ആദ്യം ചെയ്ത മിക്ക പടങ്ങളും ബോക്സ് ഓഫീസിൽ പരാജയം; മാറ്റം വന്നത് പ്രേമലുവിന് ശേഷം: സംഗീത് പ്രതാപ്
Malayalam Cinema
ആദ്യം ചെയ്ത മിക്ക പടങ്ങളും ബോക്സ് ഓഫീസിൽ പരാജയം; മാറ്റം വന്നത് പ്രേമലുവിന് ശേഷം: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th October 2025, 10:44 pm

എഡിറ്ററായി സിനിമാരംഗത്തേക്ക് പ്രവേശനം. പിന്നീട് ചെറിയ റോളിലൂടെ അഭിനയത്തിലേക്ക് കടന്ന നടനാണ് സംഗീത് പ്രതാപ്. പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ സംഗീത് കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും അറിയപ്പെട്ടു. അവസാനമായി മോഹൻലാലിന്റെ കൂടെ ഹൃദയപൂർവ്വത്തിലും എത്തി. ഇപ്പോൾ കരിയറിലെ തിരിച്ചടികളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

‘എഡിറ്റിങ് ചെയ്തുതുടങ്ങിയ ആദ്യകാലത്ത് ഓരോന്നും വിജയിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ, പരാജയങ്ങൾ ഒരുപാട്
വന്നു. ആദ്യമൊക്കെ സ്വന്തമായി ചെയ്ത മിക്ക പടങ്ങളും ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. പ്രേമലുവിന് ശേഷമാണ് അതിലൊരു മാറ്റം വന്നതും ജീവിതം മാറിയതും.

എപ്പോഴും നമ്മുടെ വിശ്വാസങ്ങൾ ശരിയായിരിക്കണമെന്നില്ല. ചില കഥകൾ കേൾക്കുമ്പോൾ നല്ലതായി തോന്നും. പക്ഷേ, അത് ബോക്‌സ് ഓഫീസിൽ പരാജയമാവും. പരമാവധി സ്വയം വിശ്വാസമർപ്പിക്കുക. വിജയങ്ങളും അതിന് പുറകേ വരും. അങ്ങനെ ഞാൻ എന്നിൽത്തന്നെ വിശ്വാസമർപ്പിച്ചാണ് എല്ലാ സിനിമകളും ഇപ്പോൾ ചെയ്യുന്നത്,’ സംഗീത് പ്രതാപ് പറയുന്നു.

എഡിറ്റിങ്ങാണ് അന്നും ഇന്നും കൈവഴക്കമുള്ള ജോലിയായി തോന്നിയിട്ടുള്ളതെന്നും അതാണ് അക്കാദമിക്കലായി പഠിച്ചതെന്നും നടൻ പറഞ്ഞു.

എഡിറ്റിങ് ചെയ്യുന്ന സമയത്ത് താൻ ഒരു പടത്തിന് വേണ്ടി ഹാർഡ് ഡിസ്‌ക് വരെ സ്വന്തമായി പൈസ ഇട്ട് വാങ്ങിയിട്ടുണ്ട്. ബ്രോമാൻസ് സിനിമയുടെ വിജയ സമയത്താണ് ഹൃദയപൂർവ്വത്തിന്റെ ഷൂട്ട് നടക്കുന്നത്. അന്ന് തിയേറ്റർ വിസിറ്റ് ഒക്കെ പോയി ആഘോഷിച്ച് ശബ്ദം വരെ പോയി. പിറ്റേദിവസം വന്ന് അഭിനയിക്കേണ്ടത് ഡയലോഗുള്ള സീനും. അതൊക്കെ മാനേജ് ചെയ്യാൻ വളരെ ബുദ്ധിമുട്ടിയെന്നും സംഗീത് പ്രതാപ് പറഞ്ഞു.

ഹൃദയപൂർവ്വം ഷൂട്ട് ചെയ്യുന്ന സമയത്ത് തനിക്ക് പനി പിടിച്ച് അഡ്മിറ്റായെന്നും ഡിസ്ചാർജ് തരില്ലെന്ന് പറഞ്ഞ ഡോക്ടർമാരുടെ അടുത്ത് വാശി പിടിച്ചാണ് ഡിസ്ചാർജ് വാങ്ങിയതെന്നും അദ്ദേഹം പറയുന്നു. നന്നായിരിക്കുമെന്ന് പ്രതീക്ഷിച്ചാണ് എല്ലാ സിനിമകളും ചെയ്യുന്നത്.  ഒന്നും തരാതെ ഒരു സിനിമയും കടന്നുപോകില്ല. സംഗീത് കൂട്ടിച്ചേർത്തു. ഓരോന്നും ഓരോ പാഠങ്ങളാണ്, ഓരോ ചവിട്ടുപടികളാണ്. പരാജയങ്ങൾ അടുത്തതിലേക്കുള്ള എനർജി ഡ്രിങ്കായി മാത്രമേ കാണുന്നുള്ളുവെന്നും സംഗീത് പറഞ്ഞു.

Content Highlight: Sangeeth Prathap Talking about his Failure