ഒരു വര്‍ഷം കൊണ്ട് നീ ഫീല്‍ഡ് ഔട്ടാകുമെന്ന് അയാള്‍; ആകാശത്ത് നിന്ന് പാതാളത്തിലേക്ക് പോയതുപോലെയായിരുന്നു: സംഗീത് പ്രതാപ്
Malayalam Cinema
ഒരു വര്‍ഷം കൊണ്ട് നീ ഫീല്‍ഡ് ഔട്ടാകുമെന്ന് അയാള്‍; ആകാശത്ത് നിന്ന് പാതാളത്തിലേക്ക് പോയതുപോലെയായിരുന്നു: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd September 2025, 11:45 am

എഡിറ്ററായി കരിയര്‍ ആരംഭിച്ച് ഇന്ന് നടനെന്ന നിലയിലും മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് സംഗീത് പ്രതാപ്. 2024ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയിലൂടെയാണ് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമലുവിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രമാണ് സംഗീതിന് പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത്.

ഹൃദയം, തുടരും, എന്നീ സിനിമകളിലും അഭിനയിച്ച സംഗീത് ഹൃദയപൂര്‍വ്വം സിനിമയില്‍ മോഹന്‍ലാലിനൊപ്പം ഒരു മുഴുനീളന്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. തനിക്ക് ഭയങ്കര മോശം അനുഭവം ചിലര്‍ തന്നിട്ടുണ്ടെന്ന് പറഞ്ഞാണ് സംഗീത് തുടങ്ങിയത്.

‘എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഒരു ദിവസം സിനിമയുടെ വര്‍ക്ക് സംബന്ധമായ കാര്യത്തിന് ഞാന്‍ ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. പ്രേമലുവിനൊക്കെ ശേഷമാണ്. എന്റെ കൂടെ ഫ്‌ളൈറ്റില്‍ സിനിമയുടെ ഭാഗമായിട്ടുള്ള ആളുകളും യാത്ര ചെയ്യുന്നുണ്ട്. അതിലൊരാള്‍, നമുക്ക് നല്ല ബഹുമാനമുള്ള, എനിക്ക് ഭയങ്കര റെസ്‌പെക്ട്ടുള്ള ഒരാളാണ്.

അദ്ദേഹം എന്റെയടുത്ത് പറഞ്ഞത് ‘നീ എന്തായാലും ഒരു വര്‍ഷത്തിനുള്ളില്‍ ഫീല്‍ഡ് ഔട്ടാകും. അതുകൊണ്ട്, നീ മാക്‌സിമം സിനിമകള്‍ ചെയ്യുക. പൈസയുണ്ടാക്കുക. എറണാകുളത്തൊരു നല്ല ഫ്‌ലാറ്റെടുക്കുക, കാറെടുക്കുക. അതായിരിക്കണം വേണ്ടത്’ എന്ന്. കഴിഞ്ഞ അഞ്ച് വര്‍ഷം പൈസയൊന്നും നോക്കാതെയാണ് പല വര്‍ക്കുകളും ഞാന്‍ ചെയ്യുന്നത്. ആ വര്‍ക്കുപ്പോലും ചെയ്യുന്നത്.

പൈസ നോക്കാതെ, അത്രയും പാഷനേറ്റായി നമ്മള്‍ ജോലി ചെയ്യുന്നു. അപ്പോള്‍ നമ്മളോട് ഒരാള്‍, എവിടെയോ അംഗീകരിക്കപ്പെട്ടത് ഒരു കാര്യവുമുണ്ടാകില്ലെന്ന് പറഞ്ഞപ്പോള്‍, ഞാന്‍ ആ ആകാശത്ത് നിന്ന് തകര്‍ന്ന് പോയി. അന്ന് ഞാന്‍ ആകാശത്ത് നിന്ന് പാതാളത്തിലേക്ക് പോയി. ആ അവസ്ഥയായിരുന്നു,’ സംഗീത് പ്രതാപ് പറയുന്നു.

Content Highlight: Sangeeth parathap about an  experience as an artist