ഒപ്പമിറങ്ങിയ ബാക്കി സിനിമകളെക്കുറിച്ച് ആദ്യമേ അറിയാമായിരുന്നു, കഥയറിയാമെന്ന് രാജുവേട്ടന്‍ പറയുന്നതുപോലെയല്ല: സംഗീത് പ്രതാപ്
Malayalam Cinema
ഒപ്പമിറങ്ങിയ ബാക്കി സിനിമകളെക്കുറിച്ച് ആദ്യമേ അറിയാമായിരുന്നു, കഥയറിയാമെന്ന് രാജുവേട്ടന്‍ പറയുന്നതുപോലെയല്ല: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th August 2025, 3:06 pm

ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയനായ നടനാണ് സംഗീത് പ്രതാപ്. എഡിറ്ററായാണ് സംഗീത് സിനിമാലോകത്തേക്ക് വന്നതെങ്കിലും അഭിനയരംഗത്ത് സജീവമാവുകയായിരുന്നു. പ്രേമലുവിലൂടെ കേരളത്തിന് പുറത്തും ചര്‍ച്ചയായ സംഗീതിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വം. മോഹന്‍ലാലിന്റെ ഹോം നേഴ്‌സായ ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്.

ഓണം റിലീസായെത്തിയ ഹൃദയപൂര്‍വത്തോടൊപ്പം രണ്ട് സിനിമകള്‍ കൂടി തിയേറ്ററിലെത്തിയിരുന്നു. നസ്‌ലെന്‍ പ്രധാനവേഷത്തിലെത്തിയ ലോകഃയും അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിരയും. മൂന്ന് സിനിമകളുടെയും റിലീസിന് മുമ്പ് സംഗീത് പ്രതാപ്, അല്‍ത്താഫ്, നസ്‌ലെന്‍ എന്നിവര്‍ പ്രേമലുവില്‍ ഒന്നിച്ച് നില്‍ക്കുന്ന സീനിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ആ സ്‌ക്രീന്‍ഷോട്ട് താന്‍ കണ്ടെന്നും അത് കണ്ട് ഒരുപാട് ചിരിച്ചെന്നും സംഗീത് പ്രതാപ് പറയുന്നു. താനും അല്‍ത്താഫും നസ്‌ലെനുമെല്ലാം സുഹൃത്തുക്കളാണെന്നും മൂന്ന് സിനിമകളെക്കുറിച്ചും ആദ്യം മുതലേ തനിക്ക് അറിയാമായിരുന്നെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംഗീത്.

‘മൂന്ന് പടങ്ങളുടെയും സ്റ്റാര്‍ട്ടിങ് തൊട്ടുള്ള കാര്യങ്ങള്‍ എനിക്കറിയാമായിരുന്നു. എന്നുവെച്ച് രാജുവേട്ടന്‍ പറയുന്നതുപോലെ ഈ സിനിമകളുടെയെല്ലാം കഥയറിയാം എന്നൊന്നുമല്ല. അതിനെക്കുറിച്ച് ഏകദേശധാരണ എനിക്കുണ്ടായിരുന്നു. പ്രേമലുവില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് തന്നെ അല്‍ത്താഫിക്ക ഓടും കുതിര ചാടും കുതിരയെപ്പറ്റി പറഞ്ഞിട്ടുണ്ട്.

അതുപോലെ ലോകയെക്കുറിച്ചും എനിക്ക് ചെറിയൊരു ഐഡിയ കിട്ടി. ചമനാണ് ആ പടത്തിന്റെ എഡിറ്റര്‍. അങ്ങനെ അവന്‍ പറഞ്ഞ് കേട്ടത് വെച്ച് ലോകഃ ഒരു വന്‍ പടമാണെന്ന് മനസിലായി. ട്രെയ്‌ലറും കൂടി കണ്ടപ്പോള്‍ വന്‍ ഹൈയായി. അതില്‍ ഇനിയും കുറേ സര്‍പ്രൈസുണ്ടെന്ന് അറിഞ്ഞു. തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്ന് ആഗ്രഹമുണ്ട്.

ഓടും കുതിര ചാടും കുതിരയുടെ കഥയെന്താണെന്നൊന്നും അറിയില്ല. പക്ഷേ, അതിലെ ഓരോ സീന്‍ അല്‍ത്താഫിക്ക പറയുമ്പോള്‍ അത് കേട്ട് ചിരിക്കാറുണ്ടായിരുന്നു. പുള്ളിയുടെ സ്റ്റൈലിലുള്ള കോമഡി പരിപാടിയുണ്ടല്ലോ. അത് ത്രൂ ഔട്ട് പടത്തിലുണ്ടാകുമെന്ന് ആ സീനൊക്കെ കേട്ടപ്പോള്‍ മനസിലായി,’ സംഗീത് പ്രതാപ് പറഞ്ഞു.

Content Highlight: Sangeeth Prathap about the other movies released in Onam