എഡിറ്ററായി കരിയര്‍ തുടങ്ങിയ സംഗീത് പ്രതാപ്, ഇന്ന് ഒരു നടന്‍ എന്ന നിലയിലും തന്റെ സ്ഥാനം ഇന്‍ഡസ്ട്രിയില്‍ ഉറപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഭിനയമോഹം ഇല്ലാതെ വന്ന സംഗീതിന്റെ കരിയര്‍ പ്രേമലു മുതല്‍ മാറി തുടങ്ങി. ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചും അദ്ദേഹം കൈയ്യടികള്‍ നേടി.
കൊച്ചി, വൈപ്പിനിലാണ് സംഗീത് ജനിച്ചതും വളര്‍ന്നതും. അച്ഛന്‍ പ്രതാപ് സിനിമട്ടോഗ്രാഫര്‍ ജയനന്‍ വിന്‍സന്റിന്റെ അസിസ്റ്റന്റായിരുന്നു. തൂവാനത്തുമ്പികള്‍, രാജാവിന്റെ മകന്‍, ഇന്‍ ഹരിഹര്‍ നഗര്‍ പോലുള്ള സിനിമകളുടെ ഭാഗമായിരുന്നു സംഗീതിന്റെ അച്ഛന്‍.
ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചറായിരുന്ന അമ്മ ആനിയോടും സ്‌കൂള്‍ കുട്ടിയായിരുന്ന തന്നോടും ഷോട്ടുകളെ കുറിച്ചും ക്യാമറ ലെന്‍സിങ്ങിനെ കുറിച്ചുമൊക്കെ അച്ഛന്‍ സംസാരിക്കുമായിരുന്നുവെന്നും സിനിമയിലേക്കില്ല എന്ന് തീരുമാനിച്ചാണ് താന്‍ പഠനത്തില്‍ ശ്രദ്ധിച്ചതെന്നും സംഗീത് പറയുന്നുണ്ട്.
പഠനത്തില്‍ ശ്രദ്ധ കൊടുത്തത് കൊണ്ടുതന്നെ സംഗീത് സിനിമകള്‍ കാണുന്നതും കുറവായിരുന്നു. പക്ഷേ, സിനിമ ഒരു മാജിക് പോലെ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി. തന്റെ അച്ഛന്റെ ഷോര്‍ട് ഫിലിമില്‍ അസിസ്റ്റന്റായായി ആ പത്താം ക്ലാസ്സുകാരന്‍. അതോടെ സിനിമാ സംവിധായകനാകണം എന്ന മോഹം മനസില്‍ കയറിക്കൂടി. അന്ന് മുതല്‍ സിനിമ സ്വപ്നം കണ്ട് തുടങ്ങി.
പിന്നീട് തന്റെ കോഴ്‌സിന്റെ ഭാഗമായി എഡിറ്റിങ് പഠിച്ചു. ഒരു സിനിമയുടെ മുഴുവന്‍ വിഡിയോയില്‍ നിന്ന് എഡിറ്റ് ചെയ്തു ട്രെയ്ലര്‍ ഉണ്ടാക്കുന്ന അസൈന്‍മെന്റ് ചെയ്തു കഴിഞ്ഞതോടെ, സംഗതി കൊള്ളാമല്ലോ എന്ന ചിന്ത അദ്ദേഹത്തിന് ഉണ്ടായി. ആ ത്രില്ലില്‍ എഡിറ്റിങ്ങിലേക്ക് തിരിഞ്ഞു. കല്യാണ വീഡിയോ എഡിറ്റിങ്ങിലൂടെയാണ് കൈ തെളിഞ്ഞത്.
അച്ഛന്റെ സുഹൃത്തായ സംവിധായകന്‍ അനുപ് കണ്ണനാണ് എഡിറ്ററായ ഷെമീര്‍ മുഹമ്മദിനോട് തന്റെ കാര്യം പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.
പിന്നെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമ മുതല്‍ ഷെമീറിന്റെ അസോസിയേറ്റ് എഡിറ്ററായി. രണ്ടു വര്‍ഷം അദ്ദേഹത്തിനൊപ്പം ജോലി ചെയ്തു. ആ വഴിക്ക് സംവിധാനത്തിലേക്ക് കടക്കാമെന്നായിരുന്നു അപ്പോഴും ഉള്ളിലെ മോഹം.
Content highlight: Sangeeth prathap shares his journey to editing, his passion for cinema since becoming an assistant in his father’s short film