പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരരായ നടനും നടിയുമാണ് മമിത ബൈജുവും സംഗീത പ്രതാപും. പ്രേമലുവിലെ അമല്‍ ഡേവിസും റീനുവും തെലുങ്ക് ദേശത്തില്‍ വരെ മമിതക്കും സംഗീതിനും ആരാധകരെ സമ്മാനിച്ചിട്ടുണ്ട്. പ്രേമലു ബ്ലോക്ബസ്റ്റര്‍ ആയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ പ്രേമലു 2 ഉടനുണ്ടാകില്ലെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയുന്നു.
എന്നാല്‍ ഇപ്പോള്‍ മമിതയും സംഗീതും വീണ്ടും ഒന്നിക്കുന്ന വാര്‍ത്തയാണ് സൈബറിടങ്ങളില്‍ നിറയുന്നത്. ഡിനോ പൗലോസ് എന്ന നവാഗത സംവിധായകന്റെ ചിത്രത്തിലാണ് ഇരുവരും എത്തുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, പത്രോസിന്റെ പടപ്പുകള്‍ എന്ന സിനിമയുടെ തിരക്കഥാകൃത്താണ് നടന്‍ കൂടിയായ ഡിനോ പൗലോസ്. തല്ലുമാല, അഞ്ചാം പാതിരാ, കലി, ലവ്, ബ്രോമാന്‍സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാന്റെ ബാനറായ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മിക്കുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഇരുപതാമത്തെ സിനിമയാണിത്.
ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. സര്‍ക്കീട്ട് എന്ന ചിത്രത്തിന് ശേഷം ഗോവിന്ദ് വസന്ത സംഗീതം നല്‍കുന്ന മലയാള ചിത്രമാണിത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ഡിസ്ട്രിബൂഷന്‍ നടത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഖില്‍ ജോര്‍ജാണ്. ചമ്മന്‍ ചാക്കോയാണ് എഡിറ്റിങ്.