ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്‌ലിം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ നേതാവ്
Intolerance
ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്‌ലിം അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ നേതാവ്
ന്യൂസ് ഡെസ്‌ക്
Friday, 2nd August 2019, 12:45 pm

സൊമാറ്റോ വിഷയത്തില്‍ ‘ന്യൂസ് 24’ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ മുസ്‌ലിമായ വാര്‍ത്താ അവതാരകനെ കാണാതിരിക്കാന്‍ കണ്ണുപൊത്തി സംഘപരിവാര്‍ സംഘടനയായ ‘ഹം ഹിന്ദു’ വിന്റെ നേതാവ് അജയ് ഗൗതം.

മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ചൗധരി നയിച്ച ചര്‍ച്ച മറ്റൊരവതാരകനായ സൗദ് മുഹമ്മദ് ഖാലിദിന് കൈമറുമ്പോഴാണ് അജയ് ഗൗതം കണ്ണുപൊത്തിയത്.

ഗൗതമിനെ ഇനി സ്റ്റുഡിയോയിലേക്ക് മറ്റു ചര്‍ച്ചകള്‍ക്കായി വിളിക്കേണ്ടതില്ലെന്ന് ചാനല്‍ അധികൃതര്‍ തീരുമാനമെടുത്തിട്ടുണ്ട്. 2015ല്‍ സ്ഥാപിച്ച ‘ഹം ഹിന്ദു’ വിന്റെ വെബ്‌സൈറ്റ് പ്രകാരം പൂര്‍ണ്ണ ഹിന്ദുരാഷ്ട്രത്തിനായി നിലകൊള്ളുന്ന സംഘടനയാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മുസ്‌ലിം ചെറുപ്പക്കാരന്‍ കൊണ്ടു വന്നതിനാല്‍ തിരിച്ചയച്ച സംഭവമാണ് ചാനല്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നത്. ആഗസ്റ്റ് ഒന്നിന് ചാനല്‍ യൂട്യൂബില്‍ പുറത്തു വിട്ട ചര്‍ച്ചയുടെ വീഡിയോയില്‍ ഈ ദൃശ്യങ്ങളില്ല. ഇപ്പോള്‍ ട്വിറ്ററിലാണ് സ്റ്റുഡിയോയില്‍ നടന്ന സംഭവങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.