അമല്‍ ഡേവിസും സച്ചിനും പോലെ ആയിരിക്കില്ല അവര്‍, പ്രേമലു പോലെ ഒരു പരിപാടിയല്ല; മോളിവുഡ് ടൈംസിനെ കുറിച്ച് സംഗീത് പ്രതാപ്
Movie Day
അമല്‍ ഡേവിസും സച്ചിനും പോലെ ആയിരിക്കില്ല അവര്‍, പ്രേമലു പോലെ ഒരു പരിപാടിയല്ല; മോളിവുഡ് ടൈംസിനെ കുറിച്ച് സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th May 2026, 11:07 am

‘പ്രേമലു’ എന്ന ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം നസ്‌ലെനും സംഗീത് പ്രതാപും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കിക്കാണുന്നത്.

പ്രേമലുവിലെ ‘സച്ചിന്‍-അമല്‍ ഡേവിസ്’ കൂട്ടുകെട്ട് തിയേറ്ററുകളില്‍ സൃഷ്ടിച്ച ചിരിപൂരവും ഓളവും മോളിവുഡ് ടൈംസിലും ആവര്‍ത്തിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ തങ്ങളുടെ കോമ്പോയെ കുറിച്ച് സംഗീതിന് പറയാനുള്ളത് മറ്റൊന്നാണ്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്.

പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ച കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ എത്രത്തോളം എക്‌സൈറ്റഡ് ആയിരുന്നു എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

അഭിനവ് സുന്ദര്‍ നായക് Photo: M Power by Madhavan

‘അഭിച്ചേട്ടന്‍ (അഭിനവ് സുന്ദര്‍ നായക്) എന്നെ വിളിച്ചിട്ട് ആദ്യം പറഞ്ഞത് തന്നെ ‘എടാ, ഇത് പ്രേമലു പോലെ ഒരു പരിപാടി അല്ല’ എന്നാണ്. വ്യക്തിപരമായി ഞങ്ങള്‍ക്കും അത് തന്നെയാണ് ആഗ്രഹം. അടുത്തൊരു സിനിമ ഒരുമിച്ച് ചെയ്യുമ്പോള്‍ അത് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കണം എന്ന് വിചാരിച്ചിരുന്നു. ഈ പ്രോജക്റ്റിലേക്ക് എന്നെ ആകര്‍ഷിച്ചതും എക്‌സൈറ്റഡ് ആക്കിയതും രണ്ട് പ്രധാന ഘടകങ്ങളാണ്.ഒന്ന് അതില്‍ നസ്ലെന്‍ ഉണ്ട് എന്നത്, രണ്ട് അത് സംവിധാനം ചെയ്യുന്നത് അഭിനവ് ആണ് എന്നത്.’

ഏകദേശം ഒരു വര്‍ഷം മുമ്പ്, സിനിമയുടെ തിരക്കഥാ രചന നടക്കുന്ന സമയത്താണ് സംവിധായകന്‍ തന്നോട് ഈ കഥ പറയുന്നതെന്നും വലിയ ആവേശത്തോടെയാണ് താന്‍ ഈ ചിത്രത്തിലേക്ക് എത്തിയതെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു.

പ്രേമലുവിലെപ്പോലെ ഒരു ഫണ്‍ കോമ്പോ ആണോ ഇതിലും പ്രതീക്ഷിക്കേണ്ടത് എന്ന ചോദ്യത്തിന്, കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നായിരുന്നു സംഗീതിന്റെ മറുപടി.

‘സത്യം പറഞ്ഞാല്‍ അമല്‍ ഡേവിസും സച്ചിനും പോലെ ആയിരിക്കില്ല ഈ കഥാപാത്രങ്ങള്‍ എന്ന് മാത്രമേ ഇപ്പോള്‍ ഞങ്ങള്‍ക്ക് റിവീല്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ, വേറൊരു രീതിയിലുള്ള ആത്മബന്ധമായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ തമ്മില്‍ ഉണ്ടാകുക.’ താരം പറഞ്ഞു.

പ്രേമലു Photo: X.com

ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന നടന്‍ ഷറഫുദ്ദീനും മോളിവുഡ് ടൈംസിനെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പങ്കുവെച്ചത്. നസ്‌ലെനെയും സംഗീതിനെയും തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലേതെന്ന് ഷറഫുദ്ദീന്‍ പറഞ്ഞു.

‘നസ്‌ലെന്റെ ഇതുവരെ കാണാത്ത വേറൊരു രീതിയിലുള്ള വര്‍ക്ക് തന്നെയായിരിക്കും മോളിവുഡ് ടൈംസ്. സംവിധായകന്‍ അഭിനവിന്റെ തികച്ചും വേറിട്ടൊരു ഔട്ടിങ് കൂടിയാവും ഈ ചിത്രം. ഞാനും നസ്‌ലെനും ഒന്നിച്ച് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണിത്. ഈ തലമുറയിലെ ഏറ്റവും ഇന്ററസ്റ്റിങ് ആയൊരു നടനാണ് നസ്ലെന്‍. അവന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എന്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ നേരം സ്‌ക്രീനില്‍ കണ്ടിരിക്കുന്ന ആളുകൂടിയാണ് അവന്‍,’ ഷറഫുദ്ദീന്‍ പറഞ്ഞു.

പ്രേമലു നല്‍കിയ വമ്പന്‍ വിജയത്തിന് ശേഷം നസ്‌ലെന്‍-സംഗീത് കോമ്പോ തിരികെ വരുമ്പോള്‍ തികച്ചും പുതുമയുള്ള പ്രകടനവുമായിരിക്കും മോളിവുഡ് ടൈംസ് സമ്മാനിക്കുക എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.

Content Highlight: Sangeet Prathap about Mollywood times movie and Amal devis Sachin Combo