ആ യാത്രയില്‍ പ്രേമലു ഒന്നു കൂടെ കണ്ടു; അമല്‍ ഡേവിസിനെ ഞാനും അപ്പോള്‍ ഇഷ്ടപ്പെട്ടു തുടങ്ങി: സംഗീത് പ്രതാപ്
Malayalam Cinema
ആ യാത്രയില്‍ പ്രേമലു ഒന്നു കൂടെ കണ്ടു; അമല്‍ ഡേവിസിനെ ഞാനും അപ്പോള്‍ ഇഷ്ടപ്പെട്ടു തുടങ്ങി: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th September 2025, 7:19 am

എഡിറ്ററായി കരിയര്‍ തുടങ്ങിയ സംഗീത് പ്രതാപ് ഇന്ന് മലയാളികളുടെ ഇഷ്ട അഭിനേതാവാണ് കൂടിയാണ്. പ്രേമലുവിലൂടെ കരിയര്‍ തന്നെ മാറിയ സംഗീത് ഒടുവില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിലൂടെയും പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.

പ്രേമലുവില്‍ അഭിനയിക്കുന്നതിന് മുമ്പ് ഹൃദയം, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളില്‍ സംഗീത് അഭിനയിച്ചിരുന്നു. അഭിനയിച്ചപ്പോള്‍ നല്ല രസം തോന്നിയത് സൂപ്പര്‍ ശരണ്യയുടെ ലൊക്കേഷനില്‍ വച്ചാണെന്ന് ഇപ്പോള്‍ അദ്ദേഹം പറയുന്നു. അതിലെ കഥാപാത്രവും എഡിറ്റ്ങ് പഠിക്കാനായി കൊച്ചിയിലെത്തിയ ഒരു യൂത്തനാണ്.

‘ആ സെറ്റില്‍ വെച്ച് മമിതയോടും അന്ന് വലിയ കമ്പനിയായി. പിന്നാലെയാണ് പ്രേമലുവില്‍ അഭിനയിക്കുന്നത്. ആദ്യ മുഴുനീള കഥാപാത്രത്തിന്റെ ടെന്‍ഷനുണ്ടായിരുന്നു. ഏറ്റവും ടെന്‍ഷനടിച്ചത് കാര്‍ ചേസിങ് സീനിലാണ്. ഡ്രൈവിങ്ങിന്റെ ആദ്യപാഠങ്ങള്‍ മാത്രമേ അറിയൂ. പക്ഷേ, എല്ലാം നന്നായി തന്നെ വന്നു. ഫ്രണ്ട്ഷിപ്പിന്റെ കെമിസ്ട്രി അതിലെ കോംബിനേഷന്‍ സീനുകളിലെല്ലാം വര്‍ക്കായി,’ സംഗീത് പറഞ്ഞു.

പാട്ട് സീനിലും സംഭാഷണത്തിലുമൊക്കെ താനും നസ്ലെനും പഴയ മിമിക്രി നമ്പരുകളൊക്കെ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രമോഷന് ദുബായിലേക്ക് പോയപ്പോള്‍ വിമാനത്തിലിരുന്നു പ്രേമലു ഒന്നുകൂടി കണ്ടെന്നും അപ്പോള്‍ അമല്‍ ഡേവിസിനെ തനിക്കും ഇഷ്ടമായെന്നും സംഗീത് പറഞ്ഞു.

‘അഭിനയിച്ചത് വീണ്ടും കാണുമ്പോഴുള്ള ബുദ്ധിമുട്ട് മാറിയതോടെ ഇനി കുറച്ചുകാലം അഭിനയം മതിയെന്ന ചിന്ത വന്നിട്ടുണ്ട്. പ്രേമലു തെലുങ്കിനു ശേഷം സംവിധായകന്‍ രാജമൗലിയോട് സംസാരിക്കാനായതൊക്കെ വലിയ സന്തോഷമാണ്. അമല്‍ ഡേവിസിനെ ഇഷ്ടമായെന്ന് പറഞ്ഞു വിളിച്ചവരുടെ കൂട്ടത്തില്‍ മലയാളത്തിലെ സീനിയേഴ്സുമുണ്ട്. സംവിധായകന്മാരായ ഫാസില്‍ സാര്‍, സത്യന്‍ അന്തിക്കാട് സാര്‍, പ്രേമലു ടുവിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍,’ സംഗീത് പറയുന്നു.

Content highlight: Sangeeth prathap  talks about the films Premalu and Super Saranya and his entry into acting