ആ സെറ്റ് എനിക്കെന്റെ വീട് പോലെ; അത്തരം നിമിഷങ്ങള്‍ ഇനിയുണ്ടാകില്ല: സംഗീത് പ്രതാപ്
Malayalam Cinema
ആ സെറ്റ് എനിക്കെന്റെ വീട് പോലെ; അത്തരം നിമിഷങ്ങള്‍ ഇനിയുണ്ടാകില്ല: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd September 2025, 1:19 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സംഗീത് പ്രതാപ്. അദ്ദേഹത്തിന്റേതായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. മലയാളത്തിന്റെ പ്രിയജോഡി സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ സിനിമയാണിത്.

ഇപ്പോള്‍ ഹൃദയപൂര്‍വ്വം സിനിമയുടെ ലൊക്കോഷനെ കുറിച്ച് പറയുകയാണ് സംഗീത്. താന്‍ ലൊക്കേഷനിലേക്ക് വരുമ്പോള്‍ ആദ്യം എല്ലാവരും മോഹന്‍ലാലിന്റെ കൂടെ പിടിച്ചു നില്‍ക്കണമല്ലോയെന്ന് പറഞ്ഞ് തന്നെ പേടിപ്പിച്ചിരുന്നുവെന്നാണ് നടന്‍ പറയുന്നത്.

പക്ഷെ സെറ്റില്‍ എത്തിയ ശേഷം രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം മുതല്‍ക്ക് തനിക്കും മോഹന്‍ലാലിനും ഇടയില്‍ ഒരു കണക്ഷന്‍ വന്നുവെന്നും രാവിലെ സെറ്റില്‍ എത്തിയാല്‍ പിന്നെ രാത്രി വരെ അദ്ദേഹത്തിന്റെ കൂടെ തന്നെയായിരുന്നുവെന്നും സംഗീത് പറഞ്ഞു.

‘സാധാരണ സെറ്റുകളില്‍ നമ്മളുടെ തിരക്കുകളും വളരെ ടൈറ്റായി പോകുന്ന സ്‌കെഡ്യൂളുകളുമാകുമല്ലോ. എന്നാല്‍ ഇവിടെ അങ്ങനെയുള്ള ഒരു സെറ്റായിരുന്നില്ല. ഇവിടെ ഒരു ഫാമിലി തന്നെയായിരുന്നു. നമുക്ക് വയ്യാതെ ആകുമ്പോള്‍ വിഷമിക്കുന്നവരായിരുന്നു അവിടെ ഉണ്ടായിരുന്നത്.

നമ്മളുടെ കൂടെ എല്ലാ സമയത്തും തമാശ പറയാന്‍ ആളുകളുണ്ടാകുമായിരുന്നു. എനിക്ക് എന്റെ വീട് എങ്ങനെയായിരുന്നോ അതുപോലെയായിരുന്നു ഈ സെറ്റ്. നമുക്ക് ഒരുപാട് ഇഷ്ടമുള്ള ആളുകള്‍ അവിടെ ഉണ്ടായിരുന്നു. അവരുടെ അനുഭവങ്ങളും കഥകളുമൊക്കെ കേട്ടിട്ടാണ് ഉച്ചക്ക് ഭക്ഷണം കഴിച്ചിരുന്നത്,’ സംഗീത് പ്രതാപ് പറയുന്നു.

ഇങ്ങനെയുള്ള മൊമന്റുകള്‍ ഇനി ജീവിതത്തില്‍ ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്നും ഹൃദയപൂര്‍വ്വം സിനിമയുടെ ഷൂട്ടിങ് നടന്ന ആ 40 ദിവസങ്ങളാണ് ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളതായി കണ്ട് താന്‍ ഹൃദയത്തില്‍ കൊണ്ട് നടക്കാന്‍ പോകുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ചെറുപ്പം മുതല്‍ക്ക് ഞാന്‍ ആരാധിച്ചിരുന്ന, എന്നെങ്കിലും കാണാന്‍ പറ്റുമെന്ന് പോലും അറിയാതിരുന്ന ആളുകളുടെ കൂടെ എനിക്ക് നില്‍ക്കാന്‍ സാധിച്ചു. അവരുടെ കൂടെ ചിരിക്കാന്‍ കഴിഞ്ഞു. അവരുടെ കഥകള്‍ കേട്ടു. അവരില്‍ നിന്നും വലിയ സ്‌നേഹം അനുഭവിക്കാന്‍ സാധിച്ചു,’ സംഗീത് പ്രതാപ് പറഞ്ഞു.


Content Highlight: Sangeeth Prathap Talks About Location Of Hridayapoorvam Movie