പിയര്‍ഗ്രൂപ്പ് കംഫര്‍ട്ടില്‍നിന്ന് മാറി സീനിയര്‍ അഭിനേതാക്കളുടെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ തനിക്ക് വലിയ വ്യത്യാസം അനുഭവപ്പെട്ടില്ലെന്ന് നടന്‍ സംഗീത് പ്രതാപ്. ഒരു കംഫര്‍ട്ട് സോണില്‍ നില്‍ക്കുന്നതുപോലുള്ള അനുഭവം തന്നെയായിരുന്നു ഇവിടെ എന്നും സംഗീത് പറഞ്ഞു. ഹൃദയപൂര്‍വ്വമാണ് സംഗീതിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഇത്രയും നാള്‍ ഒരേപോലുള്ള തുടക്കക്കാരുടെ കൂടെയാണ് അഭിനയിച്ചതെന്നും എന്നാല്‍, മോഹന്‍ലാലിനെ പോലുള്ള മുതിര്‍ന്ന അഭിനേതാക്കളുടെ കൂടെ അഭിനയിച്ചപ്പോഴും അതേ അനായാസവും സുഖകരവുമായ അനുഭവമാണ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
ഇവരുടെ പഴയകാല കഥകള്‍ കേള്‍ക്കുക തന്നെയായിരുന്നു സെറ്റിലെ പ്രധാന പരിപാടിയെന്നും അതൊക്കെ പറഞ്ഞ് ചിരിക്കുമ്പോള്‍ നമ്മളെ മാറ്റിനിര്‍ത്താതെ കൂടെ ഇരുത്തുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘പിന്നെ, അഭിനയത്തിലായാലും ഡയലോഗിലായാലും നമ്മുടേതായ നല്ല കൂട്ടിച്ചേര്‍ക്കലുകള്‍ക്കുള്ള ഒരു സ്വാതന്ത്ര്യം കൂടി ലഭിച്ച സെറ്റായിരുന്നു ഹൃദയപൂര്‍വ്വത്തിന്റെത്. ടെയില്‍ എന്‍ഡിലെ സീനില്‍ ലാലേട്ടനെ ചേട്ടാ എന്ന് വിളിക്കുന്ന ഭാഗമുണ്ട്. എന്നാല്‍, ഷൂട്ടിന്റെ സമയത്ത് ചേട്ടാ എന്നതിന് പകരം മനുഷ്യാ എന്ന് വിളിച്ചു.
ആ മാറ്റം നന്നായെന്നും കഥാപാത്രങ്ങള്‍ തമ്മിലുള്ള അടുപ്പത്തെ പ്രതിഫലിപ്പിക്കാന്‍ പാകത്തിനുള്ളതാണ് അതെന്നും പിന്നീട് സംവിധായകന്‍ അഭിനന്ദിച്ചപ്പോള്‍ സമാധാനമായി. സന്തോഷവും തോന്നി,’ സംഗീത് പറയുന്നു.
അതുപോലെ കയ്യില്‍ നിന്നിട്ട് ചെയ്ത പല ഭാവങ്ങളും കുഞ്ഞുകുഞ്ഞ് ഡയലോഗുകളും തമാശകളും സെറ്റില്‍ ഏറെ സ്വീകരിക്കപ്പെട്ടുവെന്നും ഓരോ സീനും വൃത്തിയായി ചെയ്യുമ്പോള്‍ മോണിറ്ററില്‍ സത്യന്‍ അന്തിക്കാട് അത് നോട്ട് ചെയ്ത് മോഹന്‍ലാലിന് കാണിച്ച് കൊടുക്കുമായിരുന്നുവെന്നും സംഗീത് പറഞ്ഞു.
Content highlight: Sangeeth Pratap says he didn’t feel a big difference when he moved away from peer group comfort and worked with senior actors