ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു ശ്രീരാമനെ കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ ബി.ജെ.പി- സംഘപരിവാർ പ്രതിഷേധം.
ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു ശ്രീരാമനെ കുറിച്ച് നടത്തിയ പരാമർശത്തിനെതിരെ ബി.ജെ.പി- സംഘപരിവാർ പ്രതിഷേധം.
ചെന്നൈയിൽ കമ്പർ കഴകം സംഘടിപ്പിച്ച രാമായണത്തിന്റെ തമിഴ് പതിപ്പ് രചിച്ച പുരാതന കവി കമ്പറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെ പറഞ്ഞ ‘സീതയെ നഷ്ടമായ ശ്രീരാമന് ഭ്രാന്ത് പിടിച്ചു’ എന്ന പരാമർശമാണ് വിവാദമായത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു വൈരമുത്തുവിന്റെ പരാമർശം.
വൈരമുത്തുവിന്റെ പരാമർശം അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു. വൈരമുത്തുവിന്റെ അഭിപ്രായങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അംഗീകരിക്കുന്നുണ്ടോയെന്നും നൈനാർ നാഗേന്ദ്രൻ ചോദിച്ചു.
മതപരമായ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിൽ ഡി.എം.കെ. ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
വൈരമുത്തു പമ്പര വിഡ്ഡിയാണെന്ന് ബി.ജെ.പി വക്താവ് നാരായണൻ തിരുപ്പതി പറഞ്ഞു. അദ്ദേഹം മുമ്പ് നടത്തിയ ആണ്ടാളിനെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളും മീറ്റൂ വിനിടെയുണ്ടായ ലൈംഗിക ആരോപണങ്ങളും ഉൾപ്പെടെയുള്ള ആരോപണങ്ങളും ബി.ജെ.പി നേതാക്കൾ ഉയർത്തിക്കാട്ടി. അതേസമയം, ഡി.എം.കെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഭരതന് വേണ്ടി രാജ്യം വിട്ടുകൊടുത്ത ശ്രീരാമൻ ബാലിയെക്കൊന്ന് രാജ്യം സുഗ്രീവന് നൽകിയ വൈരുധ്യം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു വൈരമുത്തുവിൻ്റെ പരാമർശം.
ബാലി സുഗ്രീവ യുദ്ധത്തിനിടെ രാമൻ പിന്നിൽ നിന്ന് അമ്പയച്ച് ബാലിയെ കൊലപ്പെടുത്തിയതിന് കമ്പരാമായണത്തിൽ ഉചിതമായ കാരണം പറയുന്നു.
ഒളിത്താവളത്തിൽ നിന്ന് ബാലിയെ ആക്രമിച്ച ശ്രീരാമന് വാൽമീകിയും ബാലിയും ലോകവും മാപ്പ് നൽകില്ല. പക്ഷെ, ശ്രീരാമന് കമ്പർ മാപ്പ് നൽകി.
ബാലിയെ അപ്രകാരം വധിച്ചത് രാമൻ അത്തരം മാനസികാവസ്ഥയിൽ ആയതിനാലാകാമെന്നാണ് കമ്പർ പറയുന്നത്. അത്തരമൊരു അവസ്ഥയിൽ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഐ.പി.സി സെക്ഷൻ 84 പ്രകാരം കുറ്റകൃത്യങ്ങളായി കണക്കാക്കില്ല. കമ്പർക്ക് ഈ നിയമം അറിയില്ല. പക്ഷെ സമൂഹത്തിന് അറിയാമായിരുന്നു. കമ്പർ രാമനെ മനുഷ്യനാക്കി മാറ്റി എന്നാണ് വൈരമുത്തു പറഞ്ഞത്.
Content Highlight: Sangh Parivar insults Vairamuthu for his reference to Rama