ഫലസ്തീന്‍ പതാകയേന്തി സപോര്‍ട്‌സ് മീറ്റിലെ വിജയികള്‍; പ്രകോപിതനായി ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയെന്ന് അധിക്ഷേപിച്ച് സെന്‍കുമാര്‍
Kerala
ഫലസ്തീന്‍ പതാകയേന്തി സപോര്‍ട്‌സ് മീറ്റിലെ വിജയികള്‍; പ്രകോപിതനായി ഡോഗ്‌സ് ഓണ്‍ കണ്‍ട്രിയെന്ന് അധിക്ഷേപിച്ച് സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th October 2025, 8:21 am

തലശേരി: തലശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാമത് വാഫി സ്റ്റേറ്റ് സ്‌പോര്‍ട്‌സ് മീറ്റില്‍ വിജയികള്‍ കഫിയ അണിഞ്ഞും ഫലസ്തീന്‍ പതാകയുയര്‍ത്തിയും വിജയം ആഘോഷിച്ചതിനെതിരെ സോഷ്യല്‍മീഡിയയിലെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍.

വടകര എം.പി ഷാഫി പറമ്പില്‍ സ്‌പോര്‍ട്‌സ് മത്സരങ്ങളിലെ വിജയികള്‍ക്ക് കഫിയയും ഫലസ്തീന്‍ പതാകയും സമ്മാനിച്ച് പുഞ്ചിരിയോടെ നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയയിലെ ഉത്തരേന്ത്യന്‍ സംഘപരിവാര്‍ അക്കൗണ്ടുകളടക്കം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. കാസയും വിദ്വേഷ പ്രചാരണത്തിന് മുന്നിലുണ്ട്.

കേരളത്തില്‍ മുന്‍ ഡി.ജിപിയും ബി.ജെ.പി നേതാവുമായ ടി.പി. സെന്‍കുമാറടക്കമുള്ളവര്‍ ആരംഭിച്ച വിദ്വേഷപ്രചാരണം വൈകാതെ രാജ്യത്താകമാനമുള്ള സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ഏറ്റെടുക്കുകയായിരുന്നു.

കേരളത്തിനെ ഡോഗ്‌സ് ഓണ്‍ കണ്‍ട്രി എന്ന് അധിക്ഷേപിച്ചാണ് സെന്‍കുമാറിന്റെ ഫേസ്ബുക്കിലെ പോസ്റ്റ്. ‘ഈ ചിത്രം ഫലസ്തീനില്‍ നിന്നോ ഒരു അറബ് രാഷ്ട്രത്തില്‍ നിന്നോ ഉള്ളതല്ല, മറിച്ച് ഗോഡ്‌സ് (ഡോഗ്‌സ്) ഓണ്‍ കണ്‍ട്രിയായ കേരളത്തിലെ ഒരു സ്‌പോര്‍ട്‌സ് പുരസ്‌കാര വേദിയില്‍ നിന്നുള്ളതാണ്.

ഇടത്തേയറ്റത്ത് നിന്ന് കോള്‍ഗേറ്റ് പുഞ്ചിരി തൂകി രോമാഞ്ചത്തോടെ നോക്കി നില്‍ക്കുന്നത് ഒരു പാര്‍ലമെന്റേറിയനാണ്. ഷാഫി പറമ്പില്‍ എം.പി, കേരള സാര്‍..100 ശതമാനം ലിറ്ററസി സാര്‍’, എന്നാണ് സെന്‍കുമാറിന്റെ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റ്.

സമാനമായ കുറിപ്പുകളോടെയാണ് എക്‌സ് അക്കൗണ്ടുകളിലും ഈ ഫോട്ടോ പ്രചരിക്കുന്നത്. ‘സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റുകള്‍ ഇന്ത്യയുടെ യുവപ്രതിഭകള്‍ക്ക് ആഘോഷമാക്കാനുള്ളതാണ്. എന്നാല്‍ കേരളത്തിലത് വിദേശ പതാകകള്‍ ഉയര്‍ത്താനുള്ള വേദിയാണ്. സ്‌കൂള്‍-ലെവല്‍ വിജയികള്‍ വിക്ടറി സ്റ്റാന്‍ഡില്‍ ഫലസ്തീന്‍ പതാകകള്‍ പറത്തുന്നു. അതുകണ്ട് അഭിമാനത്തോടെ നില്‍ക്കുകയാണ് കോണ്‍ഗ്രസ് എം.പിയായ ഷാഫി പറമ്പില്‍’, എന്നാണ് എക്‌സിലെ ഒരു പോസ്റ്റ്. ‘പുതിയ കേരളത്തിലേക്ക് സ്വാഗതം’, എന്ന് അലര്‍ട്ട് ചിഹ്നത്തോടൊപ്പം കുറിച്ചിട്ടുമുണ്ട്.

അതേസമയം, ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലായി തലശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന വാഫി സ്‌പോര്‍ട്‌സ് മീറ്റില്‍ നിന്നുള്ളതാണ് ഷാഫി പറമ്പിലിന്റെ ചിത്രം.

വാഫി സ്റ്റുഡന്റ് ഫെഡറേഷന്‍, ഷാഫി പറമ്പില്‍ എം.പി പരിപാടിക്കെത്തുന്നതും മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് കഫിയ പുതപ്പിക്കുന്നതും ഫലസ്തീന്‍ പതാക സമ്മാനിക്കുന്നതുമായ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്.

സി.ഐ.സിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇസ്ലാമിക് കോളേജുകളിലെ വാഫി വിദ്യാര്‍ത്ഥികളുടെ സ്‌പോര്‍ട്‌സ് മീറ്റാണ് തലശേരിയിലെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നത്.

Content Highlight: Sangh Parivar handles on social media are protesting against the winners of the Wafy State Sports Meet celebrating their victory by wearing keffiyehs and raising the Palestinian flag