ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത വീണ്ടും മലയാളത്തിലേക്ക്; ചാവേറിലെ പോസ്റ്റര്‍ പുറത്ത്
Film News
ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത വീണ്ടും മലയാളത്തിലേക്ക്; ചാവേറിലെ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th September 2023, 6:22 pm

ചാവേറിലെ സംഗീത മാധവന്റെ പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ ടിനു പാപ്പച്ചനുള്‍പ്പടെ ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. ദേവി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സംഗീത എത്തുന്നത്.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഗീത വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. 2014ല്‍ പുറത്ത് വന്ന നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അവര്‍ അഭിനയിച്ചത്. ശ്രീനിവാസന്‍ നായകനായ ചിത്രത്തിന് അദ്ദേഹം തന്നെയാണ് തിരക്കഥ രചിച്ചതും.

90കളില്‍ തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന സംഗീത രണ്ടായിരങ്ങളുടെ അവസാനത്തോടെ കരിയരില്‍ നിന്നും വിട്ടുനിന്നിരുന്നു. പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണര്‍ത്തുന്ന ഒരു ചിത്രത്തിലൂടെ അവര്‍ വീണ്ടും എത്തുന്നത് സിനിമാ പ്രേമികള്‍ക്ക് ആകാംക്ഷയുയര്‍ത്തുകയാണ്.

കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ആന്റണി വര്‍ഗീസ് പെപ്പെ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചാവേര്‍ നിര്‍മിക്കുന്നത്.

Content Highlight: Sangeeta Madhavan poster of Chaveer is out