ന് ആരോപിച്ചായിരുന്നു അഴിഞ്ഞാട്ടം.

ഇത് രണ്ടാം തവണയാണ് ശബരിമല വിഷയത്തിലെ നിലപാടിന്റെ പേരില്‍ പ്രിയനന്ദനെതിരെ സംഘപരിവാര്‍ ആക്രമണവും പ്രതിഷേധവും ഉണ്ടാകുന്നത്.

ആദ്യം തൃശൂരിലും ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് വെച്ചുമാണ് തന്നെ ലക്ഷ്യം വെച്ചിരിക്കുന്നതെന്നും നാമജപം ചൊല്ലി ദല്‍ഹിയിലെ സംഘപരിവാറുകാരായ മലയാളികളായ ആളുകളാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും പ്രിയനന്ദന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

 

“”കേരള ക്ലബ്ബിന്റെ നാടകവും സിനിമയും എന്ന പേരില്‍ ചര്‍ച്ച ഉണ്ടായിരുന്നു. ഞാന്‍ എത്തുന്നതിന് മുമ്പ് തന്നെ സംഘര്‍ഷമുണ്ടാക്കുകയും അവിടെ ഉണ്ടായിരുന്ന കാര്‍ട്ടൂണ്‍ നശിപ്പിക്കുകയും ചെയ്തു. ഫിലിം ഡിവിഷനില്‍ നാളെ “സൈലന്‍സര്‍” സിനിമയുടെ പ്രിവ്യൂ നടക്കുന്നുണ്ട്. അതിനായാണ് ദല്‍ഹിയില്‍ വന്നത്. ഇതിന്റെ ഭാഗമായാണ് കേരള ക്ലബ്ബിലും പരിപാടിയില്‍ പങ്കെടുത്തത്.

നാമജപം ചൊല്ലി ദല്‍ഹിയിലെ സംഘപരിവാറുകാരായ മലയാളികളായ ആളുകളാണ് സംഘര്‍ഷമുണ്ടാക്കിയത്. ആ പഴയ ഫേസ്ബുക്ക് പോസ്റ്റും പൊക്കി പിടിച്ചാണ് ഇപ്പോള്‍ പ്രതിഷേധമുണ്ടാക്കിയിരിക്കുന്നത്.

ഞാനൊരു ചലചിത്ര പ്രവര്‍ത്തകനാണ്. പലര്‍ക്കും എന്റെ ആശയങ്ങളോട് യോജിപ്പുകളും വിയോജിപ്പുകളും ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകാം. ഉണ്ടാകണമെന്ന് തന്നെയാണ് ഞാനും പറയുന്നത്. പക്ഷെ കയ്യേറ്റം ചെയ്യുകയോ ആളുകളെ തടസ്സപ്പെടുത്തുകയോ അല്ല ചെയ്യേണ്ടത്. എന്റെ ഭാഗത്താണ് തെറ്റെങ്കില്‍ എന്നെ തിരുത്താനാണ് തയ്യാറാവേണ്ടത് അല്ലാതെ ഭയപ്പെടുത്താനല്ല.”” പ്രിയനന്ദന്‍ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുമ്പ് സ്ഥാപിതമായ മലയാളികളുടെ കൂട്ടായ്മയാണ് കേരളാ ക്ലബ്ബെന്ന് അംഗങ്ങളിലൊരാള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഒ.വി വിജയനും എം. മുകുന്ദനും അടക്കമുള്ള സാഹിത്യകാരന്മാര്‍ സ്ഥിരമായി ചര്‍ച്ചകള്‍ക്കായി പങ്കെടുത്തിരുന്ന ക്ലബ്ബില്‍ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ക്ലബ്ബ് അംഗം പറഞ്ഞു.

അടുത്ത ദിവസം ഫിലിം ഡിവിഷനില്‍ നടക്കാനിരിക്കുന്ന സിനിമാ പ്രദര്‍ശനവും സംവാദവും അലങ്കോലപ്പെടുത്തുമെന്നും സംഘം വെല്ലുവിളിച്ചിട്ടുണ്ട്.

കാര്‍ട്ടൂണ്‍