ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഫ്ളക്സിബിലിറ്റിയുള്ള നടന്‍; ആ പ്രശംസ ആഗ്രഹിച്ചതിലും വലുതായിരുന്നു: സംഗീത് പ്രതാപ്
Malayalam Cinema
ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഫ്ളക്സിബിലിറ്റിയുള്ള നടന്‍; ആ പ്രശംസ ആഗ്രഹിച്ചതിലും വലുതായിരുന്നു: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th September 2025, 7:18 am

എഡിറ്റര്‍ ആയി കരിയര്‍ തുടങ്ങി ഇന്ന് അഭിനേതാവെന്ന നിലയിലും ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുകയാണ് സംഗീത് പ്രതാപ്. പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളികളുടെ മനസിലേക്ക് ചേക്കേറിയത്. തീയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ഹൃദയപൂര്‍വ്വത്തിലും സംഗീത് ജെറി എന്ന കഥപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസില്‍ ഇടം നേടി.

സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാലിനൊപ്പമാണ് സംഗീത് പ്രധാനവേഷത്തില്‍ എത്തിയത്. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിനെ കുറിച്ചും താന്‍ ഹൃദയപൂര്‍വ്വത്തിലേക്ക് വന്ന ഓര്‍മകളും പങ്കുവെക്കുകയാണ് നടന്‍. മലയാള സിനിമയില്‍ ഒരു ട്രേഡ് മാര്‍ക്കാണ് സത്യന്‍ അന്തിക്കാട് എന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.

‘അങ്ങനെ ഒരു സംവിധായകന്റെ സിനിമയില്‍ ഭാഗമാവുക എന്നത് തന്നെയാണ് വലിയകാര്യം. പ്രേമലു കണ്ടാണ് ആദ്യമായി സത്യന്‍ അന്തിക്കാട് വിളിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ഫ്‌ളക്‌സിബിലിറ്റിയുള്ള നടനാണ് താന്‍ എന്ന അദ്ദേഹത്തെപ്പോലൊരാളുടെ പ്രശംസ ആഗ്രഹിച്ചതിലും എത്രയോ വലുതായിരുന്നു.
അതിനുശേഷമാണ് ജെറിയായി അഭിനയിക്കാന്‍ വിളിക്കുന്നത്. സത്യന്‍സാറ് തന്നെ കഥ പറയും. അന്തിക്കാട് വന്ന് കഥ കേള്‍ക്കാന്‍പറ്റുമോ എന്ന ഒരൊറ്റ ചോദ്യം മതിയായിരുന്നു ചാടിപ്പുറപ്പെടാന്‍,’ സംഗീത് പറയുന്നു.

അതുവരെ ഇന്റര്‍വ്യൂകളില്‍മാത്രമേ സത്യന്‍ അന്തിക്കാടിന്റെ കഥപറച്ചിലുകള്‍ കേട്ടിട്ടുള്ളൂവെന്നും അന്നൊക്കെ അത്ഭുതത്തോടെയും ആവേശത്തോടെയും അത് കേട്ടിരുന്നിട്ടുണ്ടെന്നും സംഗീത് പറയുന്നു. അദ്ദേഹത്തിന്റെ നരേഷന്‍ കേട്ടിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയില്ലെന്നും സംഗീത് പറഞ്ഞു. സിനിമാജീവിതത്തിലെ തന്റെ പഴയകാല അനുഭവങ്ങളും ഓര്‍മകളും തമാശകളുമൊക്കെച്ചേര്‍ന്ന ഒരു തിരക്കഥകേള്‍ക്കല്‍ ജീവിതത്തില്‍ ഇന്നുവരെ കേട്ടതില്‍വെച്ച് ഏറ്റവും നല്ല നേരഷനാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില വണ്‍ലൈനുകള്‍ അന്നു കേട്ടപ്പോള്‍ത്തന്നെ ഇത് തിയേറ്ററില്‍ വര്‍ക്കാവും എന്നു തോന്നിയിരുന്നു. അതുപോലെത്തന്നെ സംഭവിച്ചു. പിന്നീട് സെറ്റില്‍വെച്ച് പനിവന്നപ്പോള്‍ ഓടിവന്ന് ജെറീ നമുക്ക് പാക്കപ്പ് ചെയ്യാം എന്ന് പറഞ്ഞതും, എനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞിട്ടുകൂടി ഇവിടെ ആര്‍ക്കും അത്ര അത്യാവശ്യം ഒന്നുമില്ലെന്ന് പറഞ്ഞ് നേരത്തെത്തന്നെ ഷൂട്ട് പാക്ക് ചെയ്തതുമൊക്കെ അത്ഭുതം പോലെയാണ് ഇന്നും ഓര്‍ക്കുന്നത്,’ സംഗീത് പറഞ്ഞു.

Content highlight: Sangeeth prathap  shares his memories of Sathyan Anthikad and the memories on the set of Hridayapoorvam