രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് ആര്‍.എസ്.എസെന്ന പരാമര്‍ശത്തില്‍ നെയ്യാറ്റിൻകരയിൽ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍
Kerala News
രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് ആര്‍.എസ്.എസെന്ന പരാമര്‍ശത്തില്‍ നെയ്യാറ്റിൻകരയിൽ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th March 2025, 10:52 pm

തിരുവനന്തപുരം: ആര്‍.എസ്.എസിനെ വിമര്‍ശിച്ചെന്ന് ആരോപിച്ച് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പ്രമുഖ ഗാന്ധിയനുമായ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍. അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിന് നെയ്യാറ്റിന്‍കരയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

രാജ്യത്തിന്റെ ആത്മാവിനെ ക്യാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും ആ ക്യാന്‍സറാണ് ആര്‍.എസ്.എസ് എന്ന തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശമാണ് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. പ്രസംഗത്തിന് പിന്നാലെ പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തെ തടഞ്ഞ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ഈ പ്രസംഗം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ഇല്ലാത്തപക്ഷം ഇവിടെ നിന്ന് പോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു.

എന്നാല്‍ പ്രതിഷേധം വകവെക്കാതിരുന്ന തുഷാര്‍ ഗാന്ധി, ‘ഗാന്ധിജി സിന്ദാബാദ്, ആര്‍.എസ്.എസ് മൂര്‍ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കിയ ശേഷം കാറില്‍ കയറി പോവുകയായിരുന്നു.

ഗാന്ധി-ഗുരു സംഗമത്തിന്റ നൂറാം വാര്‍ഷികദിനത്തില്‍ ഗാന്ധിയുടെ പൈതൃകത്തില്‍പ്പെട്ട തുഷാര്‍ ഗാന്ധിയെ തടഞ്ഞുവെച്ചു എന്നത് കേരളത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. തുഷാര്‍ ഗാന്ധി ആര്‍.എസ്.എസിനെക്കുറിച്ച് പറഞ്ഞത് വളരെ ശരിയാണെന്നും അദ്ദേഹത്തിന് അതിനുള്ള അവകാശമുണ്ടെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് കേരളം മുഴുവന്‍ അദ്ദേഹത്തോടൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഗാന്ധിയെ വെടിവെച്ചുകൊന്ന വെടിയുണ്ടയാണ് ആര്‍.എസ്.എസെന്ന് പറഞ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അതുകൊണ്ട് മാത്രമാണ് അവര്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞതെന്നും അഭിപ്രായപ്പെട്ടു.

ബ്രിട്ടീഷുകാര്‍ക്ക് രാജ്യത്തെ ഒറ്റുകൊടുത്തവരാണ് ആര്‍.എസ്.എസെന്നും അവരുടെ ബാക്കി പത്രമാണ് ബി.ജെ.പിയെന്നും അദ്ദേഹം പറയുകയുണ്ടായി. അവര്‍ക്ക് ഗാന്ധി ചേര്‍ത്ത് പിടിച്ചതിനോടെല്ലാം പകയാണെന്നും അതാണ് ഇന്ന് നാം നെയ്യാറ്റിന്‍കരയില്‍ കണ്ടെതെന്നും ബിനോയ് വിശ്വം പറഞ്ഞു.

Content Highlight: Sangh Parivar activists stopped Tushar Gandhi for his remark that RSS is a cancer that has affected the soul of the country