'ക്ഷേത്രങ്ങളിലേക്ക് വാ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളില്‍ ഇടമില്ല'; മനുഷ്യ ചങ്ങലയെ പിന്തുണച്ചതില്‍ പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം
Kerala News
'ക്ഷേത്രങ്ങളിലേക്ക് വാ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളില്‍ ഇടമില്ല'; മനുഷ്യ ചങ്ങലയെ പിന്തുണച്ചതില്‍ പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st January 2024, 10:34 pm

ചാലക്കുടി: ഡി.വൈ.എഫ്.ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് പിന്തുണ നല്‍കിയതില്‍ നാടന്‍പാട്ട് ഗായിക പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. മനുഷ്യ ചങ്ങലയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് വീഡിയോ ചെയ്തതിന്റെ പേരിലാണ് പ്രസീതക്കെതിരെ സംഘപരിവാറിന്റെ ഭീഷണി. വ്യാപകമായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് പ്രസീത ചാലക്കുടി രംഗത്തെത്തി.

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ അടിസ്ഥാനമാക്കിയുള്ള വീഡിയോ പോസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളായും സന്ദേശങ്ങള്‍ വഴിയുമാണ് ഭീഷണി. ‘ക്ഷേത്രങ്ങളിലേക്ക് വാ, നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളില്‍ ഇടമില്ല’ എന്ന രീതിയിലാണ് സംഘപരിവാര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഹിന്ദു വിശ്വാസം തെറ്റാണ് എന്ന് താന്‍ പറഞ്ഞുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നതായി പ്രസീത ചൂണ്ടിക്കാട്ടി. ഈശ്വര വിശ്വാസം തീപന്തമാണ് അതെടുത്ത് തലചൊറിയാന്‍ നില്‍ക്കരുതെന്ന് പ്രസീത വിദ്വേഷ പ്രചാരകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കലാപരമായി എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് ഈശ്വര വിശ്വാസപരമായ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കാറുള്ള വ്യക്തിയാണ് താനെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പ്രസീത വ്യക്തമാക്കി. എന്റെ ആശയങ്ങളോട് ചേര്‍ന്ന് പോവാന്‍ താത്പര്യമില്ലാത്തവര്‍ക്ക് അത് പ്രകടിപ്പിക്കാം എന്നാല്‍ തെറ്റായതും വെറുപ്പുളവാക്കുന്നതുമായ രീതിയിലുള്ള പ്രചരണങ്ങള്‍ക്ക് പിന്നിലുള്ള ഉദ്ദേശം മനസിലാക്കണമെന്നും പ്രസീത ആവശ്യപ്പെട്ടു.

സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായ നടപടി വേണമെന്നും പ്രസീത കൂട്ടിച്ചേര്‍ത്തു. ഇതുവരെ കൂടെ നിന്നവര്‍ തന്റെ നിലപാടുകളെ മനസിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഇഷ്ടമുള്ളവര്‍ മാത്രം ഭാവിയില്‍ തനിക്ക് പരിപാടികള്‍ നല്‍കിയാല്‍ മതിയെന്നും പ്രസീത പറഞ്ഞു.

Content Highlight: Sangh Parivar cyber attack on Praseetha Chalakudy for supporting Manushya changala