എഡിറ്ററായി മലയാളസിനിമയിലേക്ക് വന്ന നടനാണ് സംഗീത് പ്രതാപ്. അഭിനയത്തില്‍ തന്റേതായ സ്ഥാനം നേടാന്‍ ചുരുക്കം സിനിമകള്‍ കൊണ്ട് സംഗീതിന് സാധിച്ചു. പ്രേമലു എന്ന ചിത്രത്തിലെ അമല്‍ ഡേവിസ് സംഗീതിന് കേരളത്തിന് പുറത്തും ആരാധകരെ നേടിക്കൊടുത്തു. സാക്ഷാല്‍ രാജമൗലി വരെ സംഗീതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ബ്രൊമാൻസ് എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് സെറ്റിൽ വച്ച് സംഗീതിനും അർജുൻ അശോകനും ആക്സിഡൻ്റ് സംഭവിച്ചിരുന്നു. സാരമല്ലാത്ത പരിക്കുകൾ അന്നത്തെ അപകടത്തിൽ താരത്തിന് പറ്റി.
ഇപ്പോൾ അന്ന് പറ്റിയ അപകടത്തിൽ പങ്കാളി തന്നെ കെയർ ചെയ്തതിനെപ്പറ്റി പറയുകയാണ് സംഗീത് പ്രതാപ്. ദി ക്യൂ സ്റ്റുഡിയോയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് സംഗീത് ഇക്കാര്യം വ്യക്തമാക്കിയത്.
‘അവൾ കൂടെയുണ്ടായിരുന്നു എപ്പോഴും. ജോലിയൊക്കെ വേണ്ടായെന്ന് വെച്ചിരുന്നു. എന്നാൽ കോമഡി എന്താണെന്ന് വെച്ചാൽ ഇത് കഴിഞ്ഞ് ഞാൻ പോസ്റ്റ് ഇട്ടപ്പോൾ ഇൻസ്റ്റാ റീൽ ഉണ്ടാക്കുന്ന ഒരാൾ ഇവളാണ് പെണ്ണ് എന്നൊക്കെ പറഞ്ഞ് അവളുടെയും എൻ്റെയും ഫോട്ടോസ് ഇട്ടു. ഭർത്താവിന് ആക്സിഡൻ്റ് പറ്റിയപ്പോൾ ഭാര്യ നോക്കിയത് കണ്ടോ എന്നായിരുന്നു തലക്കെട്ട്. എന്നാൽ അതിന് വന്ന കമൻ്റുകൾ കോമഡിയായിരുന്നു.
“ഞങ്ങൾ പിന്നെ ഭർത്താവിന് ആക്സിഡൻ്റ് പറ്റുമ്പോൾ കിണറ്റിൽ ഇടാറാണല്ലോ പതിവ്” എന്നൊക്കെയാണ് അതിന് കമൻ്റ് വന്നത്. അവൾക്ക് വന്നിട്ടുള്ള പ്രയാസം എന്താണെന്ന് വെച്ചാൽ അവളും കരിയർ സ്റ്റാർട്ട് ചെയ്തതേയുണ്ടായിരുന്നുള്ളു. ആ സമയത്ത് ജോലിയിൽ നിന്നും ഒരു മാസം ലീവ് എടുത്തു. ഷൂട്ടിങ്ങിൽ ലൊക്കേഷനിലേക്ക് കൂടെ വന്നു,’ സംഗീത് പ്രതാപ് പറയുന്നു. കഴിഞ്ഞ വർഷം ജൂലൈ 27നായിരുന്നു സംഗീത് പ്രതാപിനും അർജുൻ അശോകനും അപകടം സംഭവിച്ചത്.