അവരെയൊക്കെ മിസ് ചെയ്യാറുണ്ട്; ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങളൊക്കെ എനിക്ക് വിലപ്പെട്ടത്: സംഗീത
Malayalam Cinema
അവരെയൊക്കെ മിസ് ചെയ്യാറുണ്ട്; ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങളൊക്കെ എനിക്ക് വിലപ്പെട്ടത്: സംഗീത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th September 2025, 9:40 am

ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംഗീത. നിരവധി സിനിമകളില്‍ ഭാഗമായിരുന്ന അവര്‍ ഒരുകാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിരക്കുള്ള നടിയായിരുന്നു. മലയാളികള്‍ എപ്പോഴും സംഗീതയെ ഓര്‍ത്തെടുക്കുന്നത് ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ്. ഹൃദയപൂര്‍വ്വമാണ് സംഗീതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത് ചിത്രം.

സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ സംഗീത. സുഹൃത്തുക്കള്‍ ആരുമില്ലെന്ന് പറഞ്ഞാണ് നടി തുടങ്ങിയത്.

‘എന്റെ പങ്കാളി (ശരവണന്‍) വര്‍ക്ക് ചെയ്യുന്ന സെറ്റില്‍നിന്ന് ആരെങ്കിലും അന്വേഷിക്കുമ്പോള്‍ അവരെ കാണാന്‍പോകും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി അടുപ്പമുണ്ട്. അവരെയൊക്കെ ഇടയ്ക്കിടെ കാണും. സുരേഷ് ഗോപി സാറിന്റെ മകളുടെ കല്യാണത്തിന് വിളിച്ചിരുന്നു. പക്ഷേ, അന്ന് പോകാന്‍ കഴിഞ്ഞില്ല.

തീര്‍ച്ചയായും എനിക്ക് സീനിയേഴ്സിനെ മിസ്‌ചെയ്യുന്നുണ്ട്. തിലകന്‍സാര്‍, ഇന്നസെന്റ്‌റ്‌സാര്‍, മുരളിസാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍സാര്‍. അവരുടെ കൂടെയൊക്കെ വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം കിട്ടിയല്ലോ എന്ന് ചിന്തിക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്,’ സംഗീത പറയുന്നു.

ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങളൊക്കെ തനിക്ക് വളരെ വിലപ്പെട്ടതാണെന്നും അന്ന് താന്‍ ചെറുപ്പമായതുകൊണ്ട് തന്നെ തിരുത്താനും ഉപദേശിക്കാനും ആരെങ്കിലുമൊക്കെ കൂടെയുണ്ടാകുമായിരുന്നുവെന്നും നടി പറയുന്നു.

‘ഓരോ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴും മാലാഖമാരെപ്പോലെ കരുതലായി ഓരോരുത്തര്‍ കൂട്ടിനുണ്ടാകും. അത് ചിലപ്പോള്‍ നടനോ നടിയോ സാങ്കേതികപ്രവര്‍ത്തകരോ ആരുമാവാം. ആ സ്‌നേഹവും വാത്സല്യവുമൊക്കെ മിസ്‌ചെയ്യുന്നുണ്ട്,’ സംഗീത പറഞ്ഞു.

ഛായാഗ്രാഹകനും സംവിധായകനുമായ തന്റെ പങ്കാളി ശരവണനെ കുറിച്ചും നടി സംസാരിച്ചു. സിനിമയുമായി തന്നെ കണക്ട്‌ചെയ്തിരുന്ന വ്യക്തി ഭര്‍ത്താവാണെന്നാണ് സംഗീത പറയുന്നത്. അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ക്ക് എല്ലാ രീതിയിലും പിന്തുണ നല്‍കാറുണ്ടെന്നും ആശയങ്ങള്‍ പരസ്പ്പരം തങ്ങള്‍ പങ്കുവെക്കാറുണ്ടെന്നും സംഗീത കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ തിരക്കഥാരചന നടക്കുകയാണ്. സത്യംപറഞ്ഞാല്‍ സിനിമയില്‍ ഇടവേള വന്നുവെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. വീട്ടില്‍ സിനിമാചര്‍ച്ചകള്‍ നടക്കാറുണ്ട്. ഭര്‍ത്താവും മകളും ഭര്‍ത്താവിന്റെ അച്ഛനമ്മമാരുമൊക്കെയായി ജീവിതം മുന്നോട്ടുപോകുകയായിരുന്നു,’ സംഗീത പറയുന്നു.

Content highlight:  Sangeetha says that  she misses senior actors in malayalm   film industry