ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളികളായ പെന്തക്കോസ്ത് വിശ്വാസികള്‍ക്ക് നേരെ സംഘപരിവാറിന്റെ ആക്രമണം. പാസ്റ്റര്‍ ബോവസ് ഡാനിയേലിനും വിശ്വാസികള്‍ക്കും നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.
രാജസ്ഥാനിലെ ജയ്പൂരില്‍ അസംബ്ലീസ് ഓഫ് ഗോഡ് എന്ന പെന്തക്കോസ്ത് സഭാ സമൂഹത്തിന്റെ ഞായറാഴ്ചയിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്കിടെയായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരെത്തി ആക്രമണം നടത്തിയത്. ജയ്പൂരിലെ ഈ വിശ്വാസികള്‍ക്ക് നേരെ മുമ്പും സംഘപരിവാറിന്റെ ഭീഷണിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആരാധനാലയത്തിലേക്ക് തള്ളിക്കയറിയ സംഘം ഗര്‍ഭിണികളെയടക്കം വലിച്ചിഴയ്ക്കുകയും വടികൊണ്ടടിച്ച് വീഴ്ത്തുകയും നിലത്തിട്ട് ആക്രമിക്കുകയുമായിരുന്നെന്ന് വിശ്വാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പ്രാര്‍ത്ഥന ആരംഭിച്ച സമയത്ത് തന്നെയായിരുന്നു ആക്രമണം. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസെത്തിയാണ് പിന്തിരിപ്പിച്ചത്.
വിശ്വാസികളെ ആരാധനാലയത്തില്‍ നിന്നും പുറത്തിറക്കി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ മറ്റിടങ്ങളിലെ പെന്തക്കോസ്ത് വിശ്വാസികള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് പ്രാര്‍ത്ഥന നടത്തി പ്രതിഷേധിച്ചു. സംഘപരിവാറിന്റെ ഭീഷണി ഇപ്പോഴും ഇവര്‍ക്ക് നേരെ നിലനില്‍ക്കുകയാണ്. ഇതിനിടെ പൊലീസ് ആക്രമണമുണ്ടായ ആരാധനാലയം താത്കാലികമായി അടച്ചിട്ടു.
Content Highlight: Sangh Parivar attacks Malayali Pentecostal believers in Rajasthan; several injured